ADVERTISEMENT

ന്യൂഡൽഹി∙ യുഎസിലെ 5ജി സാങ്കേതികവിദ്യ ഉയർത്തുന്ന ആശങ്കയിലാണ് രാജ്യാന്തര വ്യോമയാന മേഖല. വിമാനത്താവളങ്ങൾക്ക് സമീപമുള്ള 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ കൂടിക്കലരുന്നത് ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കാമെന്നാണ് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ)  മുന്നറിയിപ്പ്. ഇക്കാരണത്താൽ എയർ ഇന്ത്യ അടക്കം മിക്ക രാജ്യാന്തര വിമാനക്കമ്പനികളും യുഎസിലെ പല വിമാനത്താവളങ്ങളിലേക്കുമുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. പ്രശ്നം ഗുരുതരമായതോടെ 5ജി നടപ്പാക്കുന്നത് ഭാഗികമായി വൈകിപ്പിക്കാൻ യുഎസ് ടെലികോം കമ്പനികളായ എ.ടി ആൻഡ് ടി, വെറൈസൺ എന്നിവ തീരുമാനിച്ചു. കമ്പനികളുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് പ്രശംസിച്ചു. 

നിലവിൽ ഡാലസ്, സാൻ ഫ്രാൻസിസ്കോ അടക്കം 50 വിമാനത്താവളങ്ങളിൽ 5ജി തരംഗങ്ങൾ ലഭിക്കാത്ത തരത്തിൽ ബഫർ സോണുകൾ ക്രമീകരിച്ചിരിക്കുകയാണ്. വടക്കൻ അമേരിക്കയിലേക്കുള്ള 8 വിമാനസർവീസുകളാണ് എയർ ഇന്ത്യ നിർത്തിവച്ചത്. ഡൽഹിയിൽ നിന്ന് ന്യൂയോർക്, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ, നെവാർക് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് നിർത്തിവച്ചത്. പ്രതിസന്ധി പരിഹരിക്കാൻ വേണ്ടതു ചെയ്യുന്നുണ്ടെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) മേധാവി അരുൺ കുമാർ പറഞ്ഞു. 

എന്താണ് പ്രശ്നം

യുഎസിൽ 5ജി സാങ്കേതിവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള റേഡിയോ ഓൾട്ടിമീറ്ററിലെ തരംഗങ്ങളും വിമാനത്താവളങ്ങളുടെ സമീപത്തുള്ള 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും കൂടിക്കലരുമെന്ന ആശങ്ക എഫ്എഎ അടക്കം പങ്കുവച്ചതോടെയാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചത്. 3.7 മുതൽ 3.8 ഗിഗാഹെർട്സ് ഫ്രീക്വൻസിയിലാണ് യുഎസിലെ സി–ബാൻഡ് 5ജി ശൃംഖല വരുന്നത്. പല ഓൾട്ടിമീറ്ററുകളുടെയും ഫ്രീക്വൻസി 4.2 മുതൽ 4.4 ഗിഗാഹെർട്സ് വരെയാണ്.

flight-saudi

അടുത്തടുത്ത ഫ്രീക്വൻസിയായതിനാൽ ലാൻഡ് ചെയ്യുന്ന സമയത്ത് ഇവ കൂടിക്കലരാമെന്നാണ് ആശങ്ക. ഇങ്ങനെ വന്നാൽ ഉയരം കണക്കാക്കുന്നതിൽ പിഴവ് വരികയും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട്.വിമാനത്തിൽ നിന്ന് ഭൂമിയിലേക്ക് അയയ്ക്കുന്ന തരംഗങ്ങൾ തിരികെ വരാനുള്ള സമയം വിലയിരുത്തിയാണ് ഓൾട്ടിമീറ്റർ ഉയരം കണ്ടെത്തുന്നത്. വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്. നിലവിൽ 5ജി തരംഗങ്ങൾക്കിടയിലും പ്രവർത്തിക്കാൻ കഴിയുന്ന ഓൾട്ടിമീറ്ററുകൾ ഏതൊക്കെയെന്ന് കണ്ടെത്തുകയാണ് എഫ്എഎ.

മറ്റിടങ്ങളിൽ പ്രശ്നമില്ല

5ജി നടപ്പാക്കിയ മറ്റ് രാജ്യങ്ങളിൽ ഫ്രീക്വൻസിയുടെ വ്യത്യാസം മൂലം കാര്യമായ പ്രശ്നങ്ങളില്ല. യുഎസിനെ അപേക്ഷിച്ച് കുറഞ്ഞ ഫ്രീക്വൻസിയിലാണ് യൂറോപ്യൻ യൂണിയനിൽ 5ജി പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ 5ജി പരീക്ഷണം നടക്കുന്നത് 3.5 ഗിഗാഹെർട്സ് ഫ്രീക്വൻസിയിലാണ്.

ഫ്രീക്വൻസിക്കു പുറമേ ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് രണ്ടര മടങ്ങ് ഉയർന്ന പവറിലാണ് യുഎസിലെ 5ജി ടവറുകൾ പ്രവർത്തിക്കുന്നത്. ഫ്രാൻസിൽ വിമാനത്താവളങ്ങൾക്കു സമീപമുള്ള 5ജി ടവറുകളിലെ ആന്റിന താഴേക്കു ചരിച്ചുവയ്ക്കണമെന്നും നിബന്ധനയുണ്ട്. 

ഇത് യുഎസിൽ ഇല്ല. 5ജി തരംഗങ്ങളില്ലാത്ത ബഫർ സോണുകൾ യുഎസിലെ പല വിമാനത്താവളങ്ങളിൽ നടപ്പാക്കിയെങ്കിലും യാത്രയുടെ അവസാന 20 സെക്കൻഡിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ എന്ന് എഫ്എഎ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിൽ ബഫർ സോണുകൾ വലുതായതിനാൽ അവസാന 96 സെക്കൻഡിലും ഇതിന്റെ ഗുണം ലഭിക്കും.

English Summary: 5G Rollout In US Throws Airlines Across World Into Turmoil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com