ന്യൂഡൽഹി∙ ജൂണിൽ രാജ്യത്തെ ജിഎസ്ടി വരുമാനം 1.44 ലക്ഷം കോടി രൂപ. 2021 ജൂൺ മാസത്തെ അപേക്ഷിച്ച് 56% വർധന. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. റെക്കോർഡ് വരുമാനം ഏപ്രിലിലായിരുന്നു; 1.67 ലക്ഷം കോടി. പ്രതിമാസം വരുമാനം 1.4 ലക്ഷം കോടി കടക്കുന്നത് ഇത് അഞ്ചാം തവണയാണ്. 4 മാസമായി തുടർച്ചയായി 1.4 ലക്ഷം കോടിക്കു മുകളിലാണ്. നികുതി പിരിവ് പൊതുവേ കുറവുള്ള സമയമാണ് ജൂൺ എന്ന ധാരണ കൂടി തിരുത്തുന്നതാണ് ജൂണിലെ വരുമാനക്കണക്കെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 25,306 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–32,406 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–75,887 കോടി, സെസ്– 11,018 കോടി എന്നിങ്ങനെയാണ് വരുമാനം. ജിഎസ്ടി വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന സെസ് പിരിവാണ് കഴിഞ്ഞ മാസമുണ്ടായത്. ജൂണിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 2,161 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ മാസം കേരളത്തിന് ലഭിച്ചത് 998 കോടിയും. വർധന 116%.