ADVERTISEMENT

ഈ സാമ്പത്തിക വർഷത്തെ നികുതി കിഴിവിനായുള്ള  നിക്ഷേപങ്ങൾ വകുപ്പ് 80സി അനുസരിച്ച് ഈ മാസം 31ന് അകം നടത്തിയിരിക്കണം. അല്ലാത്തപക്ഷം 2021-22 സാമ്പത്തിക വർഷത്തെ നികുതി കിഴിവിനായി കണക്കാക്കുകയില്ല . പബ്ലിക് പ്രോവിഡൻഡ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി (എൻഎസ്‌സി ), യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യൂലിപ്), 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ ആരംഭിക്കുന്ന  സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം,  ബാങ്കുകളിലോ പോസ്റ്റ് ഓഫിസിലോ നികുതി കിഴിവിനായുള്ള 5 വർഷത്തെ സ്ഥിര നിക്ഷേപം, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ(യുടിഐ) യുടെയും നിശ്ചിത  മ്യൂച്വൽ ഫണ്ടുകളുടെ റിട്ടയർമെന്റ് പെൻഷൻ ഫണ്ടുകളിലെയും   നിക്ഷേപം തുടങ്ങിയവയാണ് ഇവയിൽ പ്രധാനപ്പെട്ടത്.

മറ്റ് നിക്ഷേപങ്ങൾ

അംഗീകൃത ആന്വിറ്റി പദ്ധതിയിലെയും, സൂപ്പർ ആനുവേഷൻ ഫണ്ടിലെയും  നിക്ഷേപം, ഹഡ്കോയുടെയും ഭവന നിർമാണ ബോർഡുകളിലെയും പദ്ധതികളിലെ നിക്ഷേപം, വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രങ്ങളിലും (ഡിബഞ്ചർ) ഓഹരികളിലുമുള്ള നിക്ഷേപം, ഇത്തരം മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, നബാർഡിന്റെ ബോണ്ടിലെ നിക്ഷേപം, നാഷനൽ ഹൗസിങ് ബാങ്കിന്റെ  ഭവന വായ്പാ പദ്ധതി (ഹോം ലോൺ അക്കൗണ്ട്സ് സ്കീം) ലെയും പെൻഷൻ ഫണ്ടിലുമുള്ള  നിക്ഷേപം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിലെ നിക്ഷേപം  തുടങ്ങിയവയും 80സി യിലെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളിൽ ഉൾപ്പെടും.

എൻപിഎസ്

കേന്ദ്ര സർക്കാരിന്റെ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്)യിൽ വിദേശ ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ പൗരൻമാർക്കും ഒട്ടുമിക്ക സ്വകാര്യ പൊതു മേഖലാ ബാങ്കുകളിലും മുഖ്യ തപാൽ ഓഫിസുകളിലും അക്കൗണ്ട് തുടങ്ങാം. ശമ്പളക്കാർക്ക് ശമ്പളത്തിന്റെ 10%ഉം അല്ലാത്തവർക്ക് മൊത്ത വരുമാനത്തിന്റെ 20%വുമാണ് കിഴിവ്. ഒരു വർഷം ലഭിക്കാവുന്ന പരമാവധി കിഴിവ് രണ്ടു ലക്ഷം രൂപ വരെ. 

ചെലവിനുള്ള കിഴിവ്

നികുതി ബാധ്യത കുറയ്ക്കാനുള്ള ചെലവുകൾ സാമ്പത്തിക വർഷം അവസാനത്തിനകം നടത്തിയിരിക്കണം. ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം (ഇൻഷുറൻസ് തുകയുടെ 10% വരെ), ഏതെങ്കിലും രണ്ടു മക്കളുടെ മുഴുവൻ സമയ വിദ്യാഭ്യാസത്തിനായി  നൽകുന്ന ഫീസ്, ഭവന വായ്പയുടെ മുതലിന്റെ  തിരിച്ചടവ് മുതലായവയ്ക്ക്  വകുപ്പ് 80 സി അനുസരിച്ച് നികുതി കിഴിവുണ്ട്.

പരമാവധി കിഴിവ് 2  ലക്ഷം രൂപ

അനുവദനീയമായ നിക്ഷേപങ്ങളും ചെലവുകളും ഒറ്റയ്ക്കായോ കൂട്ടായി ചേർത്തോ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് മൊത്തം വരുമാനത്തിൽ നിന്ന് വകുപ്പ് 80സി അനുസരിച്ചുള്ള കിഴിവ്. എന്നാൽ എൻപിഎസിനു മാത്രമായി 50000 രൂപ അധിക കിഴിവ് ലഭിക്കും. അങ്ങനെ ഓരോ വ്യക്തിക്കും പ്രതിവർഷം രണ്ട് ലക്ഷം രൂപ വരെ കിഴിവ് തേടാം. 

മെഡിക്കൽ ഇൻഷുറൻസ്: 75,000 രൂപ വരെ കിഴിവ് 

ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തിന് 25,000 രൂപയ്ക്ക് പുറമേ  മാതാപിതാക്കളുടെ  പോളിസിയിൽ നികുതിദായകൻ അടയ്ക്കുന്ന പ്രീമിയത്തിന് മറ്റൊരു 25,000 രൂപ കൂടി കിഴിവ് ലഭിക്കും. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ തദ്ദേശീയരായ (റസിഡന്റ്) മുതിർന്ന പൗരനാണെങ്കിൽ  ഈ കിഴിവ് 50,000 രൂപ വരെയാണ്. എന്നാൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മുതിർന്ന പൗരന്മാരായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി ചെലവാക്കുന്ന തുകയ്ക്ക് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കും. 

