ADVERTISEMENT

കിഫ്ബി, മറ്റു വരുമാന സ്രോതസ്സുകളിലൂടെയുള്ള വായ്പകളും സിഎജി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ഒടുവില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയും ചെയ്തതിലൂടെ കേരള സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക സ്ഥിതി വ്യക്തമാണ്‌. ഒരു സാമ്പത്തിക ദുരന്തം ഒഴിവാക്കാന്‍ വേണ്ടി വരുമാനം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ സര്‍ക്കാര്‍. വരുമാനവും സാമ്പത്തിക പോരായ്മയും അതിരൂക്ഷമാണ്‌. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ വരാനിരിക്കുന്ന സംസ്ഥാന ബജറ്റ്‌ വരെ മാത്രമേ സര്‍ക്കാരിന്‌ സമയമുള്ളൂ, അതിനാല്‍ സര്‍ക്കാര്‍ നടപടികളുടെ ഗതി അറിയുവാനുള്ള ഒരു പ്രധാനരേഖയായി ബജറ്റ്‌ മാറുന്നു, ഈ പശ്ചാത്തലത്തില്‍ മൂന്ന്‌ ചോദ്യങ്ങള്‍ ഉയരുന്നു 

∙ രണ്ടാം ഭരണത്തിലെ സമ്പൂര്‍ണ ബജറ്റില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതി എന്തായിരിക്കും?
∙ മാറ്റത്തിനായുള്ള വഴി എന്തായിരിക്കണം?
∙ വലിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരുമെന്ന സൂചനകളുണ്ടോ?

നിക്ഷേപകര്‍ക്ക്‌ നേരിടേണ്ടിവരുന്ന തടസ്സങ്ങള്‍ നീക്കി അവരെ ആകര്‍ഷിക്കുക എന്നതാണ്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കുന്നതിന്‌ സില്‍വര്‍ലൈന്‍ പോലുള്ള ഉയര്‍ന്ന പദ്ധതികള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വളര്‍ച്ച തൃരിതപ്പെടുത്തുന്നതിന്‌ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു പുതുമയുമില്ല, എന്നിരുന്നാലും, പാരിസ്ഥിതിക ദുർബലതയും പുനരധിവാസവും ഇത്തരം പദ്ധതികളില്‍ നിന്നുള്ള ദീര്‍ഘകാല വരുമാനവും കേരളത്തിലെ അത്യാവശ്യഘട്ട പ്രശ്നങ്ങള്‍ പരിഹരിക്കില്ല. വാസ്തവത്തില്‍ ഇവ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ആശങ്കകള്‍ വർധിപ്പിക്കുവാനും സാധ്യതയുണ്ട്‌.

ഇവയെല്ലാം കാരണം വരാനിരിക്കുന്ന ബജറ്റില്‍ നമ്മള്‍ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌? വരുമാനവും സാമ്പത്തിക പോരായ്മയും പരിഹരിക്കാന്‍ സാധ്യമായ നയങ്ങൾ എന്തൊക്കെയാണ്‌? വരുമാന പോരായ്മ നികത്താന്‍ വരുമാനം വര്‍ധിപ്പിക്കുകയോ ചെലവ്‌ ചുരുക്കുകയോ മാത്രമേ മാര്‍ഗ്ഗമുള്ളൂ. വിദഗ്ധരുടെ നിർദേശങ്ങള്‍ പ്രകാരം ആവശ്യവസ്തുക്കളുടെ (ഉദാ: വൈദ്യുതി) വില പുനഃക്രമീകരിക്കുന്നതും, നികുതി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതും പുതിയ നികുതികള്‍ അവതരിപ്പിക്കുന്നതും ഒക്കെയാണ് ഇപ്പോള്‍ ഉടന്‍ നടപ്പിലാക്കാന്‍ പറ്റുന്ന മാര്‍ഗങ്ങള്‍. എന്നാല്‍ നികുതി സമ്പ്രദായത്തില്‍ അത്തരം ഒരുമാറ്റം സമീപകാലത്ത്‌ പ്രായോഗികമാകുമെന്ന്‌ പ്രത്രീക്ഷിക്കുന്നതില്‍ അർഥമില്ല.

