ADVERTISEMENT

ലൈഫ് ഇൻഷുറൻസിന്റെ ആവശ്യകത കൂടുന്നതോടൊപ്പം ഇൻഷുറൻസ് തട്ടിപ്പുകളും വർധിക്കുന്നു. തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ, അവ സംഭവിക്കുന്ന പൊതുവായ രീതികൾ മനസ്സിലാക്കേണ്ടതുണ്ട്. ആളുകളെ കബളിപ്പിക്കുന്ന ഏറ്റവും സാധാരണമായ മാർഗങ്ങളിൽ ഒന്നാണ് ഫോണിലൂടെയുള്ള തട്ടിപ്പുകൾ.

ഇൻഷുറൻസ് ഏജന്റുമാരെന്ന് ഭാവിക്കുന്ന തട്ടിപ്പുകാർ ഉപയോക്താക്കൾക്ക് വ്യാജ ലൈഫ് കവർ പോളിസികൾ വിൽക്കുകയും പ്രീമിയം തുകകൾ എടുക്കുകയും ചെയ്യുന്നു. ചില തട്ടിപ്പുകാർ ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്നോ ഐആർഡിഎഐയിൽ നിന്നോ ഉള്ളവരായി ഭാവിച്ച് ‘ബോണസ്‘ അല്ലെങ്കിൽ ‘ഫണ്ട് മൂല്യത്തിന്റെ റീഫണ്ട്‘ വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകർഷിച്ചേക്കാം, അതിനായി ‘പ്രോസസിങ് ഫീ‘ ആയി ഒരു നിശ്ചിത തുക അടയ്ക്കാൻ ആവശ്യപ്പെടുന്നു.

എന്തുചെയ്യാനാകും?

ലൈഫ് ഇൻഷുറൻസ് തട്ടിപ്പുകളിലോ പൊതുവെ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പുകളിലോ ഇരയാകില്ലെന്ന് ഉറപ്പാക്കാൻ ചെയ്യാവുന്ന ചില അടിസ്ഥാന കാര്യങ്ങൾ:

1. വ്യാജ കോൾ സൂക്ഷിക്കുക

ഇൻഷുറൻസ് കമ്പനിയുടെയോ ഐആർഡിഎഐയുടെ ജീവനക്കാരനായോ ഏജന്റായോ സ്വയം അവതരിപ്പിക്കുകയും ബോണസുകളോ പോളിസി റീഫണ്ടോ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന തട്ടിപ്പുകാരെ ഒരിക്കലും വിശ്വസിക്കരുത്. 

2. പ്രതിനിധിയുടെ ആധികാരികത പരിശോധിക്കുക

നിങ്ങളുമായി ആശയവിനിമയം നടത്തുന്ന ഇൻഷുറൻസ് ഏജന്റിനോട് അവരുടെ ഐഡി പ്രൂഫ് ആവശ്യപ്പെടുക. അവർ ഒരു കമ്പനിയുടെ അംഗീകൃത പ്രതിനിധികളാണെന്ന് ഉറപ്പാക്കുക. 

3. വാങ്ങുന്നതിനുമുൻപ് നിങ്ങളുടെ പ്ലാൻ അറിയുക

നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഇൻഷുറൻസ് പ്ലാനിന്റെ വിശദാംശങ്ങൾ സ്വയം മനസ്സിലാക്കുക. നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റാത്ത ഒരു പോളിസി നിങ്ങൾ വാങ്ങേണ്ടതില്ല. കൂടാതെ, കമ്പനി വെബ്സൈറ്റിൽ നിന്നോ അംഗീകൃത അഗ്രിഗേറ്ററിൽ നിന്നോ അംഗീകൃത ഏജന്റിൽ നിന്നോ മാത്രം ഇൻഷുറൻസ് വാങ്ങുന്നുവെന്ന് ഉറപ്പാക്കുക.

4. കൃത്യവും പൂർണവുമായ വിവരങ്ങൾ നൽകുക

ഏജന്റിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ ഫോമുകൾ നിങ്ങൾ സ്വയം പൂർത്തിയാക്കുക. ഏജന്റ് നിങ്ങൾക്കായി ഫോം പൂരിപ്പിക്കുകയാണെങ്കിൽ ഫോമിൽ ഒപ്പിടുന്നതിനുമുൻപ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.

5. പണം നൽകുന്നത് ഒഴിവാക്കുക

അംഗീകൃതമല്ലാത്ത ഏജന്റുമാരും മറ്റും പ്രീമിയം കൈക്കലാക്കാൻ സാധ്യതയുള്ളതുകൊണ്ട് മിക്ക ലൈഫ് ഇൻഷുറൻസ് കമ്പനികളും ഇപ്പോൾ ഡിജിറ്റൽ ഇടപാടുകൾ വഴി പ്രീമിയം അടയ്ക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾ ചെക്ക് വഴിയാണ് പണമടയ്ക്കുന്നതെങ്കിൽ അത് ഇൻഷുറൻസ് കമ്പനിയുടെ പേരിലാണെന്ന് ഉറപ്പാക്കുക. അല്ലാതെ ബ്രോക്കിങ് സ്ഥാപനത്തിന്റെയോ വ്യക്തിഗത ഏജന്റിന്റെയോ പേരിൽ ആകരുത്. 

6. നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ സൂക്ഷിക്കുക

നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ ആരുമായും പങ്കുവയ്ക്കാതിരിക്കുക. എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിനുമുൻപ്, വിശദാംശങ്ങൾ ചോദിക്കുന്ന വ്യക്തിയുടെ യോഗ്യത പരിശോധിക്കുക.

7. ഒരിക്കലും ആർക്കും ഒടിപി നൽകരുത്

ഒടിപി (വൺടൈം പാസ്‌വേഡ്) എന്നത് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച ഉടമ്പടിയിൽ ഉപയോക്താക്കളുടെ പുതിയ കാല ഒപ്പാണ്. അതിനാൽ ഒരിക്കലും ആർക്കും ഒടിപി നൽകരുത്. ഇൻഷുറൻസ് തട്ടിപ്പിന് ഇരയാകുന്നതിൽനിന്ന് സ്വയം സംരക്ഷിക്കാൻ അവബോധവും ജാഗ്രതയുമാണ് ഏറ്റവും വലിയ രണ്ട് കവചങ്ങൾ. തട്ടിപ്പിന്റെ പുതിയ വഴികളെക്കുറിച്ച് നിങ്ങളെത്തന്നെ അപ്ഡേറ്റ് ചെയ്യുക. അതോടൊപ്പം നിലവിലുള്ള സുരക്ഷാ നടപടികളെക്കുറിച്ച് അറിയുകയും ചെയ്യുക. നിങ്ങൾ നേരിട്ട തട്ടിപ്പിനെക്കുറിച്ച് അധികാരികളെ അറിയിക്കുന്നതും പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com