അടുത്തറിയണം കമ്പനികളെ

bp1
SHARE

കമ്പനികളുടെ വളർച്ച ഉറപ്പാക്കുന്നതിൽ മാനേജ്മെന്റ് വഹിക്കുന്ന പങ്കിനെക്കുറിച്ചും മാനേജ്മെന്റ് മികച്ചതാണോ അല്ലയോ എന്ന് വിശകലനം ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഏതെല്ലാമാണെന്നും നമ്മൾ ചർച്ച ചെയ്യുകയുണ്ടായി. ഗുണഗണങ്ങളുടെ വിശകലനം അഥവാ ക്വാളിറ്റേറ്റിവ് അനാലിസിസിന്റെ ഭാഗമായി നടത്തേണ്ട അടിസ്ഥാനപരമായ ഏതാനും പഠനങ്ങൾ കൂടി വിശദീകരിക്കാം.

ബിസിനസ് മോഡൽ: ലളിതമായി പറഞ്ഞാൽ കമ്പനിയുടെ വരുമാനം വരുന്നത് എങ്ങനെയെന്നും കമ്പനി ലാഭമുണ്ടാക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങളാണ് ‘ബിസിനസ് മോഡൽ’ വഴി അർഥമാക്കുന്നത്. ബിസിനസ് മോഡൽ ലഘുവായതോ സങ്കീർണമായതോ ആവാം. ശക്തമായ കിടമത്സരത്തിനിടയിൽ തങ്ങളുടെ ബിസിനസ് മോഡലിൽ കാലാനുഗതമായ മാറ്റം വരുത്തി വിപണിയിലെ മേൽക്കോയ്മ നിലനിർത്താൻ കമ്പനി മാനേജ്മെന്റിന് കരുത്തുണ്ടാവുക എന്നതാണ് ഇവിടെ പ്രധാനം. ഉൽപന്നങ്ങളിലും നൽകിവരുന്ന സേവനങ്ങളിലും വൈവിധ്യവൽക്കരണം നടത്തുകയോ ഭാവിയിലെ വളർച്ച മുന്നിൽക്കണ്ട് മാറ്റം വരുത്തുകയോ വഴി ബിസിനസ് മോഡൽ മികച്ചതാക്കി നിലനിർത്താം. ഈ ഉദ്യമത്തിൽ പരാജയപ്പെടുന്ന കമ്പനികൾ സ്വാഭാവികമായും പിന്നാക്കം പോവുന്നു.

മത്സര രംഗത്തെ മേൽക്കോയ്മ: ബിസിനസ് വിശകലനം ചെയ്യുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം ശക്തമായ കിടമത്സരം നടക്കുന്ന ഇൻഡസ്ട്രിയിൽ കമ്പനിക്ക് മേൽക്കോയ്മ നേടാൻ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കലാണ്. നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന കമ്പനിയുടെ സ്ഥാനം, അതേ മേഖലയിൽ പ്രവർത്തിച്ചു വരുന്ന മറ്റു കമ്പനികളെ അപേക്ഷിച്ചു മുൻപന്തിയിലാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മേൽക്കോയ്മകൾ പലതരത്തിലാവാം. ബ്രാൻഡിന്റെ സൽപ്പേര്, സാങ്കേതിക വൈദഗ്ധ്യത്തിലെ മികവ്, പേറ്റന്റ് അവകാശം, വിപണിയിലെ വർധിച്ച സാന്നിധ്യം എന്നിങ്ങനെ പലതും. 

കമ്പനി നടത്തിപ്പിലെ സുതാര്യത: കോർപറേറ്റ് ഗവേണൻസ് അഥവാ കമ്പനിയുടെ മാനേജ്മെന്റ്, ബോർഡ് അംഗങ്ങൾ, കമ്പനി നടത്തിപ്പുമായി നേരിട്ട് ബന്ധമുള്ള ഗ്രൂപ്പുകൾ എന്നിവർ പിന്തുടർന്നു വരുന്ന നയങ്ങളും നിർദേശങ്ങളുമെല്ലാം കമ്പനിയുടെ സ്വാഭാവിക വളർച്ച ത്വരിതപ്പെടുത്തുന്നതായിരിക്കണം എന്നു മാത്രമല്ല അവ പൂർണമായും നിലവിലെ നിയമങ്ങൾക്കു വിധേയമായതും സുതാര്യവുമായിരിക്കണം എന്നതു വളരെ പ്രധാനമാണ്. കമ്പനി പുറത്തുവിടുന്ന പ്രവർത്തന റിപ്പോർട്ടുകളും കണക്കുകളും യഥാസമയം ഓഹരി ഉടമകൾക്ക് ലഭ്യമാക്കുക, അവരുടെ അവകാശങ്ങളും അധികാരങ്ങളും കൃത്യമായി ഉപയോഗിക്കാൻ അവസരം നൽകുക, കമ്പനി നിയമം അനുശാസിക്കുന്ന ചട്ടങ്ങളും നിർദേശങ്ങളും കൃത്യതയോടെ പാലിക്കുക എന്നിവയെല്ലാം ശരിയായ കോർപറേറ്റ് ഗവർണൻസ് നടക്കുന്നുണ്ടോ എന്നറിയാൻ സഹായിക്കുന്ന പരിശോധനാ സൂചകങ്ങളാണ്. 

സ്വതന്ത്ര ഡയറക്ടർമാർ: മാനേജ്മെന്റിന്റെ പ്രകടനം നിഷ്പക്ഷമായി വിലയിരുത്താനും ഓഹരി ഉടമകളുടെ താൽപര്യം ശരിയായി സംരക്ഷിക്കാനും സ്വതന്ത്രരും നിഷ്പക്ഷരും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരുമായ വ്യക്തികൾ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലുണ്ടെങ്കിൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത് വളരെ പോസിറ്റീവ് ആയ സൂചനയാണു നൽകുന്നത്.

കമ്പനി അനാലിസിസിൽ, കണക്കുകളുടെയും സംഖ്യകളുടെയും വിശകലനം അടുത്തയാഴ്ച.

കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA