ADVERTISEMENT

ന്യൂഡൽഹി∙ പവർ എക്സ്ചേഞ്ചിൽനിന്നു സംസ്ഥാനങ്ങൾ വാങ്ങുന്ന വൈദ്യുതിക്കു നിലവിലുള്ള വിലനിയന്ത്രണം നീങ്ങിയേക്കുമെന്ന് ആശങ്ക. ഇത് രാജ്യമാകെ വൈദ്യുതിവില വർധിക്കാൻ ഇടയാക്കിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് പ്രകാരം പവർ എക്സ്ചേ‍‍ഞ്ചിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് നിലവിൽ യൂണിറ്റിന് 12 രൂപ വരെ മാത്രമേ ഈടാക്കാവൂ. ഈ നിയന്ത്രണം മറികടക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു പുറമേ സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ചിൽനിന്നാണു വൈദ്യുതി വാങ്ങുന്നത്.

എന്തുകൊണ്ട്?

ഉയർന്ന വിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കും ഗ്യാസ് അധിഷ്ഠിത പ്ലാന്റുകൾക്കും 12 രൂപയിൽ താഴെ പവർ എക്സ്ചേഞ്ചിൽ വിൽക്കാൻ കഴിയുന്നില്ല. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ആളില്ലാത്തതിനാൽ 24 ഗിഗാവാട്ട് ശേഷിയുള്ള ഗ്യാസ് അധിഷ്ഠിത പ്ലാന്റുകളും 17 ഗിഗാവാട്ട് ശേഷിയുള്ള കൽക്കരി (ഇറക്കുമതി ചെയ്തത്) പ്ലാന്റുകളും പൂർണമായും പ്രവർത്തിക്കുന്നില്ല. ഉയർന്ന ഇന്ധനച്ചെലവാണ് ഗ്യാസ് അധിഷ്ഠിത പ്ലാന്റുകൾക്ക് വെല്ലുവിളി.ഇവരെക്കൂടി ഉൾപ്പെടുത്താനായി പ്രത്യേക വിപണി സൃഷ്ടിക്കാനാണ് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ നീക്കം. ഇതുവഴി വൈദ്യുതി ലഭ്യത ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ കരടുരേഖ പൊതുജനാഭിപ്രായത്തിനായി കേന്ദ്രം പ്രസിദ്ധീകരിച്ചു. 

ഉയർന്ന വില ഈടാക്കാമെന്നതിനാൽ പുതിയ വിപണിയിലേക്ക് ഉൽപാദകർ മാറിയാൽ നിലവിലുള്ള സ്പോട്ട് വിപണിയിൽ ലഭ്യത കുറയാം. നിലവിലുള്ള വിപണിയിൽ 12 രൂപയാണ് പരിധിയെങ്കിലും ശരാശരി 6 മുതൽ 8 രൂപ വരെയാണ് ഈടാക്കുന്നത്. ലഭ്യത കുറഞ്ഞാൽ വില 12 വരെയെത്താം. ഉയർന്ന തുകയ്ക്ക് പുതിയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടിയും വരും. വിലനിയന്ത്രണം കൊണ്ടുവരുന്നതിനു മുൻപ് പവർ എക്സ്ചേഞ്ചിൽ മുൻപ് യൂണിറ്റിന് 20 രൂപ വരെ നിരക്കുയർന്നിട്ടുണ്ട്. കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ മേയിലാണ് വിലനിയന്ത്രണം ഏർപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com