ADVERTISEMENT

ഐപിഒ അഥവാ ഇനിഷ്യൽ പബ്ലിക് ഓഫർ എല്ലാക്കാലത്തും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. നിക്ഷേപകർക്ക് ബംപർ ലാഭം നേടിക്കൊടുത്ത ഐപിഒകളും അതേസമയം വലിയ പ്രതീക്ഷകൾ നൽകി ശോഭിക്കാതെ പോയവയും മൂലധന വിപണിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഊഹാപോഹങ്ങൾക്കും അർധസത്യങ്ങൾക്കും ചെവി കൊടുക്കാതെ ചെറുതെങ്കിലും വ്യക്തമായ ഒരു പഠനം നടത്തിയതിനു ശേഷം ഐപിഒ മാർക്കറ്റിൽ ഇറങ്ങുന്നതായിരിക്കും ഉചിതം. അതിനായി ഏതാനും ചില നിർദേശങ്ങൾ: 

ഐപിഒ പുറത്തിറക്കുന്ന കമ്പനിയുടെ ഭൂതകാലത്തെക്കുറിച്ച് കഴിയുംവിധം പഠിക്കാൻ ശ്രമിക്കുക. കമ്പനി പ്രമോട്ടർമാരുടെ പ്രവൃത്തി പരിചയം, സൽപ്പേര്, മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗ്യത, മുൻകാല പരിചയം എന്നിവയെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കുക. 

ഐപിഒ വഴി സമാഹരിക്കപ്പെടുന്ന തുക കമ്പനി ഏതെല്ലാം ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുക. ഉദാഹരണത്തിന് പ്രസ്തുത തുക നിലവിലെ ബാധ്യതകൾ തീർക്കാനോ കേസുകളും മറ്റും ഒത്തുതീർപ്പാക്കാനോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അത്തരം കമ്പനികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് രണ്ടുവട്ടം ആലോചിക്കേണ്ടതായുണ്ട്. 

തുക, ഭാഗികമായി ബാധ്യതകൾ തീർക്കാനും മിച്ചം വരുന്ന തുക ഭാവിയിലേക്കുള്ള ബിസിനസ് വിപുലീകരണങ്ങൾക്കുമായാണ് വിനിയോഗിക്കുന്നതെങ്കിൽ പ്രസ്തുത കമ്പനിയിൽ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇനി, നിലവിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു കമ്പനി വലിയ വിപുലീകരണ പദ്ധതികൾ ലക്ഷ്യമിട്ട് ടെക്‌നോളജിയിലും റിസർച്ചിലും മറ്റും പണം മുടക്കുന്നതിനു വേണ്ടി ഫണ്ട് ഉപയോഗിക്കുന്നുവെങ്കിൽ അത്തരം കമ്പനികളുടെ ഐപിഒ സുരക്ഷിതവും ആകർഷകവുമാണെന്നും അനുമാനിക്കാം. 

കമ്പനിയുടെ ഭാവിയെ സംബന്ധിച്ച ഘടകങ്ങളെല്ലാം സ്വയം വിശകലനം ചെയ്യാൻ ശ്രമിക്കുക. കമ്പനി ഉൾപ്പെട്ടിരിക്കുന്ന ഇൻഡസ്ട്രിയുടെ പ്രാധാന്യം, ഇൻഡസ്ട്രിയിലെ മറ്റ് കമ്പനികളുടെ പ്രകടനവുമായുള്ള താരതമ്യ പഠനം, ഉൽപന്നങ്ങൾക്കുള്ള സ്വീകാര്യത, ഡിമാൻഡ്, ഭൂമിശാസ്ത്രപരമായി കമ്പനിയുടെ സാന്നിധ്യം, മുൻപ് പ്രതികൂല സാഹചര്യം ഉടലെടുത്തപ്പോൾ കമ്പനി അവയെ നേരിട്ട രീതി മുതലായവയെല്ലാം പഠനത്തിനു വിധേയമാക്കാം. 

മിക്കവാറും സന്ദർഭങ്ങളിൽ, ഇഷ്യു ചെയ്യാനുദ്ദേശിക്കുന്ന ഓഹരികളക്കാൾ കൂടുതൽ എണ്ണം ഓഹരികൾക്കായി അപേക്ഷകൾ ലഭിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ എല്ലാ അപേക്ഷകരുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തി ആനുപാതികമായ എണ്ണം മാത്രമേ അലോട്മെന്റ് ആയി ലഭിക്കുകയുള്ളൂ എന്നത് മുൻകൂട്ടി മനസ്സിലാക്കുക. 

എത്ര വലിയ കമ്പനിയുടേതായാലും  ഐപിഒയിൽ അമിത പ്രതീക്ഷകൾ വച്ചുപുലർത്താതിരിക്കുക. ഐപിഒ ഇറങ്ങുന്ന കാലത്തെയും ലിസ്റ്റിങ്ങ് സമയത്തെയും ഓഹരി വിപണിയിൽ നിലനിൽക്കുന്ന ട്രെൻഡും വിപണിയുടെ സ്വഭാവവുമെല്ലാം അവയുടെ പ്രകടനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

ഡിആർഎച്ച്പി

കമ്പനിയെക്കുറിച്ചും ഐപിഒയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പ്രമാണമാണ് ഡിആർഎച്ച്പി അഥവാ ഡ്രാഫ്റ്റ് റെഡ്‌ഹെറിങ് പ്രോസ്‌പെക്ടസ്. ഐപിഒയ്ക്കു മുന്നോടിയായി കമ്പനി സെബിയിൽ നിയമപ്രകാരം സമർപ്പിക്കേണ്ട ഡിആർഎച്ച്പി  നിക്ഷേപകർ നിശ്ചയമായും വായിക്കേണ്ടതാണ്. കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മർമപ്രധാനമായ വിവരങ്ങൾ, ബിസിനസ് നടത്തുന്ന രീതി, കഴിഞ്ഞ കാല പ്രകടനം, ആസ്തികളെയും ബാധ്യതകളെയും സംബന്ധിച്ച പൂർണവിവരങ്ങൾ, ഐപിഒ വഴി സമാഹരിക്കുന്ന തുക എന്തിനു വേണ്ടി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നിവയെക്കുറിച്ചൊക്കെയുള്ള സമഗ്ര വിവരങ്ങൾ പ്രോസ്‌പെക്ടസിലൂടെ മനസ്സിലാക്കിയെടുക്കാം. 

ഇത്തരം കാര്യങ്ങളെല്ലാം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച് തങ്ങളുടെ കണ്ടെത്തലുകളിലും നിലപാടുകളിലും ഉറച്ചുനിന്ന് നിക്ഷപത്തിനിറങ്ങുക. കാര്യങ്ങൾ വ്യക്തമായി പഠിച്ചു നേടിയെടുത്ത അറിവ് ബുദ്ധിപൂർവമായി ഉപയോഗിച്ചും ഓഹരി എന്നത് ദീർഘകാലത്തേക്ക് അനുയോജ്യമായ നിക്ഷേപമാണ് എന്നു തിരിച്ചറിയുകയും ചെയ്യുന്ന നിക്ഷേപകർ എല്ലാ കാലത്തും ഐപിഒകളിൽനിന്നും സെക്കൻഡറി മാർക്കറ്റിൽ നിന്നുമെല്ലാം മികച്ച ലാഭം നേടിയെടുത്തിട്ടുണ്ട്. 

കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി  സർവീസസ്, ജിയോജിത്)

Content Highlights: IPO, IPO Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com