ADVERTISEMENT

കൊച്ചി∙ പാരമ്പര്യ ഔഷധ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ആയുഷ് മുദ്ര’യും, പാരമ്പര്യ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നവർക്ക് പ്രത്യേക വീസയും ഏർപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷ വച്ച് ആയുഷ് മേഖല. ആരോഗ്യ, ടൂറിസം രംഗങ്ങളിൽ ഇന്ത്യയിൽ മുൻപന്തിയിലുള്ള സംസ്ഥാനം എന്ന നിലയിൽ പദ്ധതി യാഥാർഥ്യമായാൽ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാകും. ടൂറിസവും ആയുർവേദവും കോർത്തിണക്കിയുള്ള മെഡിക്കൽ ടൂറിസം രംഗത്ത് കേരളം ഏറെ മുന്നേറിക്കഴിഞ്ഞു. പ്രഖ്യാപനത്തിനിടയിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞതും ഇക്കാര്യമാണ്.

പാരമ്പര്യ ചികിത്സയ്ക്കായി പ്രത്യേക വീസ അനുവദിക്കുന്നതോടെ കൂടുതൽ വിദേശ സന്ദർശകർ കേരളത്തിലെത്തും. കേരളത്തിലെ ടൂറിസം മേഖലയിൽ പ്രതിവർഷം 46,000 കോടിയുടെ ബിസിനസ് നടക്കുമ്പോൾ അതിന്റെ 50 ശതമാനവും സംഭാവന ചെയ്യുന്നത് ആയുർവേദമാണ്. നിലവിൽ ഏകദേശം 800 കോടി രൂപയുടെ ബിസിനസാണ് ഒരു വർഷം കേരളത്തിന്റെ ആയുർവേദ ഔഷധ മേഖലയിൽ നടക്കുന്നത്. 2025ൽ ഇത് 3000 കോടിയാക്കാനുള്ള നിർദേശങ്ങൾ സംസ്ഥാന സർക്കാരിനു മുന്നിലുണ്ട്. ഈ സാധ്യതകൾക്കു കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ചിറകു മുളയ്ക്കുന്നത്. 

കേരളത്തിൽ നിന്നുള്ള ആയുർവേദ മരുന്നുകൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും, ഏറെ ആവശ്യക്കാരുണ്ടെങ്കിലും ലോക വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞിട്ടില്ല. ഒട്ടേറെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാരണം  നിലവിൽ വിദേശത്തേക്കുള്ള ഔഷധ കയറ്റുമതി പരിമിതമാണ്. ഇതിൽ മാറ്റം കൊണ്ടുവരാൻ ‘ആയുഷ് മുദ്ര’ പ്രഖ്യാപനം സഹായിക്കും.

കേരളത്തിൽ ഇപ്പോൾ ജില്ലാ ആയുർവേദ കേന്ദ്രങ്ങളിലും സ്വകാര്യ മേഖലയിലും സ്പോർട്സ് ചികിത്സാ രംഗം സജീവമാണെങ്കിലും വിദേശ രാജ്യങ്ങളിൽ ഇതിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. വീസ പ്രഖ്യാപനം കൂടുതൽ സ്പോർട്സ് താരങ്ങളെ കേരളത്തിലേക്ക് എത്തിക്കും. ലോക വിപണി ലക്ഷ്യം വച്ചുള്ള ആയുർവേദ മേഖലയുടെ പ്രവർത്തനങ്ങൾക്ക് പ്രഖ്യാപനം മുതൽക്കൂട്ടാകുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com