ADVERTISEMENT

കണ്ണൂർ∙ ഓഹരിയുടെ രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനുമുള്ള ‘ഗോൾഡ് സ്പോട്ട് എക്സ്ചേഞ്ചി’ന്റെ രൂപരേഖ സംബന്ധിച്ച സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) . മാർഗനിർദേശം പുറത്തിറക്കി. ഇലക്ട്രോണിക് ഗോൾഡ് റസീറ്റ് (ഇജിആർ) രൂപത്തിലാണ് സ്വർണ എക്സ്ചേഞ്ചിലെ വ്യാപാരം. ഇതിനു താൽപര്യമുള്ള എക്സ്ചേഞ്ചുകൾ ഉടൻ തന്നെ അംഗീകാരത്തിനായി അപേക്ഷിക്കണമെന്ന് സെബി അറിയിച്ചു. ഇജിആർ വ്യാപാരം ആരംഭിക്കുന്നതിനായി എക്സ്ചേഞ്ചുകൾ നിലവിലുള്ള നിയമാവലിയും നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യണമെന്നും സെബി നിർദേശിച്ചു.

ഇതു സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾക്കു നൽകണം, വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇജിആർ വ്യാപാരം ആരംഭിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ സ്ഥിതി സെബിയെ അപ്പപ്പോൾ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇജിആർ വ്യാപാരം മൂന്നു ഘട്ടമായാണ്– ഇജിആർ തയാറാക്കൽ, എക്സ്ചേഞ്ചിൽ ഇവയുടെ വ്യാപാരം, ഇജിആറിനെ യഥാർഥ സ്വർണമാക്കി മാറ്റൽ. ഇജിആർ സെക്യൂരിറ്റീസ് വിഭാഗത്തിലായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും റസീറ്റ് കൈമാറി യഥാർഥ സ്വർണമായി മാറ്റിയെടുക്കാൻ കഴിയും. 

വോൾട്ട് മാനേജർമാർ, ക്ലിയറിങ് കോർപറേഷൻ, ഡിപ്പോസിറ്ററി എക്സ്ചേഞ്ചുകൾ തുടങ്ങിയ ഇടനിലക്കാർ വഴിയാണ് വ്യാപാരം നടക്കുക. 50 കോടി ആസ്തിയുള്ള സ്ഥാപനങ്ങൾക്ക് റജിസ്റ്റേഡ് വോൾട്ട് മാനേജരാകാൻ അപേക്ഷിക്കാം. യഥാർഥ സ്വർണത്തെ ഇജിആർ ആക്കാൻ വോൾട്ട് മാനേജർമാരെ സമീപിക്കാം. വോൾട്ട് മാനേജർ സ്വർണം ഇജിആർ ആക്കി രാജ്യാന്തര സെക്യൂരിറ്റി ഐഡന്റിഫിക്കേഷൻ നമ്പർ നൽകും. തുടർന്ന് നിലവിലെ എക്സ്ചേഞ്ചുകളിലൂടെ വ്യാപാരം നടത്താം. ഇജിആർ യഥാർഥ സ്വർണമാക്കി മാറ്റുന്നതും മാനേജർമാർ വഴിയാണ്. 

എല്ലാ ഇടപാടുകളും സെബിയുടെ നിയന്ത്രണത്തിലായിരിക്കും. നിലവിൽ എംസിഎക്സ് അടക്കമുള്ള കമോഡിറ്റി എക്സ്ചേഞ്ചുകളിൽ ഡെറിവേറ്റീവുകളായാണ് സ്വർണ വ്യാപാരം. ഇത് കാലാവധി എത്തുന്ന സമയത്തു മാത്രമാണ് ഡെലിവറി സാധ്യമാകുക. താൽപര്യമുള്ളിടത്തോളം കാലം നിക്ഷേപകനു ഇജിആർ സൂക്ഷിക്കാൻ കഴിയുമെന്നതും ഗോൾഡ് എക്സ്ചേഞ്ച് വഴിയുള്ള നിക്ഷേപത്തിലെ പ്രത്യേകതയാണ്. സെബി പോലുള്ള നിയന്ത്രണ ഏജൻസി വരുന്നത് രാജ്യത്തെ സ്വർണ വിലയും ഗുണനിലവാരവും ഏകീകരിക്കപ്പെടാൻ സഹായിക്കും. സുതാര്യവും നിയമാനുസൃതവുമായ സ്വർണവ്യാപാരമാണ് ഗോൾഡ് എക്സ്ചേഞ്ച് ഉറപ്പുവരുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com