എൻട്രി ഡോട്ടിൽ 53 കോടിയുടെ വിദേശ നിക്ഷേപം

Mail This Article
ന്യൂഡൽഹി∙ കൊച്ചി ആസ്ഥാനമായ ഓൺലൈൻ ലേണിങ് സ്റ്റാർട്ടപ്പായ എൻട്രി ഡോട്ട് ആപ്പിൽ ഏകദേശം 53 കോടി രൂപയുടെ (70 ലക്ഷം ഡോളർ) നിക്ഷേപം. ഇ–ബേ സ്ഥാപകൻ പീറ്റർ ഒമിദ്യാർ സ്ഥാപിച്ച ഒമിദ്യാർ നെറ്റ്‍വർക്ക്, ബോസ്റ്റൺ ആസ്ഥാനമായ ഇന്നോസ്പാർക്ക് വെഞ്ച്വേഴ്സ്, ഹോങ്കോങ് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് ക്യാപിറ്റൽ എന്നിവ ചേർന്നാണ് നിക്ഷേപം നടത്തിയത്.
ഇതിനു പുറമേ പ്രമുഖ എയ്ഞ്ചൽ നിക്ഷേപകരായ ഗോകുൽ രാജാറാം (പിന്റെറെസ്റ്റ്, കോയിൻബേസ് ബോർഡ് അംഗം), എ16സെഡ് എന്ന സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ പാർട്നർ ശ്രീറാം കൃഷ്ണൻ എന്നിവരും നിക്ഷേപം നടത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിൽ ലഭിച്ച 31 ലക്ഷം ഡോളർ സഹിതം ഇതുവരെ 1.1 കോടി യുഎസ് ഡോളർ (ഏകദേശം 76 കോടി രൂപ) എൻട്രി ഡോട്ട് സമാഹരിച്ചിട്ടുണ്ട്. മുഹമ്മദ് ഹിസാമുദ്ദീനും രാഹുൽ രമേഷും ചേർന്നാണ് 2017ൽ കമ്പനി ആരംഭിച്ചത്. 80 ലക്ഷം ഉപയോക്താക്കളുണ്ട്.