ആഭരണങ്ങൾ വാങ്ങിയ ഉപയോക്താക്കൾക്ക് ജിഎസ്ടി വകുപ്പിന്റെ സമൻസ്

gold-chains
SHARE

കണ്ണൂർ∙ ജ്വല്ലറികളിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് സമൻസ് അയച്ച് സംസ്ഥാന ജിഎസ്ടി വകുപ്പ്. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കളോട് ബില്ലുമായി ഹാജരാകണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നോട്ടിസ് അയച്ചു തുടങ്ങി. എറണാകുളം പെരുമാനൂരിലെ ജിഎസ്ടി ഓഫിസിൽ 19 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് 20 ഉപയോക്താക്കൾക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ബില്ലും, തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് 174, 175, 193, 228 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും സമൻസിൽ വ്യക്തമാക്കുന്നു.

വകുപ്പിന്റെ നടപടി സ്വർണവ്യാപാരമേഖലയെ തകർക്കാനാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. 2019 ജനുവരി മുതൽ 2020 മാർച്ച് വരെ വാങ്ങിയ സ്വർണാഭരണങ്ങളെ സംബന്ധിക്കുന്ന രേഖകൾ ഹാജരാക്കാനാണ് സ്ക്വാഡ്–5 ലെ സ്റ്റേറ്റ് ടാക്സ് ഓഫിസർ അയച്ച നോട്ടിസിൽ ആവശ്യപ്പെടുന്നത്. അതേസമയം ജ്വല്ലറികളുടെ പ്രത്യേക സ്കീമുകളിലൂടെ ആഭരണങ്ങൾ വാങ്ങിയ ഇടപാടിൽ സംശയം തോന്നിയതിനാൽ ബില്ലുകൾ ഹാജരാക്കാൻ റാൻഡമായി ചില ഉപയോക്താക്കളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ശിക്ഷാനടപടികളൊന്നുമുണ്ടാകില്ലെന്നും ജിഎസ്ടി ഇന്റലിജൻസ് അധികൃതർ വ്യക്തമാക്കി.

എ.സി.രമേശ്, ഡപ്യൂട്ടി കമ്മിഷണർ, ജിഎസ്ടി ഇന്റലിജൻസ്

‘‘ജ്വല്ലറികളുടെ പ്രത്യേക സ്കീമുകൾ വഴി സ്വർണം വാങ്ങിയ 20 ഉപയോക്താക്കൾക്കാണ് നോട്ടിസ് അയച്ചത്. ഇത്തരം സ്പെഷൽ സ്കീമുകളുടെ പേരിൽ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള നടപടിക്രമം മാത്രമാണിത്.  നോട്ടിസ് ലഭിച്ചവരിൽ 7 പേർ ബില്ല് ഇ–മെയിൽ വഴി അയച്ചു തന്നു. ഏതാനും ബില്ലുകളിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടു. ഉപയോക്താക്കൾക്കെതിരെ നടപടിയുണ്ടാകില്ല. ബില്ല് അയച്ചുകൊടുക്കുകയോ പർച്ചേസ് വിവരങ്ങൾ സ്റ്റേറ്റ് ടാക്സ് ഓഫിസറെ അറിയിക്കുകയോ മതി. നേരിട്ടു ഹാജരാകണമെന്നില്ല.’’ 

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

‘‘ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത സെക്‌ഷനുകൾ ആണ് ജിഎസ്ടി ഉദ്യോഗസ്ഥർ ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെ കൂടി ഭീഷണിപ്പെടുത്തി സ്വർണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് അസോസിയേഷൻ പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ഇത്തരം നോട്ടിസുകൾ അയയ്ക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സമൻസ് അയയ്ക്കുന്നത് നിർത്തിവെയ്ക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS