ADVERTISEMENT

ഓഹരികളിൽ നിക്ഷേപം നടത്തുന്നവർ സ്ഥിരമായി ഉപയോഗിച്ചുവരുന്ന പദമാണ് പിഇ റേഷ്യോ അഥവാ പ്രൈസ് ടു ഏണിങ്സ് റേഷ്യോ. പേര് സൂചിപ്പിക്കുന്ന പോലെ ഓഹരിയുടെ നിലവിലെ വിപണി വിലയും കമ്പനി നിക്ഷേപകർക്ക് നൽകി വരുന്ന ആദായവും (ഏണിങ്സ്) തമ്മിലുള്ള അനുപാതത്തെയാണ് പി ഇ റേഷ്യോ എന്ന സൂചകം കൊണ്ട് അർഥമാക്കുന്നത്. നിക്ഷേപകനെ സംബന്ധിച്ചടത്തോളം അവർ തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ഓഹരിയുടെ മാർക്കറ്റ് വില കമ്പനിയുടെ യഥാർഥ മൂല്യവുമായി തുലനം ചെയ്യാൻ ഈ റേഷ്യോ സഹായിക്കുന്നു. വിപണിയിൽ കാണുന്ന വില പെരുപ്പിക്കപ്പെട്ടതാണോ അല്ലെങ്കിൽ യഥാർഥ മൂല്യം നിലവിൽ കാണുന്ന വിപണി വിലയെക്കാൾ ഉയരത്തിലാണോ എന്നതൊക്കെ അപഗ്രഥിക്കുന്നതിനായി പിഇ റേഷ്യോയെ നിക്ഷേപകർ ആശ്രയിക്കാറുണ്ട്.

പിഇ റേഷ്യോ: ഓർക്കേണ്ട കാര്യങ്ങൾ

∙ ഉയർന്ന പിഇ എന്ന കാരണം കൊണ്ടു മാത്രം ഓഹരി വില ഉയരത്തിലെത്തിക്കഴിഞ്ഞു, ഇനി വിറ്റുമാറുകയാണ് ഉചിതം എന്ന് ധരിക്കരുത്. കമ്പനിയെയും അത് ഉൾപ്പെടുന്ന വ്യവസായത്തെയും വിപണി പ്രതീക്ഷയോടെ കാണുന്നതിനാൽ നിക്ഷേപകർ കൂടുതൽ പ്രീമിയം നൽകി ഓഹരി കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിനാലാണ് പിഇ കയറിപ്പോകുന്നത്.

∙ നിലവിൽ പിഇ താഴ്ന്നുനിൽക്കുന്നതിനാൽ നിക്ഷേപത്തിനുള്ള അവസരം വന്നുചേർന്നെന്ന് പൂർണമായി ധരിക്കുന്നതിലും അർഥമില്ല. കമ്പനിയുടെ മോശം പ്രകടനവും മാനേജ്മെന്റിന്റെ ദീർഘവീക്ഷണമില്ലായ്മയും വളർച്ചാസാധ്യത കുറഞ്ഞ ബിസിനസിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നതുമൊക്കെ കാരണം പിഇ താഴെ വന്നിരിക്കാം.

∙ കമ്പനിയുടെ സംഖ്യാവിശകലനം നടത്തുമ്പോൾ പിഇ റേഷ്യോ എന്നത് വളരെ പ്രചാരമുള്ളതും പ്രധാനപ്പെട്ടതുമായ ഒരു സൂചകമാണെങ്കിലും മറ്റനേകം ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കണം നിക്ഷേപ തീരുമാനം എടുക്കേണ്ടത്. 

പിഇ റേഷ്യോ കണക്കാക്കുന്നതെങ്ങനെ?

കമ്പനിയുടെ ഓരോ രൂപ ഏണിങ്സിനും എത്ര മടങ്ങ് വില നൽകാൻ വിപണി തയാറാകുന്നു എന്ന സൂചനയാണ് പി ഇ മൾട്ടിപ്പിൾ നൽകുന്നത്. വിപണിയിൽ നിലവിൽ കാണുന്ന മാർക്കറ്റ് വിലയെ കമ്പനിയുടെ ഇപിഎസ് അഥവാ ഏണിങ്സ് പെർ ഷെയർ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് പിഇ.

