ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ സ്റ്റാർട്ടപ്പായി മാറാൻ ‘ഓപ്പൺ’. ഓഹരി വിപണിയുടെ ഭാഗമാകാത്ത, 100 കോടി ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണു യൂണികോൺ ആയി കണക്കാക്കുന്നത്. യുഎസ്ടി, ഐബിഎസ്, ജോയ്ആലുക്കാസ് തുടങ്ങിയ കേരള കമ്പനികൾ യൂണികോൺ പദവി നേടിയിട്ടുണ്ടെങ്കിലും യൂണികോൺ സ്റ്റാർട്ടപ് ആദ്യമാണ്. പ്രമുഖ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടായ ടിവിസ് കാപ്പിറ്റൽ ഫണ്ട് നയിക്കുന്ന പുതിയ റൗണ്ട് നിക്ഷേപത്തോടെയാണ് ‘ഓപ്പൺ’ ഈ പദവിയിലേക്ക് എത്തുന്നത്. 

നിലവിൽ 3,500 കോടി മൂല്യമുള്ള കമ്പനി പുതിയ നിക്ഷേപത്തോടെ 7,500 കോടി രൂപ മൂല്യത്തിലേക്ക് ഉയരും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. രാജ്യത്താകെ എൺപതോളം യൂണികോൺ സ്റ്റാർട്ടപുകളാണുള്ളത്. പെരിന്തൽമണ്ണയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഓപ്പണിന്റെ കോർപറേറ്റ് ഓഫിസ് ബെംഗളൂരുവിലാണ്. ഗൂഗിൾ, സിംഗപ്പൂർ സർക്കാരിനു കീഴിലുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക് ഹോൾഡിങ്സ് എന്നിവയും ഓപ്പണിലെ നിക്ഷേപകരാണ്.രാജ്യത്തെ ആദ്യ ഡിജിറ്റൽ നിയോബാങ്കിങ് സ്റ്റാർട്ടപ്പാണ് 'ഓപ്പൺ'. ബാങ്കിങ് ലൈസൻസ് ഇല്ലാത്ത ഒരു കമ്പനി മറ്റൊരു ലൈസൻസ്ഡ് ബാങ്കുമായി ചേർന്ന് ഉപയോക്താവിന് അധിക ഫീച്ചറുകൾ ഉൾപ്പെടുത്തിയ സേവനം നൽകുന്നതിനെയാണ് നിയോ ബാങ്ക് എന്നു വിളിക്കുന്നത്. 

ദമ്പതികളായ പെരിന്തൽമണ്ണ സ്വദേശി അനീഷ് അച്യുതനും തിരുവല്ലയിൽ കുടുംബവേരുകളുള്ള മേബൽ ചാക്കോയും ചേർന്നാണ് 2017ൽ ഓപ്പൺ സ്ഥാപിച്ചത്. അനീഷിന്റെ സഹോദരൻ അജീഷ് അച്യുതനും ദീന ജേക്കബും സ്ഥാപക ടീമിലുണ്ട്.പഠിച്ചുകൊണ്ടിരുന്ന കാലത്ത് മലയാള മനോരമ ദിനപത്രത്തിൽ ഹോട്ട്‍മെയിൽ സ്ഥാപകനായ സബീർ ഭാട്യയുടെ ജീവിതകഥ വായിച്ചതാണ് അനീഷിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായത്. 'അച്ഛൻ ചെയ്ത ഏറ്റവും വലിയ നല്ല കാര്യം ചെറുപ്പം മുതലേ ഞങ്ങളെ പത്രം വായിക്കാൻ ശീലിപ്പിച്ചു എന്നതാണ്'-അനീഷ് പറയുന്നു.

യൂണികോൺ

ഗ്രീക്ക് പുരാണങ്ങളിൽ കഥാപാത്രമാകുന്ന ഒറ്റക്കൊമ്പുള്ള, കുതിരയെപ്പോലുള്ള ജീവിയാണു യൂണികോൺ. തൂവെള്ള നിറത്തിലുള്ള യൂണികോണിനെ സ്പർശിച്ചാൽ പ്രശ്നങ്ങളും സങ്കടങ്ങളുമെല്ലാം മാറും എന്നാണു ഗ്രീക്കുകാരുടെ വിശ്വാസം. 2013ൽ യുഎസിലെ വെഞ്ച്വർ കാപ്പിറ്റലിസ്റ്റായ അയ്‌ലീൻ ലീയാണ് ഓഹരി വിപണിയുടെ ഭാഗമാകാത്ത, 100 കോടി ഡോളറിലും കൂടുതൽ മൂല്യമുള്ള സ്വകാര്യ കമ്പനികളെ യൂണികോൺ എന്നു വിശേഷിപ്പിച്ചത്. 1000 കോടി ഡോളർ കടന്നാൽ കമ്പനികളെ ഡെക്കാകോൺ എന്നു വിളിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com