അക്കബെസ് ഇന്റർനാഷനൽ: ഇന്ത്യയിലെ ആദ്യ ഓഫിസ് കൊച്ചിയിൽ
Mail This Article
കൊച്ചി ∙ ജോർദാൻ ആസ്ഥാനമായ അറബ് ബാങ്കിന്റെ സബ്സിഡിയറിയായ അറബ് ഗൾഫ് ടെക്കിനു കീഴിലുള്ള അക്കബെസ് ഇന്റർനാഷനൽ ഇന്ത്യയിലെ ആദ്യ ഓഫിസ് ആരംഭിക്കുന്നതു കൊച്ചി ഇൻഫോപാർക്കിൽ. അറബ് ബാങ്കിനായി ഡിജിറ്റൽ ടെക്നോളജി സൊലൂഷൻസ് വികസനത്തിൽ കണ്ണിയാകുകയാണു കൊച്ചി സെന്ററിന്റെ ചുമതല. മലപ്പുറം സ്വദേശിയായ ജനറൽ മാനേജർ രമേഷ് കാവിൽ അക്കബെസ് കൊച്ചി സെന്ററിന്റെ മേൽനോട്ടം വഹിക്കും. അക്കബെസ് ചെയർമാനും അറബ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ എറിക് മൊഡാവി ‘മനോരമ’യോട്.
എന്തുകൊണ്ടു കൊച്ചി ?
ഞങ്ങളെ ആകർഷിച്ചതു കൊച്ചിയാണ്. യോഗ്യതയുള്ള മികച്ച ഐടി പ്രഫഷനലുകളെയും പ്രതിഭയുള്ള തുടക്കക്കാരെയും ലഭിക്കുമെന്നതാണു കൊച്ചിയുടെ സവിശേഷത. മികച്ച കണക്ടിവിറ്റി, വെർച്വൽ ഇൻഫ്രാസ്ട്രക്ചർ ഒക്കെയുണ്ട്, ഇവിടെ. ചുരുങ്ങിയ സമയത്തിൽ എല്ലാ സാങ്കേതിക അനുമതികളും ലഭിച്ചു. ഇൻഫോപാർക്ക് സിഇഒയും സെസ് ഡവലപ്മെന്റ് കമ്മിഷണറുമൊക്കെ പിന്തുണ നൽകി.
കൊച്ചി സെന്ററിന്റെ ദൗത്യം?
ഇടപാടുകാർ ആഗ്രഹിക്കുന്ന എല്ലാവിധ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും നൽകുകയാണു പ്രധാനം. മൊബൈൽ ബാങ്കിങ്, നിർമിത ബുദ്ധി, ഡേറ്റ സയൻസ്, ക്രിപ്റ്റോ... ഇടപാടുകാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ സൊലൂഷൻസ് എന്തു തന്നെയായാലും സ്വയം വികസിപ്പിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം. കൊച്ചി സെന്റർ ‘ഐടി സൊലൂഷൻസ് ഡവലപ്മെന്റ് ഫാക്ടറി’ ആയി പ്രവർത്തിക്കും.
എത്രത്തോളം തൊഴിൽ സാധ്യത ?
മുൻഗണന നൽകുന്നതു തുടക്കക്കാരായ സാങ്കേതിക ബിരുദധാരികൾക്കാണ്. 47 പേരെ നിയമിച്ചു. വർഷാവസാനത്തോടെ 100 – 120 നിയമനം കൂടി നടത്തും. സെന്ററിന്റെ പ്രവർത്തന വിജയം കൂടി കണക്കിലെടുത്തു ഭാവിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൊച്ചിയിൽ അതിനെല്ലാം പറ്റിയ ഇക്കോസിസ്റ്റമുണ്ട്. കോ – വർക്കിങ് സ്പേസ് ഉപയോഗിക്കാം, ഓഫ്‌ലൈൻ – ഓൺലൈൻ ഹൈബ്രിഡ് മാതൃകയും പരീക്ഷിക്കാമല്ലോ.
English Summary: Acabes international to open office at Kochi