ADVERTISEMENT

ന്യൂയോർക്ക്∙ റഷ്യ– യുക്രെയ്ൻ യുദ്ധം ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇക്കൊല്ലം ഇന്ത്യയ്ക്ക് 6.4% വളർച്ചയേ നേടാനാകൂ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. അതേസമയം, പ്രധാന രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇന്ത്യയുടേത്. വിലക്കയറ്റവും തൊഴിൽ മേഖലയുടെ തിരിച്ചുവരവിനുള്ള പ്രതിബന്ധങ്ങളും ഉപഭോഗത്തെയും നിക്ഷേപത്തെയും ബാധിക്കുന്നതാണ് കഴിഞ്ഞ വർഷം 8.8% വളർന്ന ഇന്ത്യയ്ക്ക് ഇക്കൊല്ലം വളർച്ച കുറയാൻ കാരണം.

കോവിഡിൽനിന്നു പതുക്കെ കരകയറിവന്ന ലോകത്തിന് കനത്ത ആഘാതമാണ് യുക്രെയ്ൻ പ്രതിസന്ധി വഴി ഉണ്ടായതെന്നും വിലക്കയറ്റം എല്ലാ രാജ്യങ്ങളെയും ഗ്രസിച്ചിരിക്കുകയാണെന്നും ലോക സാമ്പത്തിക നില സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. ലോകം ഇക്കൊല്ലം 3.1% സാമ്പത്തികവളർച്ചയേ നേടൂ. 4% എന്നായിരുന്നു ജനുവരിയിൽ നടത്തിയ പ്രവചനം. ലോകത്തെ വിലക്കയറ്റം 2010–2020 കാലത്തെ ശരാശരിയായ 2.9 ശതമാനത്തിന്റെ ഇരട്ടിയും കടന്ന് ഇക്കൊല്ലം 6.7% ആകും. ഇന്ധന–ഭക്ഷ്യവിലകളിലാണു വർധന കൂടുതലും. 

ആഗോളകാരണങ്ങളാലുള്ള സമ്മർദമുണ്ടെങ്കിലും ഇന്ത്യയുടെ നില ഭേദമാണെന്നു റിപ്പോർട്ട് പറയുന്നു. 6.4% വളർച്ച നിരക്ക് എന്നത് ജനുവരിയിൽ പ്രവചിച്ചതിനെക്കാൾ 0.3% മാത്രം താഴെയാണ്.  അടുത്ത വർഷം 6% വളർച്ചയാണു പ്രവചിക്കുന്നത്. യൂറോപ്പ് 2.7%, യുഎസ് 2.6%, ചൈന 4.5% എന്നിങ്ങനെയാണ് ഇക്കൊല്ലം വളരുകയെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com