ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം മാത്രം പിന്നിടുമ്പോൾ റജിസ്റ്റർ ചെയ്തത് അരലക്ഷത്തിലേറെ സംരംഭങ്ങൾ. 50218 സംരംഭങ്ങളിലായി 2970 കോടി രൂപയുടെ നിക്ഷേപവും 110183 തൊഴിലവസരങ്ങളുമാണു വന്നത്.അയ്യായിരത്തിലേറെ സംരംഭങ്ങളുമായി മലപ്പുറം, എറണാകുളം ജില്ലകളാണു മുൻപിൽ. 10 ലക്ഷം രൂപ വരെ സംരംഭകർക്കു വായ്പ ലഭ്യമാക്കുന്നതിനായി 403 തദ്ദേശസ്ഥാപനങ്ങളിൽ വായ്പാമേള നടത്തി 9.5 കോടി രൂപ അനുവദിച്ചു. 1326 ലൈസൻസുകളും അതിവേഗം അനുവദിച്ചു. 847 സബ്സിഡി അപേക്ഷകളും മേളകളിൽ പരിഗണിച്ചു. പദ്ധതിയുടെ പ്രചാരണാർഥം 1034 തദ്ദേശസ്ഥാപനങ്ങളിലായി 1158 പൊതു ബോധവൽക്കരണ പരിപാടി നടത്തി. വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 16065 സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചെന്നു മന്ത്രി പി.രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, വ്യവസായ ഡയറക്ടർ എസ്.ഹരികിഷോർ എന്നിവർ പറഞ്ഞു.

പട്ടിക വിഭാഗം സംരംഭകരുടേതായി 2300 സംരംഭങ്ങളും റജിസ്റ്റർ ചെയ്തു. തദ്ദേശ, സഹകരണ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെയാണു പദ്ധതി. വിദേശ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുന്നതിനായി നോർക്കയുടെ സഹായത്തോടെ ശിൽപശാല നടത്തും. ഉൽപന്നങ്ങൾക്കു ലോകവിപണിയിൽ സ്വീകാര്യത ലഭിക്കുന്നതിനു കേരള ബ്രാൻഡ് എന്ന പേരിൽ ബ്രാൻഡിങ് നൽകും. വിപണനത്തിനായി ഒഎൻഡിസിയുമായി ചേർന്ന് ഓപ്പൺ നെറ്റ് വർക്ക് പ്ലാറ്റ്ഫോം രൂപീകരിക്കും. സംരംഭകരെ സഹായിക്കാൻ വിദഗ്ധ പാനലിസ്റ്റുകളെ ഉൾപ്പെടുത്തി ജില്ലകളിൽ എംഎസ്എംഇ ക്ലിനിക്കുകൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

പ്രധാന സംരംഭ മേഖലകൾ:

കൃഷി–ഭക്ഷ്യ സംസ്കരണം: 7500 സംരംഭം, 400 കോടി നിക്ഷേപം, 19500 തൊഴിൽ

ടെക്സ്റ്റൈൽ–ഗാർമെന്റ്സ്: 5800 സംരംഭം, 250 കോടി നിക്ഷേപം, 12000 തൊഴിൽ

ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ്: 2100 സംരംഭം, 120 കോടി നിക്ഷേപം, 3900 തൊഴിൽ

സേവന മേഖല: 4300 സംരംഭം, 270 കോടി നിക്ഷേപം, 9900 തൊഴിൽ

വ്യാപാരമേഖല: 17000 സംരംഭം, 980 കോടി നിക്ഷേപം, 32000 തൊഴിൽ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com