ADVERTISEMENT

കൊച്ചി ∙ യുവതയുടെ സ്വപ്നക്കൂടാരമായി മാറുമെന്നു പ്രതീക്ഷിച്ചിരുന്ന സ്മാർട് സിറ്റി കൊച്ചി ഐടി പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടു വർഷം ആറായെങ്കിലും ഇതുവരെ ലഭ്യമാക്കാൻ കഴിഞ്ഞത് ഏകദേശം 4,500 തൊഴിൽ അവസരങ്ങൾ മാത്രം. 2011 ൽ സംസ്ഥാന സർക്കാരുമായി ഒപ്പിട്ട പാട്ടക്കരാർ പ്രകാരം 10 വർഷത്തിനുള്ളിൽ 90,000 പേർക്കു തൊഴിൽ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം.

സംസ്ഥാന സർക്കാരും ദുബായ് ഹോൾഡിങ്ങും ചേർന്നുള്ള സംയുക്ത സംരംഭമായ സ്മാർട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ 16 % ഓഹരികളാണു സർക്കാരിനുള്ളത്. 84 % ഓഹരികളും കയ്യാളുന്നതു ദുബായ് ഹോൾഡിങ്ങിനു കീഴിലുള്ള സ്മാർട് സിറ്റി (ഇന്ത്യ) എഫ്സെഡ് എൽഎൽസിയാണ്. 2011 ലെ പാട്ടക്കരാർ പ്രകാരം കാക്കനാട് മേഖലയിൽ 246 ഏക്കർ സ്ഥലം 99 വർഷത്തേക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിനാണു കൈമാറിയത്.

88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ടൗൺഷിപ്, 90,000 തൊഴിൽ അവസരങ്ങൾ, ആഗോള കമ്പനികൾക്കു ചേക്കേറാൻ അത്യാധുനിക സൗകര്യങ്ങളുള്ള പാർക്ക് എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ, പലവിധ വിവാദങ്ങളിൽ ആടിയുലഞ്ഞ പദ്ധതിയുടെ ആദ്യ ഐടി കെട്ടിടം പൂർത്തിയായതു തന്നെ 2016 ലാണ്. ഇപ്പോഴും, പൂർത്തിയായ ഏക ബിസിനസ് സമുച്ചയവും അതു തന്നെ. വമ്പൻ ഐടി കമ്പനികളൊന്നും അവിടേക്കു വന്നതുമില്ല.

2024 നകം, ആയിരക്കണക്കിനു പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു സ്മാർട് സിറ്റി അധികൃതർ. 1,835 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു പുരോഗമിക്കുന്നത്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പ്രസ്റ്റീജ് സൈബർ ഗ്രീൻ 1 മന്ദിരത്തിന്റെ നിർമാണം ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പൂർത്തിയാകും. ലുലു ഐടി ഒന്ന്, രണ്ട് ടവറുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. മറാട്ട് ടെക് പാർക്ക് അടുത്ത വർഷം പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

Content Highlights: Smart city, Job offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com