ADVERTISEMENT

തിരുവനന്തപുരം∙ ഐടി പാർക്കുകളിൽ മദ്യലൈസൻസ് നൽകാനുള്ള തീരുമാനം ‘ഫ്രീസറിൽ’. മദ്യനയം പ്രഖ്യാപിച്ചു മൂന്നു മാസമായിട്ടും സ്പെഷൽ റൂൾ രൂപീകരിക്കാനായിട്ടില്ല. എക്സൈസ് വകുപ്പിലും ഐടി വകുപ്പിലും നികുതി വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫിസിലുമെല്ലാം കയറിയിറങ്ങിയ ശേഷം ഫയൽ ഇപ്പോൾ നിയമ വകുപ്പിലാണ്. ഐടി വകുപ്പിന്റെ നിരന്തര ആവശ്യപ്രകാരം അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചു പുതിയ മദ്യനയത്തിലുൾപെടുത്തിയ പദ്ധതിയാണ്  പ്രാരംഭ നടപടി പോലുമാകാത്തത്. ഇതിനിടെ ഐടി കമ്പനികളുടെ ആവേശവും തണുത്തു. 

ഐടി പാർക്കിലെ ഡവലപ്പർ അല്ലെങ്കിൽ കോ ഡവലപ്പർ ലൈസൻസി ആകുന്ന തരത്തിൽ ക്ലബ് മാതൃകയിൽ ലൈസൻസ് നൽകാനാണു തീരുമാനിച്ചത്. സ്പെഷൽ റൂളിന്റെ കരട് തയാറാക്കി എക്സൈസ് വകുപ്പ് സർക്കാരിനു നൽകിയപ്പോൾ ആദ്യം ഐടി പാർക്കിന്റെ നിർവചനത്തെച്ചൊല്ലിയായി ആശയക്കുഴപ്പം. ലൈസൻസിന്റെ ദുരുപയോഗം തടയാൻ നിർവചനത്തിൽ വ്യക്തത വേണമെന്നു സർക്കാർ ആവശ്യപ്പെട്ടതോടെ കരട് പരിഷ്കരിച്ചു വീണ്ടുമയച്ചു.

ഡവലപ്പർ അല്ലെങ്കിൽ കോ ഡവലപ്പർ നേരിട്ടു നടത്താത്ത സാഹചര്യത്തിൽ ക്ലബ് നടത്തിപ്പ് ആരെ ഏൽപിക്കണമെന്നതായിരുന്നു അടുത്ത ആശയക്കുഴപ്പം. പഞ്ചനക്ഷത്ര നിലവാരത്തിൽ നിശ്ചിത വർഷം ബാർ നടത്തിയ ആളെ ഏൽപിക്കാമെന്ന ശുപാർശയാണ് ഐടി വകുപ്പ് നൽകിയതെങ്കിലും ഇക്കാര്യം ഇപ്പോഴും അന്തിമമാക്കിയിട്ടില്ല. പ്രവർ‍ത്തനസമയം, ഫീസ് എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല. ഐടി പാർക്കുകളിലെ ഷിഫ്റ്റ് കണക്കിലെടുത്തുള്ള സമയം നൽകണമെന്നായിരുന്നു ഐടി വകുപ്പിന്റെ ആവശ്യം.

ഐടി പാർക്കുകൾക്കു ലൈസൻസ് നൽകുന്നതിനെതിരെ ചില ബാറുടമകളുടെ സമ്മർദമുണ്ടെന്ന ആക്ഷേപവും ശക്തമാണ്.കമ്പനി തുടങ്ങുന്നതിനു പാർക്കിൽ മദ്യലൈസൻസ് വേണമെന്ന് എഴുതിക്കൊടുത്ത ഡവലപ്പർമാർ പോലുമുണ്ടായിരുന്നെങ്കിൽ, മദ്യനയം വന്നശേഷം ആരും ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചിട്ടില്ല.  ഐടി പാർക്കിലെ പ്രമുഖ കമ്പനികൾക്കു പ്രഖ്യാപിത ‘നോൺ ആൽക്കഹോളിക്’ നയമുണ്ട്. ജോലിസമയത്തു പാർക്കിലെയും കമ്പനിയിലെയും മദ്യ ഉപയോഗം നിയന്ത്രിക്കുന്നതാണ് ഈ നയം. അതുകൊണ്ട് ചട്ടം രൂപീകരിച്ച ശേഷം മാനദണ്ഡങ്ങൾ അറിഞ്ഞു തീരുമാനമെടുക്കാം എന്ന നിലപാടിലാണു കമ്പനികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com