ആലപ്പുഴ ∙ ചകിരിക്കു പുറമേ, കയറും തമിഴ്നാട്ടിൽനിന്ന്. തമിഴ്നാട് കയർ വൻതോതിൽ എത്താൻ തുടങ്ങിയതോടെ സംസ്ഥാനത്തെ കയർ മേഖല പ്രതിസന്ധിയിലായി. കർണാടകയിൽ നിന്നും കയർ എത്തുന്നുണ്ട്. കയർഫെഡ് നൽകുന്നതിനെക്കാൾ വില കുറച്ചാണ് തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും കയർ നൽകുന്നത്. ഓണത്തിനു ശേഷം കയർഫെഡ് കയർ നൽകിയിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. അതേസമയം, വേണ്ടത്ര കയർ പറയുന്ന സമയത്ത് എത്തിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ ഉൽപാദകർ തയാറാണെന്ന് കയർ സംഘം ചുമതലക്കാരും വ്യവസായികളും പറയുന്നു.
കയർഫെഡ് ഒരു കിലോഗ്രാം കയർ 48–52 രൂപയ്ക്കാണു നൽകുന്നത്. എന്നാൽ, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കയർ 34–38 രൂപയ്ക്ക് ഇവിടെ എത്തിക്കും. ടൺ കണക്കിനു കയർ വായ്പയായും കിട്ടും. പരമ്പരാഗത കയർത്തൊഴിലാളികളുടെ വരുമാന നഷ്ടവും വ്യവസായത്തിന്റെ മുരടിപ്പും പരിഹരിക്കാൻ കഴിഞ്ഞ വർഷം സർക്കാർ കയർ വ്യവസായ പുനഃസംഘടനാ പാക്കേജ് നടപ്പാക്കിയിരുന്നു.
വളരെ വേഗം തൊണ്ടു തല്ലാനും ചകിരി പിരിക്കാനുമുള്ള ഓട്ടമാറ്റിക് യന്ത്രങ്ങൾ സംഘങ്ങൾക്കു സൗജന്യമായി നൽകി. 1,450 കോടി രൂപയുടെ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ആവശ്യത്തിനു തൊണ്ട് ലഭിക്കാതെ ചകിരി, കയർ ഉൽപാദനം ഏതാണ്ടു നിലച്ചു. തമിഴ്നാട്ടിലെ തൊഴിലാളികൾക്ക് റാട്ടിൽ 2,100 മീറ്റർ കയർ നിർമിക്കാൻ 120 രൂപയാണു കൂലി. ഇവിടെ 341 രൂപ. സംഘങ്ങൾ നൽകുന്ന 245.5 രൂപയും സർക്കാർ നൽകുന്ന 95.5 രൂപയും ചേർത്താണിത്.
Content Highlights: Coir board Kerala, Coirfed