ലളിതമായ ഉദാഹരണം വഴി മനസ്സിലാക്കാം. 50 രൂപ വിപണി വിലയുള്ള ഒരു ഓഹരിയുടെ ഇപിഎസ് 5 രൂപയാണെന്നിരിക്കട്ടെ. 50 രൂപയെ 5 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന 10 എന്ന സംഖ്യയായിരിക്കും പ്രസ്തുത കമ്പനിയുടെ പിഇ. അതായത് കമ്പനിയുടെ ഒരു രൂപ ഏണിങ്സിന് 10 മടങ്ങ് വില വിപണിയിൽ നൽകാൻ നിക്ഷേപകർ തയാറാണ് എന്നർഥം. സ്വാഭാവികമായും ഇവിടെ ഉയർന്നു വരാവുന്ന ചോദ്യം 10 പിഇ എന്നത് പ്രസ്തുത കമ്പനിയെ സംബന്ധിച്ചിടത്തോളം കൂടുതലാണോ അതോ ഭാവിയിൽ കൂടുതൽ വളർച്ചാസാധ്യത കൽപിക്കപ്പെടുന്ന കമ്പനി ആയതിനാൽ 10 എന്ന പി ഇ ഇനിയും മുകളിലേക്ക് പോവുമോ എന്നുള്ളതൊക്കെയാണ്. അത്തരം സംശയങ്ങൾ ദൂരീകരിക്കാൻ ചെയ്യേണ്ടത് അതേ വ്യവസായത്തിൽ പെട്ട മറ്റു കമ്പനികളുടെ പിഇയുമായി ഒരു താരതമ്യ പഠനം നടത്തുക എന്നതാണ്.

മറ്റൊരു ഉദാഹരണം പരിശോധിക്കാം. കമ്പനി ‘എ’യുടെ ഓഹരി വില 50 രൂപയാണെന്ന് കരുതുക. അതേ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി ‘ബി’യുടേത് 30 രൂപയാണെന്നുമിരിക്കട്ടെ. ഒറ്റ നോട്ടത്തിൽ കമ്പനി ‘എ’യുടെ ഓഹരി വാങ്ങാൻ ചിലവിടേണ്ട തുക ‘ബി’യുടേതിനേക്കാൾ കൂടുതലാണെന്ന് വ്യക്തമാണല്ലോ. ഇവിടെയാണ് യഥാർഥത്തിൽ ഏതു കമ്പനിയാണ് നിക്ഷപകരെ സംബന്ധിച്ചിടത്തോളം മികച്ചത് എന്ന് വിശകലനം ചെയ്യാൻ പിഇ റേഷ്യോയുടെ താരതമ്യം സഹായകരമാകുന്നത്. കമ്പനി ‘എ’യുടെ പിഇ 12, ‘ബി’യുടേത് 25, ഇവ രണ്ടും പ്രതിനിധാനം ചെയ്യുന്ന സെക്ടറിന്റെ ശരാശരി പിഇ 15 എന്നും കണ്ടെത്തിയതായി കരുതുക. മാർക്കറ്റ് വില അൽപം കൂടുതലാണെങ്കിലും പിഇ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുമ്പോൾ കമ്പനി ‘എ’, കമ്പനി ‘ബി’യെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്ന് പറയേണ്ടിവരും. കാരണം ഒരു രൂപ ഏണിങ്സിനായി കമ്പനി ‘എ’യ്ക്ക് 12 മടങ്ങ് വിലയാണു നൽകുന്നതെങ്കിൽ കമ്പനി ‘ബി’ക്ക് 25 മടങ്ങ് വിലയാണ് നൽകിക്കൊണ്ടിരിക്കുന്നത്; പ്രത്യേകിച്ചും സെക്ടറിന്റെ ശരാശരി പിഇ 15ൽ നിൽക്കുന്ന സമയത്ത്. ഭാവിയിലെ വളർച്ച പരിഗണിച്ചും താരതമ്യേന പിഇ കുറഞ്ഞ കമ്പനി എന്ന നിലയിലും മെച്ചപ്പെട്ട കമ്പനി ‘എ’യാണെന്ന് പിഇ റേഷ്യോ അടിസ്ഥാനമാക്കി വിലയിരുത്താവുന്നതാണ്.

Content Highlights: PE Ratio, Share market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com