വിദ്യാഭ്യാസ വായ്‌പയുടെ പലിശ

നികുതിദായകൻ തന്റെയോ, ജീവിതപങ്കാളിയുടെയോ, മക്കളുടെയോ ഉന്നത വിദ്യാഭ്യാസത്തിനായി (സീനിയർ സെക്കൻഡറി പരീക്ഷയ്ക്ക് ശേഷം) എടുത്ത വായ്പയുടെ പലിശയ്ക്ക് പരിധിയില്ലാതെ മൊത്ത വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കും.  നികുതിദായകന്റെ നികുതി വിധേയ വരുമാനത്തിൽ നിന്ന് അടയ്ക്കുന്ന പലിശയ്ക്ക് മാത്രം അടവ് തുടങ്ങിയ വർഷം ഉൾപ്പെടെ 8 വർഷത്തേക്കാണ് കിഴിവ്.

മറ്റു ഇളവുകൾ 

ഭവന വായ്പയുടെ പലിശ (വകുപ്പ് 24 ബി) , നിർദിഷ്ട സംഭാവനകൾ (വകുപ്പ് 80 ജി), തന്നെ ആശ്രയിച്ചു ജീവിക്കുന്ന വൈകല്യമുള്ള വ്യക്തിയുടെ ചികിത്സാച്ചെലവ് (വകുപ്പ് 80ഡിഡി), തന്റെയോ ആശ്രയിച്ചു ജീവിക്കുന്നവരുടെയോ  കാൻസർ, വൃക്ക രോഗം, പാർക്കിൻസൺസ് തുടങ്ങി  നിർദിഷ്ട രോഗങ്ങളുടെ ചികിത്സ ചെലവ് (വകുപ്പ് 80 ഡിഡിബി), സ്വന്തമായി വീട് ഇല്ലാത്ത സ്ഥലത്തുള്ള വാടക (വകുപ്പ് 80 ജിജി), പോസ്റ്റ് ഓഫിസിലെയും ബാങ്കുകളിലെയും സേവിങ്സ് അക്കൗണ്ടിലെ 10,000 രൂപ വരെയുള്ള പലിശയ്ക്കു പുറമേ (വകുപ്പ് 80 ടിടിഎ) 60 വയസ്സ് തികഞ്ഞവർക്ക് 50000 രൂപ വരെ സ്ഥിര നിക്ഷേപം ഉൾപ്പെടെയുള്ള  പലിശയും (വകുപ്പ് 80 ടിടിബി), ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങി നിർദിഷ്ട വൈകല്യങ്ങൾ ഉള്ളവർക്ക് (വകുപ്പ് 80 യു) തുടങ്ങിയവയ്ക്ക് മൊത്ത വരുമാനത്തിൽ നിന്ന് വ്യവസ്ഥകൾക്ക് വിധേയമായി നിശ്ചിത തുക  കിഴിക്കാവുന്നതാണ്.

ഇളവുകൾ വേണ്ടെങ്കിൽ കുറഞ്ഞ നിരക്ക് 

മേൽപറഞ്ഞ ഇളവുകൾ ഒന്നും വേണ്ടെന്നുവച്ച് കുറഞ്ഞ നിരക്കിലുള്ള നികുതി തിരഞ്ഞെടുക്കാനുള്ള അവസരം നികുതിദായകന് ഉണ്ട്. അപ്പോൾ ശമ്പളക്കാരാനാണെങ്കിൽ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ഉൾപ്പെടെ ഒരു കിഴിവും തേടാനാവില്ല. നികുതിദായകർ കിഴിവുകൾ വേണ്ടെന്നുവച്ചുള്ള കുറഞ്ഞ നിരക്കാണോ കിഴിവു തേടിയുള്ള സാധാരണ നിരക്കാണോ നികുതി ബാധ്യതയിൽ കുറവ് വരുന്നത് എന്ന് നോക്കി വേണം ഇത് തിരഞ്ഞെടുക്കാൻ.

ആദായനികുതി റിട്ടേൺ: അവസാന തീയതി 31

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി  റിട്ടേൺ വൈകി  കൊടുക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. അതിനു ശേഷം സ്വയമേ റിട്ടേൺ കൊടുക്കാൻ നിയമം അനുവദിക്കുന്നില്ല. അതുപോലെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ അതു തിരുത്തി പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന അവസരവും  31 ആണ്. ഇത് വ്യക്തികൾ ഉൾപ്പെടെ എല്ലാ നികുതിദായകർക്കും ബാധകമാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് 2021 സെപ്റ്റംബർ 9 ന് 17/2021 നമ്പറിൽ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമാണ് മേൽ റിട്ടേണുകളുടെ അവസാന തീയതി ഡിസംബർ 31ൽ നിന്ന് മാർച്ച് 31ലേക്ക് നീട്ടിയത്. 

വൈകിയ റിട്ടേണിനു പിഴ 

അനുവദനീയമായ തീയതിക്കു ശേഷം വൈകി സമർപ്പിക്കുന്ന  റിട്ടേണിന്  5000 രൂപ പിഴ ചുമത്തും. എന്നാൽ മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപ പിഴ ഒടുക്കിയാൽ മതി.  റിട്ടേൺ വൈകി സമർപ്പിക്കുമ്പോൾ അടയ്ക്കാനുള്ള നികുതിയിന്മേൽ പിഴപ്പലിശ ഈടാക്കും. വൈകിയ റിട്ടേണിൽ നഷ്ടം വരുംകാല ലാഭവുമായി തട്ടി ക്കിഴിക്കാനും ആകില്ല.

Content Highlight: Income Tax Deduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com