സ്റ്റാർട്ടപ് റാങ്കിങ്: കേരളം മൂന്നാം തവണയും ടോപ് പെർഫോമർ
Mail This Article
ന്യൂഡൽഹി∙ സ്റ്റാർട്ടപ് മേഖലയിലെ പ്രകടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പട്ടികയിൽ ടോപ് പെർഫോമേഴ്സ് വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും കേരളം. ഗുജറാത്ത്, കർണാടക, മേഘാലയ എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ബെസ്റ്റ് പെർഫോമിങ് സംസ്ഥാനങ്ങൾ.
മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളം ടോപ് പെർഫോമേഴ്സ് പട്ടികയിൽ ഇടംപിടിച്ചത്. കേരള സ്റ്റാർട്ടപ് മിഷനിലെ പി.എം റിയാസ് (ഡയറക്ടർ, ഫണ്ടിങ്), അശോക് കുര്യൻ പഞ്ഞിക്കാരൻ (ഹെഡ്,ബിസിനസ് ലിങ്കേജസ്), ജി.വരുൺ (പ്രോഗ്രാം ഹെഡ്, ഗവ.ആസ് എ മാർക്കറ്റ്പ്ലേസ്) എന്നിവരാണ് കേരളത്തിന്റെ സ്റ്റാർട്ടപ് ചാംപ്യൻസ്.
പ്രാദേശിക ഭാഷയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുക, പ്രോഡക്ട് ഡിസൈൻ–ഡവലപ്മെന്റ് എന്നിവയ്ക്കായുള്ള സ്റ്റാർട്ടപ് മിഷൻ ഡിജിറ്റൽ ഹബ്, വിവിധ സർക്കാർ വകുപ്പുകൾക്ക് സാങ്കേതികസഹായം ലഭ്യമാക്കാനുള്ള ഗവൺമെന്റ് ആസ് എ മാർക്കറ്റ്പ്ലേസ് പദ്ധതി എന്നിവ പരിഗണിച്ചാണ് കേരളത്തിന് അംഗീകാരം.
മറ്റു വിഭാഗങ്ങൾ
∙ലീഡേഴ്സ്: അസം, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, ചണ്ഡിഗഡ്, ദാദ്ര നാഗർ ഹവേലി, ഹിമാചൽ പ്രദേശ്, മണിപ്പുർ, നാഗാലാൻഡ്, പുതുച്ചേരി, ത്രിപുര.
∙ ആസ്പയറിങ് ലീഡേഴ്സ്: ഛത്തീസ്ഗഡ്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ.
∙ വളർന്നുവരുന്ന സ്റ്റാർട്ടപ് ഇക്കോസിസ്റ്റം: ആന്ധ്രപ്രദേശ്, ബിഹാർ, മിസോറം, ലഡാക്ക്.