ADVERTISEMENT

ന്യൂഡൽഹി∙ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ രൂപീകരിച്ച നാഷനൽ അസറ്റ് റീ കൺസ്ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് (എൻഎആർസിഎൽ) മാർച്ച് 31ന് മുൻപായി വിവിധ ബാങ്കുകളിൽ നിന്നായി 50,335 കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുക്കും. വിവിധ ബാങ്കുകളിലായി 82,845 കോടി രൂപയുടെ കിട്ടാക്കടമാണ് എൻഎആർസിഎൽ അഥവാ ബാഡ് ബാങ്കിലേക്ക് കൈമാറാനായി കണ്ടുവച്ചിരിക്കുന്നതെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര അറിയിച്ചു.

കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമനാണ് ‘ബാഡ് ബാങ്ക്’ രൂപീകരണം പ്രഖ്യാപിച്ചത്. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുന്ന എൻഎആർസിഎൽ, പണയവസ്തുക്കൾ വിറ്റ് പണമീടാക്കും. ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിനെ ബാഡ് ബാങ്ക് എന്നു വിളിക്കുന്നത്.

ബാഡ് ബാങ്കിനു പുറമേ ഏറ്റെടുത്ത എൻപിഎ കൈകാര്യം ചെയ്യുന്ന ഇന്ത്യ ഡെബ്റ്റ് റെസല്യൂഷൻ കമ്പനി ലിമിറ്റഡിനും (ഐഡിആർസിഎൽ) പ്രവർത്തനത്തിനുള്ള എല്ലാ അനുമതിയും റിസർവ് ബാങ്കിൽ നിന്ന് ലഭിച്ചു. തിരുവനന്തപുരം സ്വദേശി പദ്മകുമാർ എം.നായരാണ് ബാഡ് ബാങ്കിന്റെ മേധാവി. എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ലിമിറ്റഡിലെ ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മേധാവി മനീഷ് മഖാറിയ ഐഡിആർസിഎൽ പ്രവർത്തനം ഏകോപിപ്പിക്കും.

അസറ്റ് റീകൺസ്ട്രക്‌ഷൻ/ മാനേജ്മെന്റ് കമ്പനിയായി ആയിരിക്കും എൻഎആർസിഎൽ പ്രവർത്തിക്കുക. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുക്കുമ്പോൾ ബാങ്കുകൾക്ക് നിശ്ചിത ശതമാനം തുക നൽകും. ബാക്കി തുകയ്ക്കുള്ള സർട്ടിഫിക്കറ്റാണു നൽകുക. ആ കിട്ടാക്കടം വിറ്റ് പണം ലഭിക്കുന്ന മുറയ്ക്ക് ഈ സർട്ടിഫിക്കറ്റിനു പകരമായി പണം നൽകും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ മു‍ൻകയ്യെടുത്തു രൂപീകരിക്കുന്ന എൻഎആർസിഎല്ലിൽ പൊതുമേഖലാ ബാങ്കുകൾക്ക് 70% ഓഹരിയുണ്ടാകും.

English Summary: Bank, Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com