നിലവിലെ പ്രതിസന്ധികള്‍ക്കിടയില്‍ സ്പഷ്ടമായ നികുതിപ്പിരിവ്‌ ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കാനും സാധ്യതയുണ്ട്‌. അതിനാല്‍ നികുതി ചുമത്തിയാലും അവ വിവേകത്തോടെയായിരിക്കും. ഇനി ചെലവ്‌ കുറയ്ക്കുന്നതോ? സര്‍ക്കാര്‍, എയ്ഡഡ്‌ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം വലിയ ഭാരമാണെന്നും അതിന്‌ എന്തെങ്കിലും കാര്യക്ഷമമായ നടപടി വേണമെന്നും പലരും പറയുന്നു. എന്നിരുന്നാലും, ശക്തമായ രാഷ്ട്രീയ അന്തര്‍ധാരകള്‍ കാരണം ഇത്തരമൊരു നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കും.

അതിനാല്‍ ഇതിന്‌ എന്തെങ്കിലും കൃത്യമായ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ? നാശനഷ്ടം കുറയ്ക്കണമെങ്കില്‍ നിക്ഷേപകര്‍ കേരളത്തിലെ നിക്ഷേപത്തിന്റെ സാധ്യത പരിഗണിക്കുന്നതിനുള്ള ഒരു സൂചന/സൂചകമായിരിക്കണം ബജറ്റ്‌. ഈ സന്ദേശം എങ്ങനെ പ്രചരിപ്പിക്കും? പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്ഥാപനത്തെ നിലനിര്‍ത്തുന്നതില്‍ സര്‍ക്കാരിന്‌ ശക്തമായ ആഗ്രഹമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ നുഷ്ടമുണ്ടാക്കുന്ന രണ്ട്ു യൂണിറ്റുകളില്‍, നിന്നെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥാവകാശം പിന്‍വലിക്കണം. ഇത്‌ വ്യവസായം ചെയ്യുന്നതില്‍നിന്ന്‌ സര്‍ക്കാര്‍ പിന്‍തിരിയുകയാണ്‌ എന്ന വ്യക്തമായ സൂചനയാണ്‌ നിക്ഷേപകര്‍ക്ക്‌ നല്‍കുന്നത്‌.

കേരളത്തിന്റെ താരതമ്യേനയുള്ള നേട്ടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം; പ്രത്യേകിച്ച്‌ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും. ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന ഒരു വലിയ സ്വകാര്യ പ്ലാന്റ് (INOX) ഉള്ളതിനാല്‍ ആവശ്യ സമയത്ത്‌ നമുക്ക്‌ ഓക്സിജന്‍ മിച്ചമായുള്ള നിലയെക്കുറിച്ച്‌ നമ്മള്‍ അഭിമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ സംരംഭകരുമായി കൂട്ടിക്കെട്ടി ആരോഗ്യ മേഖലയിലെ പ്രത്യേക ആവശ്യങ്ങള്‍ എന്തുകൊണ്ട്‌ പരിഹരിച്ചുകൂടാ? നമ്മുടെ ഐടി പാര്‍ക്കുകളിലെ ഒട്ടുമിക്ക പുതുസംരംഭങ്ങളും ആരോഗ്യമേഖലയ്ക്ക്‌ സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദേശത്തുനിന്ന്‌ ഗണ്യമായ ഫണ്ട്‌ സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്‌. ഇത്‌ അത്തരം സേവനങ്ങളുടെ വലിയ വിപണിയെ സൂചിപ്പിക്കുന്നു.

നമ്മുടെ സ്വന്തം ആരോഗ്യമേഖലയില്‍ നിന്നുള്ള ആവശ്യകത മനസ്സിലാക്കിക്കൊണ്ട്‌ എന്തുകൊണ്ട്‌ അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൂടാ? വിദേശ നിക്ഷേപകരെ വിദ്യാഭ്യാസ മേഖലയിലേക്ക്‌ ആകര്‍ഷിക്കുകയും ഉന്നത വിദ്യാഭ്യാസത്തെ മത്സരാധിഷ്ഠിതമാക്കുകയും വേണം. ചെലവേറിയ വിജ്ഞാന സാമ്പത്തിക ദാത്യം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല. പകരം ഈ സംവിധാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി വികസിപ്പിക്കാൻ സന്നദ്ധരാകുന്നവര്‍ക്ക്‌ സാകര്യമൊരുക്കുക എന്നതായിരിക്കണം ലക്ഷ്യം.

