ADVERTISEMENT

ജപ്പാൻ ബന്ധമുള്ള 100 സിസി ബൈക്കുകൾ നിറയുംമുൻപ് നമ്മുടെ നിരത്തുകളെ തീപിടിപ്പിച്ചിരുന്ന യെസ്ഡി മടങ്ങിവരുന്നു. പുതിയ യെസ്ഡിയുടെ രൂപം 13നു കാണാം. മഹീന്ദ്ര ഗ്രൂപ്പും അനുപം ഥറേജ, ബോമൻ ഇറാനി എന്നീ സംരംഭകരും ചേർന്നു രൂപം നൽകിയ ‘ക്ലാസിക് ലെജൻഡ്സ്’ ആണ് ക്ലാസിക് ബൈക്ക് ബ്രാ‍ൻഡ് ആയ ‘ജാവ’യ്ക്കു ശേഷം യെസ്ഡിയും വിപണിയിലെത്തിക്കുന്നത്. ചരിത്രപാതയിൽ, ജാവയുടെ പിൻഗാമി ആയിരുന്നു യെസ്ഡി. എന്നാൽ രണ്ടാം വരവിൽ ജാവയും യെസ്ഡിയും ഒരേ സമയം ഒരേ ഷോറൂമിൽ വിൽപനയ്ക്കുണ്ടാകും. 

ജാവ ഇന്ത്യയിൽ പുനരവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾത്തന്നെ യെസ്ഡിയുടെ ആസൂത്രണവും തുടങ്ങിയിരുന്നെന്നും രണ്ടും തമ്മിൽ കൃത്യമായ വ്യത്യസ്തത അടിസ്ഥാന ഡിസൈൻ മുതൽ ഉണ്ടെന്നും ക്ലാസിക് ലെജൻഡ്സ് സഹസ്ഥാപകനും ഡയറക്ടറുമായ അനുപം ഥറേജ ‘മനോരമ’യോടു പറഞ്ഞു. ചെക്കൊസ്ലോവാക്യൻ മോട്ടർ സൈക്കിൾ ‘ജാവ’ 1961 മുതൽ ഇന്ത്യയിൽ വിറ്റിരുന്ന ഐഡിയൽ ജാവ ലിമിറ്റഡ്, 1973ൽ ബൈക്കുകളുടെ പേര് യെസ്ഡി എന്നു മാറ്റുകയായിരുന്നു. 

വിവിധ എൻജിൻ ശേഷികളിൽ യെസ്ഡി ധാരാളം മോഡലുകൾ വിപണിയിലെത്തിച്ചു. ഇരട്ട എക്സോസ്റ്റ് പൈപ്പ് പോലെ പല ഡിസൈൻ ഘടകങ്ങളും ‘റഫ് ആൻഡ് ടഫ്’ സ്വഭാവവും യെസ്ഡി ബൈക്കുകളെ യുവാക്കളുടെ ഹരമാക്കി. മൈസൂരുവിലായിരുന്നു ഫാക്ടറി. 250 സിസി റോഡ്കിങ് മോഡൽ നിത്യോപയോഗത്തിലും റാലികളിലുമൊക്കെ രാജാവായി വാണു. 1996ൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ റോഡ്കിങ് ഉൽപാദനം നിലച്ചെങ്കിലും ആരാധകർ ഉപയോഗിക്കുന്നുണ്ട്.

ഇപ്പോൾ ജാവ പേരക് ബൈക്കുകളിലുപയോഗിക്കുന്ന 334 സിസി എൻജിൻ തന്നെ പരിഷ്കരിച്ചാണ് യെസ്ഡിയിൽ ഉപയോഗിക്കുക. ക്രൂസർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ വിഭാഗങ്ങളിൽ യെസ്ഡി എത്തും. തുടക്കത്തിൽ എത്ര മോഡലുകളെന്ന് 13ന് അറിയാം. കേരളം യെസ്ഡി ബൈക്കുകളുടെ പ്രിയ വിപണിയാകുമെന്ന് അനുപം ഥറേജ പറഞ്ഞു. സംസ്ഥാനത്തെ ഡീലർഷിപ്പുകളുടെ എണ്ണം 13ൽനിന്ന് ഇക്കൊല്ലം 20 ആക്കി ഉയർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com