മനസ്സിലുണ്ട് ഡേറ്റയും അൽഗോരിതവും

data-algorithms-1
SHARE

ആളെ പിടിക്കാൻ സകലരും കംപ്യൂട്ടർ അൽഗോരിതം ഉണ്ടാക്കി വച്ചിരിക്കുകയാണല്ലോ. സമൂഹ മാധ്യമങ്ങളിൽ, ഓൺലൈൻ റീട്ടെയിൽ പോർട്ടലുകളിൽ, ഫുഡ് ഡെലിവറിയിൽ, ഒടിടിയിൽ...! എന്നു വച്ചാൽ നിങ്ങൾ എന്തൊക്കെ നോക്കുന്നു എത്ര, നേരം എവിടെ സമയം ചെലവഴിക്കുന്നു, എന്തു തിന്നുന്നു, എന്തു വാങ്ങുന്നു, എന്തു കാണുന്നു എന്നു നോക്കിവച്ചിട്ട് നിങ്ങളുടെ ലൈൻ മനസ്സിലാക്കി അതു തന്നെ പിന്നെയും തരും. നിങ്ങളുടെ ശീലങ്ങളുടെ ഡേറ്റ നോക്കി എഐ അഥവാ നിർമിത ബുദ്ധി ഉപയോഗിച്ച് താൽപര്യമുണ്ടാകാനിടയുള്ളതൊക്കെ പിന്നെയും ഇട്ടുതരും.

വൈൽഡ് വെസ്റ്റ് പടം രണ്ടെണ്ണം കണ്ടാൽ മതി അത്തരം പടങ്ങൾ ഒടിടിയിൽ വന്നുകൊണ്ടിരിക്കും. ആരാണ് പടം കാണുന്നത് എന്നു വരിക്കാരോടു ചോദിക്കുന്നത് അതിനാണ്. കാണുന്നയാളിന്റെ അഭിരുചി അവർ പഠിച്ചുവച്ചിരിക്കുന്നു. ഓൺലൈനിൽ വല്ലതും വാങ്ങാൻ സെർച്ച് ചെയ്താൽ അത്തരം ഉൽപന്നങ്ങളുടെ പരസ്യം വന്നുകൊണ്ടിരിക്കും. എന്തിനാ കംപ്യൂട്ടർ അൽഗോരിതം? നാടൻ അൽഗോരിതങ്ങൾ എത്രയോ കാലമായി നമ്മുടെ നാടൻ കച്ചവടക്കാരുടെ മനസിൽ ലോഡ് ചെയ്തിരിക്കുന്നു. ഹോട്ടലുകളിൽ, തുണിക്കടകളിൽ, ഉത്സവ സ്ഥലങ്ങളിലെ ലൊട്ടുലൊടുക്കു കച്ചവടങ്ങളിൽ....

ചായക്കട ഉടമ കാലത്തേ മാനത്തോട്ടു നോക്കും, ഭയങ്കര മഴയാണോ? ഉച്ചയ്ക്ക് ആളു കുറയും. സാധാരണ 70 ഊണ് അല്ലെങ്കിൽ ബിരിയാണി പോകുമെങ്കിൽ അന്ന് 50 എണ്ണമേ പോകൂ എന്നറിയാം. സീസണും അവർക്കറിയാം. അവധിക്കാലത്ത് വിൽപന കൂടും. ജൂൺ, ജൂലൈ മാസങ്ങളിൽ കുറയും. സംസ്ഥാന സമ്മേളനമോ ആളു കൂടുന്ന ഏർപ്പാടുകളോ ഉണ്ടോ? എത്ര വിൽക്കുമെന്ന് അവർക്കറിയാം. സ്പെഷലുകൾ ഉണ്ടാക്കുമ്പോഴും അത് ഓരോന്നും എത്ര പ്ലേറ്റ് വിൽക്കാൻ സാധ്യതയുണ്ടെന്നറിയാം. നൊയമ്പും വ്രത സീസണും എങ്കിൽ ആ ലൈൻ പിടിക്കും. മനസ്സിലാണ് അൽഗോരിതം. വർഷങ്ങളുടെ പരിചയത്തിൽ നിന്നുള്ള ഡേറ്റ മനസ്സിലിട്ടുള്ള അനലിറ്റിക്സും പിന്നെ സ്വന്തം ബുദ്ധിയും (നിർമിത ബുദ്ധിയല്ല) മതി.

തുണിക്കടക്കാർക്ക് ആളു വരുമ്പോഴറിയാം എന്തു വാങ്ങും? റെയ്ഞ്ച് എത്ര എന്നാണു ചോദ്യം. ആ റെയ്ഞ്ചിൽ വിലയുള്ള റാക്കിലേക്കു പോകാം. ഇവിടെ മുതലാളിക്കു മാത്രമല്ല സെയിൽസ് ഗേളിനും മനസ്സിൽ അൽഗോരിതമുണ്ട്. കസ്റ്റമർ മനസ്സിൽ കാണുന്നതു മാനത്തുകണ്ട് അതുതന്നെ കാണിച്ചുകൊടുത്ത് വാങ്ങിപ്പിക്കുന്നതൊരു കലയാണ്. വൻ തുണിക്കടകളിൽ വിൽപന അനുസരിച്ച് സെയിൽസ് സ്റ്റാഫിന് ഇൻസെന്റീവ് കൊടുക്കുന്നത് ഈ കഴിവിനാണ്.

ഒടുവിലാൻ∙ ബിൽ കൊടുക്കുമ്പോൾ മൊബൈൽ ഫോൺ നമ്പർ വാങ്ങുന്നത് വിൽപനയുടെ ഡേറ്റ ഏതൊക്കെയോ അൽഗോരിതത്തിനു ഫീഡ് ചെയ്യാനാണ്. ലക്ഷക്കണക്കിന് ഉപയോക്താക്കളെക്കുറിച്ചുള്ള ബിഗ് ഡേറ്റയുടെ ഭാഗമായി അതു മാറുന്നു. ആ ഡേറ്റ വിറ്റു കാശാക്കുന്ന ബിസിനസുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA