ADVERTISEMENT

ന്യൂ‍ഡൽഹി ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിന് എതിരാണെന്ന വിവാദത്തിൽ വ്യക്തമായ നിലപാടു പറയാതെ ആർബിഐ. ആർബിഐയുടെ തന്നെ ഓഗസ്റ്റ് ലക്കം ബുള്ളറ്റിനിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. ലേഖനം ആർബിഐയുടെ അഭിപ്രായമല്ലെന്നു വിശദീകരിച്ചു ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ വിശദീകരണ കുറിപ്പിറക്കിയെങ്കിലും സ്വകാര്യവൽക്കരണത്തിന്റെ കാര്യത്തിൽ ആർബിഐയുടെ നിലപാട് എന്താണെന്നു വ്യക്തമാക്കിയില്ല.

അതേസമയം, പൊതുമേഖല ബാങ്കുകളെ ഒറ്റയടിക്കു സ്വകാര്യവൽക്കരിക്കുന്ന രീതിയേക്കാൾ, സർക്കാർ പ്രഖ്യാപിച്ചതു പോലെ ഘട്ടംഘട്ടമായുള്ള സമീപനം മികച്ച ഫലം നൽകുമെന്ന ലേഖനത്തിലെ നിരീക്ഷണം വിശദീകരണ കുറിപ്പിൽ ചേർത്തു. ലേഖനത്തിലെ അഭിപ്രായം ആർബിഐയുടേതല്ലെന്നും ഇത് ആർബിഐയിലെ ഗവേഷകർ സ്വന്തം നിലയ്ക്കു തയാറാക്കിയതെന്നുമാണു വിശദീകരണത്തിലുള്ളത്. അതേസമയം, സ്വകാര്യവൽക്കരണ കാര്യത്തിൽ സർക്കാർ നയം ശരിയാകുമെന്ന ലേഖനത്തിലെ ഭാഗം ആവർത്തിച്ചു.

എല്ലാ പൊതുമേഖലാ ബാങ്കുകളെയും ഒറ്റയടിക്കു സ്വകാര്യവൽക്കരിക്കുന്നതു ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ലേഖനത്തിലുണ്ടായിരുന്നത്. ഇതിനു പകരം, സാവധാനം സർക്കാർ നിയന്ത്രണം ഒഴിവാക്കുകയാണ് വേണ്ടത്. ഘട്ടമായുള്ള സ്വകാര്യവൽക്കരണം വഴി എല്ലാവരെയും ഉൾക്കൊള്ളുന്ന സമ്പദ്‍വ്യവസ്ഥയെന്ന ലക്ഷ്യത്തിൽ വിടവു സൃഷ്ടിക്കുന്നില്ലെന്നു സർക്കാരിന് ഉറപ്പാക്കാൻ കഴിയുമെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ നടന്ന പൊതുമേഖല ബാങ്കുകളുടെ ലയനം മേഖലയുടെ ഏകീകരണത്തിനു വഴിയൊരുക്കി. കൂടുതൽ ശക്തവും മത്സരക്ഷമതയുള്ള ബാങ്കുകളെ ഇതു സൃഷ്ടിച്ചുവെന്നും ലേഖനത്തിലുണ്ട്. 2020–ൽ സർക്കാർ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് 4 ബാങ്കുകളാക്കിയിരുന്നു. ഇതോടെ രാജ്യത്തെ ആകെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 10 ആയിരുന്നു. ഒറ്റയടിക്കുള്ള സ്വകാര്യവൽക്കരണം ഗുണത്തെക്കാൾ ദോഷം ചെയ്യും. 2 ബാങ്കുകളെ സ്വകാര്യവൽക്കരിക്കാൻ ആലോചിക്കുന്ന കാര്യം സർക്കാർ വ്യക്തമാക്കിയെന്നും ലേഖനം വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com