ADVERTISEMENT

തുടങ്ങാൻ പോകുന്ന സംരംഭത്തിന്റെ വിവിധ വശങ്ങൾ പ്രതിപാദിക്കുന്ന പദ്ധതി രേഖയാണ് പ്രോജക്ട് റിപ്പോർട്ട്.  ഒന്നുകിൽ സംരംഭകൻ തന്നെ തയാറാക്കണം. ഇതിൽ പ്രഫഷനൽ തികവ് ഉണ്ടാകണമെന്നില്ല. എന്നാൽ ബാങ്കുമായി പദ്ധതിയെ സംസാരിക്കുന്ന വേളയിൽ ആശയവ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും വിശദീകരിക്കാൻ ആകുമെന്നതാണ് മെച്ചം. ഒരു കൺസൽറ്റന്റ് വഴിയും ഇതു ചെയ്യാം. അങ്ങനെയെങ്കിൽ, സാധ്യമായ എല്ലാ വിവരങ്ങളും പ്രോജക്ട് എഴുതും മുൻപു തന്നെ കൺസൽറ്റന്റുമായി സമയം എടുത്ത് സംസാരിക്കുക. തയാറാക്കിയ പ്രോജക്ട് ബാങ്കിൽ നൽകും മുൻപു നല്ലതു പോലെ വായിക്കുക. കാരണം ബാങ്ക് ഇതിനെ ആധാരമാക്കിയാണ് വ്യവസായ വായ്പയുമായി മുന്നോട്ട് പോകുന്നത്. ചില അവസരങ്ങളിൽ ബാങ്കിനു പുറത്തും ഇതേ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും. ഉദാഹരണം: സബ്സിഡിക്ക് അർഹമായ യൂണിറ്റ് ആണെങ്കിൽ അതനുവദിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രമോ സമാന ഏജൻസികൾക്കോ ഈ രേഖ നൽകേണ്ടതുണ്ട്.

പ്രോജക്ട് റിപ്പോർട്ടിൽ എന്ത് സംരംഭം, എവിടെയാണ് ആരംഭിക്കുന്നത്, എന്തൊക്കെ അനുമതികൾ ആവശ്യമുണ്ട്, എത്ര രൂപയാകും പദ്ധതി ചെലവ്, ഭാവി ബാലൻസ് ഷീറ്റുകൾ എങ്ങനെയാകും (ഫിനാൻഷ്യൽ പ്രൊജക്‌ഷൻ), ഉത്പാദന പ്രക്രിയ എന്താണ്, എന്തൊക്കെ യന്ത്ര സംവിധാനങ്ങൾ ആവശ്യം വരും തുടങ്ങിയ പല ചോദ്യങ്ങൾക്കും ഉള്ള യുക്തിസഹമായ ഉത്തരങ്ങളാണ് പ്രതിപാദിക്കുക. മൊത്തം പദ്ധതി ചെലവിന്റെ വിശദാംശം പറയുന്ന ഭാഗത്ത് എത്ര തുക ഗുണഭോക്തൃ വിഹിതം അഥവാ മാർജിൻ ആയി നിക്ഷേപിക്കാൻ അപേക്ഷകരുടെ പക്കൽ ഉണ്ട് എന്നത് വ്യക്തമാക്കണം. പ്രോജക്ട് കോസ്റ്റിൽ അത് കഴികെ ഉള്ള തുകയാണ് സംരംഭത്തിനുള്ള വായ്പയായി ബാങ്ക് അനുവദിക്കുക. വായ്പ അനുവദിച്ച അറിയിപ്പ് കിട്ടിയലുടൻ മാർജിൻ തുക തയാറായിരിക്കണം.

പ്രോജക്ടിൽ പറഞ്ഞ പദ്ധതി സമയ രേഖ (ഇംപ്ലിമെന്റേഷൻ ഷെഡ്യൂൾ) അനുസരിച്ച് ബാങ്ക് വായ്പയിലെ തുകയും ആനുപാതിക മാർജിനും എടുത്ത് യന്ത്രസംവിധാനങ്ങൾ നൽകുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അനുവദിക്കും. അതായത് പ്രൊജക്ടിന്റെ അനുബന്ധമായി നൽകുന്ന യന്ത്ര സാമഗ്രികളുടെ ക്വട്ടേഷൻ/എസ്റ്റിമേറ്റ് അനുസരിച്ചാകും വായ്പാ വിതരണം. അതിനാൽ തന്നെ ഈ എസ്റ്റിമേറ്റ് കൃത്യമാണന്നും, അവിടെ നിന്ന് തന്നെയാണ് സാധനങ്ങൾ എടുക്കാൻ പോകുന്നതെന്നും പ്രോജക്ട് സമർപ്പിക്കുന്ന സമയത്ത് തന്നെ ഉറപ്പാക്കുക. പ്രോജക്ട് റിപ്പോർട്ട് കൂടാതെ മറ്റ് രേഖകൾ എന്തൊക്കെയാണ് ബാങ്കിനു സമർപ്പിക്കേണ്ടത് ? അതേ പറ്റി നാളെ

(യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംഎസ്എംഇ കോഴിക്കോട് വായ്പ കേന്ദ്രം ഹെഡ് ആണ് ലേഖകൻ)

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com