ADVERTISEMENT

നെടുമ്പാശേരി ∙ കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കര കയറി കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി. 2020–21ലെ 87.21 കോടി രൂപ നഷ്ടത്തിൽ നിന്ന് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം സിയാൽ 217.34 കോടി രൂപയുടെ ലാഭത്തിലെത്തി.    നികുതി കഴിച്ചുള്ള ലാഭം 26.13 കോടി രൂപ. 

418.69 കോടി രൂപയാണ് 2021–21ലെ സിയാലിന്റെ ആകെ വരുമാനം. ചെലവ് 201.35 കോടി. ഇന്നലെ തിരുവനന്തപുരത്ത് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണക്കുകൾ അംഗീകരിച്ചു. കമ്പനിയുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കൊച്ചിയിൽ നടക്കും. കമ്പനിയുടെ കഴിഞ്ഞ വർ‌ഷങ്ങളിലെ സാമ്പത്തിക നഷ്ടം നികത്തിയ ശേഷമേ ഇനി ഓഹരി ഉടമകൾക്ക് ലാഭ വിഹിതം ലഭിക്കൂ. 

കോവിഡിന് മുൻപ് പ്രതിവർഷം ഒരു കോടിയോളം യാത്രക്കാരാണ് കൊച്ചി വഴി സഞ്ചരിച്ചിരുന്നത്. കോവിഡിന്റെ ആദ്യ വർഷത്തിൽ 24.7 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വർഷം 47.59 ലക്ഷമായി ഉയർത്താനായി.  സിയാലിന്റെ പൂർണ ഉടമസ്ഥതയിലുള്ള സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡ് 150.59 കോടി രൂപ വരുമാനം നേടി. മുൻ വർഷം ഇത് 52.32 കോടി രൂപയായിരുന്നു. 2022–23 സാമ്പത്തിക വർഷം 275 കോടി രൂപയാണ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് സിയാൽ പ്രതീക്ഷിക്കുന്നത്. സിയാലിന്റെ മൊത്ത വരുമാനമായി  675 കോടി രൂപയും പ്രതീക്ഷിക്കുന്നു. 

  മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഡയറക്ടർമാരായ ഇ.കെ.ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എം.എ.യൂസഫലി, എൻ.വി.ജോർജ്, ഇ.എം.ബാബു, മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com