ഓഹരി വിപണിക്ക് എൽഐസിയുടെ ബൂസ്റ്റർ ഡോസ്

lic
SHARE

കൊച്ചി ∙ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഓഹരികളുടെ ആദ്യ പൊതുവിൽപന (ഐപിഒ) രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ മൂന്നു കോടിയുടെയെങ്കിലും വർധനയ്ക്കു സഹായകമാകുമെന്ന് അനുമാനം. ഐപിഒ നടപടികൾ പൂർത്തിയാകുന്നതോടെ ഓഹരി നിക്ഷേപകരുടെ എണ്ണം 10 കോടി കവിയും. എൽഐസിയുടെ 32 കോടിയോളം പോളിസി ഉടമകളിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ ഓഹരി നിക്ഷേപമുള്ളവരല്ല. ഐപിഒ യിലൂടെ പുറപ്പെടുവിക്കുന്ന ഓഹരികളിൽ നിശ്ചിത ശതമാനം പോളിസി ഉടമകൾക്കു സംവരണം ചെയ്യാനുള്ള തീരുമാനം ഇവരിൽ 10 ശതമാനത്തെയെങ്കിലും ഓഹരി സംസ്കാരത്തിലേക്ക് ആകർഷിക്കുമെന്നു കണക്കാക്കുന്നു.

ഓഹരി നിക്ഷേപത്തിന് ആവശ്യമായ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാൻ പോളിസി ഉടമകളോട് എസ്എംഎസ് വഴിയും മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും എൽഐസി നിരന്തരം അഭ്യർഥിച്ചുവരികയാണ്. അതിനു കനത്ത പ്രതികരണമാണു ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 31വരെയുള്ള കണക്കനുസരിച്ചു രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 7.31 കോടി മാത്രമാണ്.  ഇന്ത്യൻ മൂലധന വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവിനാണ് എൽഐസി തയാറെടുക്കുന്നത്. ഏതാനും ആഴ്ചകൾക്കകം ഇഷ്യു ആരംഭിക്കാൻ ലക്ഷ്യമിട്ടാണു തയാറെടുപ്പുകൾ. 

ഒരു ലക്ഷം കോടിയോളം രൂപയാണ് ഇഷ്യുവിന്റെ വലുപ്പമെന്ന് അനുമാനിക്കുന്നു. 10 ശതമാനത്തോളമായിരിക്കും പോളിസി ഉടമകൾക്കു നീക്കിവയ്‌ക്കുന്ന വിഹിതം. അതായത്, 10,000 കോടിയോളം രൂപയുടെ ഓഹരികൾക്കു പോളിസി ഉടമകളായിരിക്കും അവകാശികൾ. പോളിസി ഉടമകളിലേക്ക് ഓഹരി സംസ്‌കാരം വ്യാപിക്കുന്നതു വിപണിയുടെ വികാസത്തിനും വ്യാപാരത്തോതിലെ വർധനയ്‌ക്കും വലിയ തോതിലാകും ശക്തി പകരുക. കാരണം ഇവരെല്ലാം ചില്ലറ നിക്ഷേപകരുടെ ഗണത്തിൽ പെടും. 

ഇപ്പോൾത്തന്നെ സ്റ്റോക് എക്സ്ചേഞ്ചുകളിലെ കാഷ് ട്രേഡിങ് വിഭാഗത്തിൽ 50 ശതമാനവും ചില്ലറ നിക്ഷേപകരുടേതാണ്. കോവിഡിന്റെ പേരിലുള്ള അടച്ചിടൽ കാലത്താണ് ഇവരിൽ നല്ല പങ്കും ഓഹരി സംസ്കാരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. ഇക്കൂട്ടരിൽ വലിയ പങ്കും യുവതലമുറയിൽപ്പെട്ടവരാണെന്ന പ്രത്യേകതയുമുണ്ട്. എൽഐസിയുടെ ഓഹരികൾ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എന്നു മുമ്പ് അറിയപ്പെട്ടിരുന്ന ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. അതോടെ രാജ്യത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ മുൻനിരയിൽത്തന്നെ എൽഐസി സ്ഥാനം നേടും.

English Summary: Life insurance corporation of india, IPO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA