കൊച്ചി ∙ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ എൽഐസി ഓഹരികളുടെ വിപണി വില ഇഷ്യു വിലയെക്കാൾ 295 രൂപ താഴെ. വൻ പ്രതീക്ഷകളോടെ നിക്ഷേപകർ ഓഹരികളിൽ മുടക്കിയ തുകയുടെ മൂന്നിലൊന്നോളം ചോർന്നു പോയിരിക്കുന്നു. എൽഐസിയുടെ വിപണി മൂല്യത്തിൽ ഈ കാലയളവിലുണ്ടായ ഇടിവാകട്ടെ 1,86,144.40 കോടി രൂപ.
പത്തു രൂപ മുഖ വിലയുള്ള ഓഹരികൾ 949 രൂപ നിരക്കിലാണ് ആദ്യ പൊതു വിൽപന (ഐപിഒ) യിലൂടെ പുറത്തിറക്കിയത്. രാജ്യത്തെ മൂലധന വിപണി കണ്ട ഏറ്റവും വലിയ ഐപിഒയിൽ പങ്കാളികളാകാൻ ബ്രോക്കറേജുകളും അനലിസ്റ്റുകളും ബാങ്കുകളുമൊക്കെ വലിയ തോതിൽ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചു. ലക്ഷക്കണക്കിനു നിക്ഷേപകർ ജീവിതത്തിൽ ആദ്യമായി ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ച തുതന്നെ എൽഐസി ഇഷ്യുവിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു.
ഐപിഒ നടപടികളുടെ അവസാന ഭാഗമായി മേയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്തപ്പോൾത്തന്നെ പക്ഷേ നിക്ഷേപകരുടെ കൈ പൊള്ളി. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ 872 രൂപയ്ക്കായിരുന്നു ലിസ്റ്റിങ്; ബിഎസ്ഇയിൽ 867.20 രൂപയ്ക്കും. തുടക്കത്തിൽത്തന്നെ എട്ടു ശതമാനത്തിലേറെ നഷ്ടം നേരിട്ട ഓഹരികൾക്കു പിന്നീടിങ്ങോട്ട് എന്നും വിലയിടിവിന്റേതായി.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ എൻഎസ്ഇയിൽ വില 654.35 രൂപ മാത്രം; ബിഎസ്ഇയിൽ 654.70. എൽഐസിയുടെ വിപണി മൂല്യം 6,00,242 കോടി രൂപയായിരുന്നത് ഇന്നലെ 4,14.097.60 കോടിയിലേക്കു ചുരുങ്ങി. ഏഷ്യയിൽ നിന്ന് ഈ വർഷം ഐപിഒ വിപണിയിലെത്തിയ കമ്പനികളിൽ എൽഐസിയുടെ വിപണി മൂല്യത്തിലാണ് ഏറ്റവും വലിയ വീഴ്ച നേരിട്ടിരിക്കുന്നത്. ഇടിവു 31.09 ശതമാനമാണ്. ഇക്കാര്യത്തിൽ ഇതുവരെ ഒന്നാം സ്ഥാനം ദക്ഷിണ കൊറിയയിലെ എൽജി എനർജി സൊല്യൂഷൻ ലിമിറ്റഡിനായിരുന്നു: ഇടിവ് 29%.