ADVERTISEMENT

കൊച്ചി∙ വ്യവസായ എസ്റ്റേറ്റുകളിലും പാർക്കുകളിലും ഇനി ഭൂമി സംരംഭകർക്കു വിൽക്കില്ല, പാട്ടം മാത്രം. പതിറ്റാണ്ടുകൾക്കുമുൻപ് പണമടച്ച് ഭൂമി സ്വന്തമാക്കിയ സംരംഭകർക്ക് അവകാശിക്ക് കൈമാറാം, അല്ലെങ്കിൽ മറ്റൊരു സംരംഭകന് വിൽക്കാം. സംസ്ഥാനത്തെ ചെറുകിട സംരംഭകരെ ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നത്തിനു പരിഹാരമായി വ്യവസായഭൂമി പാട്ടനയത്തിന്റെ കരട് തയാറായി.

മാത്രമല്ല, ജില്ലാ വ്യവസായ കേന്ദ്രങ്ങളും കിൻഫ്രയും കെഎസ്ഐഡിസിയും വ്യത്യസ്ത വ്യവസ്ഥകളനുസരിച്ച് ഭൂമി നൽകുന്ന രീതി അവസാനിപ്പിച്ച് ഏകീകൃത വ്യവസ്ഥകളും അലോട്മെന്റും കൊണ്ടുവരും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാവും ആർക്ക്, എന്ത് ആവശ്യത്തിന്, എത്ര ഭൂമി അനുവദിക്കണമെന്നു തീരുമാനിക്കുക. ഭൂമി ഏറ്റെടുക്കാൻ വന്ന ചെലവും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിനുള്ള ചെലവും കണക്കാക്കിയാണ് പാട്ടത്തുക നിശ്ചയിക്കുക. സംരംഭകനു തവണകളായി പാട്ടത്തുക അടയ്ക്കാം. പാട്ടത്തുക അട‍ച്ചുതീർക്കുന്ന മുറയ്ക്ക് ബാങ്ക് വായ്പയ്ക്കായി ഭൂമി ഈടു വയ്ക്കുകയും ചെയ്യാം.

സംരംഭകരുമായി എഴുപതുകളിലും മറ്റും ഉണ്ടാക്കിയ കരാർ അനുസരിച്ച്, തുക അടച്ചുതീർത്താൽ പട്ടയം ലഭിക്കേണ്ടതാണ്. മിക്ക സംരംഭകർക്കും അതു ലഭിച്ചിട്ടില്ലെന്നു മാത്രമല്ല വിൽക്കാനോ അനന്തരാവകാശിക്ക് കൈമാറാനോ കഴിയുന്നുമില്ല. പുതിയ നയം അനുസരിച്ച്, തുക അടച്ചു സ്വന്തമാക്കിയ ഭൂമി, അനന്തരാവകാശിക്ക് സംരംഭത്തിനായി കൈമാറാം, മറ്റൊരു സംരംഭകനു വിൽക്കാനുമാകും. അപ്പോൾ ലഭിക്കുന്ന തുകയുടെ 25%–30% അനുവദിച്ച ഏജൻസിക്ക് നൽകണം. ബാക്കി തുക സംരംഭകനു സ്വന്തമാക്കാം.

ഫാക്ടറി പൂട്ടിയിട്ടു വർഷങ്ങളായെങ്കിലും പട്ടയം ലഭിക്കാതെയും കൈമാറ്റം അനുവദിക്കാതെയും ഭൂമി വെറുതേ കിടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വിവിധ വ്യവസായ എസ്റ്റേറ്റുകളിലും പാർക്കുകളിലുമായി ഏക്കറു കണക്കിനു ഭൂമി ഇങ്ങനെ മരവിപ്പിലാണ്. കൈമാറ്റം ചെയ്യാമെന്നാകുമ്പോൾ പുതിയ സംരംഭങ്ങൾ വരും.

വലിയ സംരംഭങ്ങൾക്ക് 15 ഏക്കറിലേറെ സ്ഥലം ആവശ്യമായി വരുമ്പോൾ ഭൂപരിഷ്ക്കരണ നിയമത്തിലെ വകുപ്പ് 81 അനുസരിച്ച് ഇളവു നൽകാനുള്ള പ്രക്രിയയും വേഗത്തിലാക്കും. റവന്യൂ–വ്യവസായ വകുപ്പുകളുടെ ഉന്നതതല സമിതി ഇതിനായി രൂപീകരിക്കും.വിവിധ വകുപ്പുകളുടെയും വ്യവസായ പ്രതിനിധികളുടെയും പ്രതികരണം ലഭിച്ച ശേഷമാണ് കരടു നയത്തിന് അന്തിമരൂപം നൽകുക.

English Summary: Kerala seeks to free up more land for industries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com