ADVERTISEMENT

തിരുവനന്തപുരം∙ തോട്ടം മേഖലയുടെ നവീകരണത്തിനും വൈവിധ്യവൽ‍ക്കരണത്തിനുമായി പ്രത്യേക പഠനത്തിനു സർക്കാർ അനുമതി. അടുത്ത മാസം പഠനം തുടങ്ങും. തോട്ടം തൊഴിലാളികൾക്കും ജീവ‍നക്കാർക്കും നൈ‍പുണ്യ പരിശീലനത്തിനു തൊഴിലുടമകൾക്കു സാമ്പത്തിക സഹായവും നൽകും. വ്യവസായ വകുപ്പിനു കീഴിലുള്ള പ്ലാന്റേഷൻ ഡയറക്ടറേറ്റ് കേരളത്തിലെ തോട്ടം ഉടമകളുമായി നടത്തിയ പ്രാഥമിക ചർച്ചയിലാണ് ഈ തീരുമാനങ്ങൾ.

തോട്ടം നവീകരണ–വൈവിധ്യവൽ‍ക്കരണ പഠനം നടത്താൻ 2 കോടി രൂപ കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് അനുവദിച്ചിരുന്നു. പഠനം നടത്താൻ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൊച്ചി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഒൻട്രപ്രനർഷിപ് (എക്സ്ഐഎംഇ) എന്നിവ നിർദേശം സമർപ്പിച്ചെങ്കിലും സർക്കാർ അനുമതി നൽകിയില്ല. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച സാഹചര്യത്തിലാണു പഠനത്തിനു തുക വകയിരുത്തിയത്. ആദ്യഘട്ടമായി 40 ലക്ഷം രൂപ അനുവദിക്കും.

തൊഴിലാളികൾക്കും ജീവനക്കാർക്കും ബാച്ചുകളായി‍ തോട്ടം ഉടമകൾ പരിശീലനം ഏർപ്പെടുത്തണം. റിസോഴ്സ് പഴ്സൻമാരെ തൊഴിലുടമകൾ ക്രമീകരിക്കണം. അതിനായി ഡയറക്‌ട‍റേറ്റിൽ ശുപാർശ സമർപ്പിക്കണം. അത് അംഗീകരിച്ചാൽ സാമ്പത്തിക സഹായം അനുവദിക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തോട്ടം വ്യവസായ അന്തരീക്ഷത്തെ നേരിടുന്നതിനും പുതിയ കഴിവുകൾ ആർജിക്കുന്നതിനും നിലവിലുള്ള തൊഴിലാളികളുടെ പുനർ‍വിന്യാസത്തിനുമാണു വിദഗ്ധ പരിശീലനം നൽകുന്നത്. 

തൊഴിലാളികളുടെ പരിശീലനത്തിനാണ് ഈ വർഷം മുൻതൂക്കം നൽകുക. ബ്രാൻഡ് ബിൽഡിങ് സപ്പോർട്ടി‍ന്റെ ഭാഗമായി തിരുവനന്തപുരത്തു തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് പ്രദർശനവും സെമിനാറും നടത്തും. തോട്ടവിളകൾക്കു ന്യായവില, ഇൻഷുറൻസ് പരിരക്ഷ, തൊഴിലാളികൾക്കു വേതന പരിഷ്കരണം എന്നിവ വിശദമായ ചർച്ചയ്ക്കു ശേഷം അടുത്ത വർഷം നടപ്പാക്കാനാണു സർക്കാർ ആലോചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com