പക്ഷേ സര്‍ക്കാര്‍ ഈ മാര്‍ഗം സ്വീകരിക്കുമെന്ന്‌ നമ്മള്‍ പ്രതീക്ഷിക്കണോ? നികുതി അടിത്തറ വിപുലപ്പെടുത്തുകയോ നിലവിലുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത്‌ പരിഹരിക്കപ്പെടാന്‍ കാത്തിരിക്കുന്ന ഒരു അക്കൗണ്ടിങ് പ്രശ്നം മാത്രമല്ല; അതിന്‌ രാഷ്ട്രീയമായ മാനങ്ങളുമുണ്ട്‌. ഈ രാഷ്ട്രീയ തടസ്സങ്ങള്‍ കാരണം നികുതിയിലോ വിലയിലോ വലിയ പരിഷ്കാരങ്ങള്‍ സര്‍ക്കാരില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. 

അടിസ്ഥാന സാകര്യ പദ്ധതികളില്‍ (റെയില്‍, ഇന്റര്‍നെറ്റ്‌ പദ്ധതികള്‍ ഉള്‍പ്പെടെ) നിക്ഷേപം വിപുലീകരിക്കാൻ സര്‍ക്കാര്‍ ശ്രമിക്കും. ഈ പ്രവൃത്തികളും അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. സര്‍ക്കാരിന്റെ സമീപകാല നടപടികളും സൂചിപ്പിക്കുന്നത്‌. അവര്‍ സാധാരണഗതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നാണ്‌. ഉദാഹരണത്തിന്‌, കേന്ദ്രത്തിന്റെ അഗ്രഗേറ്റര്‍ നയം പ്രയോജനപ്പെടുത്തുന്ന സ്വകാര്യ സര്‍വീസുകളില്‍നിന്ന്‌ കെഎസ്‌ആര്‍ടിസിക്ക്‌ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നതിനാല്‍ മുന്‍കൂട്ടി ആഡംബര ബസുകള്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നു. സാധ്യമായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ചെലവുകള്‍ പരിഗണിക്കാതെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട്‌ പോകാനും പദ്ധതിയിടുന്നു.

അടച്ചുപൂട്ടിയ കേന്ദ്ര ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തെ (ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്‌) നവീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും സമീപകാല റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപകാലത്ത്‌ സര്‍ക്കാരില്‍നിന്ന്‌ എന്താണ്‌ പ്രതിക്ഷിക്കേണ്ടത്‌ എന്നതിന്റെ ശക്തമായ സൂചനകളാണിത്‌. ഇടതുപക്ഷ സര്‍ക്കാര്‍ നിലവിലെ പ്രതിസന്ധി മനസ്സിലാക്കുന്നുവെങ്കില്‍ വരാനിരിക്കുന്ന ബജറ്റ്‌ ഉയര്‍ന്ന വിലയിലൂടെയോ നികുതിയിലൂടെയോ കുടിയിറക്കുകളിലൂടെയോ പാരിസ്ഥിതിക ചെലവുകളിലൂടെയോ ജനങ്ങളെ കുടുക്കാനുള്ള രേഖയാകരുത്‌. പ്രതിപക്ഷം ദുര്‍ബലമാണെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമായി നിര്‍ണായകമാകും.

*ലേഖകരിൽ ഡോ ഡി.ധനുരാജ്‌ സെന്റര്‍ ഫോര്‍ പബ്ലിക്‌ പോളിസി റിസര്‍ച്ച്‌ ചെയര്‍മാനും രാഹുല്‍ വി.കുമാര്‍ അവിടെ തന്നെ പ്രവർത്തിക്കുന്ന റിസര്‍ച്ച്‌ ഫെല്ലോയും (മാര്‍ക്കറ്റ്‌ ഇക്കണോമിക്സ്‌) ആണ്.

(ലേഖകരുടെ അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary : Kerala budget 2022 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com