ADVERTISEMENT

Q ഞങ്ങൾ എല്ലാ ജീവനക്കാർക്കും ഓണത്തിന് ഒരുമാസത്തെ ശമ്പളം ബോണസായി നല്കാറുണ്ട്. എന്നാൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഞങ്ങളുടെ സ്ഥാപനം ഭൂരിഭാഗം ദിവസങ്ങളിലും അടഞ്ഞുകിടക്കുകയായിരുന്നു. തുറക്കാൻ കഴിഞ്ഞ ദിവസങ്ങൾക്കു പോലും വളരെ ബുദ്ധിമുട്ടിയാണ് ജീവനക്കാർക്ക് വേതനം നല്കിയിരുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അരമാസത്തെ ശമ്പളം മാത്രമേ ബോണസായി നൽകാൻ കഴിയുകയുള്ളൂ എന്നറിയിച്ചപ്പോൾ യൂണിയൻ നേതാക്കൾ എതിർപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. നിയമവശം എന്താണ്? ∙ ഒരു തൊഴിലുടമ

A ഒരു മാസത്തെ ശമ്പളം പൂർണമായും ബോണസായി നൽകണമെന്ന് നിയമം അനുശാസിക്കുന്നില്ല. നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർക്ക് സർക്കാർ മിനിമം വേജസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ അവരുടെ വേതനം 7000 രൂപയാണ് എന്നു കണക്കാക്കി ബോണസ് നൽകിയാൽ മതി. ഉദാഹരണത്തിന് 18,000 രൂപ വേതനമുള്ള ജീവനക്കാരൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5 മാസം മാത്രമാണ് ജോലി ചെയ്തതെങ്കിൽ അയാൾക്ക് 35,000 രൂപയുടെ 8.33% അതായത് 2916 രൂപ മാത്രം ബോണസായി നൽകിയാൽ മതി. നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർക്ക് മിനിമം വേജസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ മിനിമം വേജസ് പ്രകാരമുള്ള ബോണസ് നൽകേണ്ടതായി വരും. സാധാരണ ഗതിയിൽ മിനിമം വേജസ് 12,000 രൂപയേക്കാൾ കൂടാനിടയില്ല. 

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ താങ്കളുടെ സ്ഥാപനം ലാഭം ഉണ്ടാക്കിയിരുന്നുവെങ്കിൽ ലാഭത്തിന്റെ തോത് അനുസരിച്ച് 20% വരെ ബോണസ് നൽകാനുള്ള ബാധ്യത താങ്കൾക്ക് ഉണ്ടാകുമായിരുന്നു. 

ബോണസ് നിയമത്തിലെ വകുപ്പ് 2(13) അനുസരിച്ച് 21,000 രൂപയേക്കാൾ കൂടുതൽ വേതനം ഉള്ളവർക്ക് ബോണസിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വേതനം അഥവാ ശമ്പളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന വേതനവും ക്ഷാമബത്തയും മാത്രമാണ്. ബന്ധപ്പെട്ട അക്കൗണ്ടിങ് വർഷത്തിൽ 30 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള എല്ലാ ജീവനക്കാർക്കും ബോണസിന് അർഹതയുണ്ടാകും. സ്ഥാപനം നഷ്ടത്തിലാണെങ്കിൽ പോലും 8.33% എന്ന നിരക്കിലെങ്കിലും ബോണസ് നൽകണം. എന്നാൽ, സ്ഥാപനം പ്രവർത്തനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ അഞ്ചുവർഷ കാലയളവിൽ നഷ്ടത്തിൽ പ്രവർത്തിച്ച വർഷങ്ങളിൽ ബോണസ് നൽകേണ്ടതില്ല.

 തൊഴിലാളികൾക്ക് കീഴ്‌വഴക്കമനുസരിച്ച് നൽകിയ ബോണസും (കസ്റ്റമറി ബോണസ്) പൂജാ ബോണസും, നിയമാനുസൃതം ബോണസ് നൽകേണ്ടതായ സമയത്തിനു മുമ്പായി നൽകിയ ഭാഗിക ബോണസും ബോണസ് നിയമം അനുസരിച്ച് നൽകേണ്ടതായ ബോണസിൽനിന്നും തൊഴിലുടമയ്ക്ക് തട്ടിക്കിഴിക്കാവുന്നതാണ്.   

കേരളത്തിൽ, 10 ജീവനക്കാർ ഏതെങ്കിലും ഒരു ദിവസം ജോലി ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ ബോണസ് നിയമത്തിന്റെ പരിധിയിൽ വരും. ഒരു അക്കൗണ്ടിങ് വർഷം പൂർത്തീകരിച്ച തീയതിയിൽനിന്ന് 8 മാസത്തിനുള്ളിൽ ബോണസ് വിതരണം ചെയ്താൽ മതി. ബോണസ് നിയമത്തിലെ വകുപ്പ് 9 അനുസരിച്ച് വഞ്ചന, സ്ഥാപനത്തിനകത്തുള്ള അക്രമ പ്രവർത്തനങ്ങൾ, സ്ഥാപനത്തിന്റെ സ്വത്തുക്കളുടെ കളവ്, ദുർവിനിയോഗം, അട്ടിമറി മുതലായ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ട തൊഴിലാളിക്ക് ബോണസ് നിഷേധിക്കാം. ബോണസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് ആറ് മാസം വരേയ്ക്കും ഉള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com