ADVERTISEMENT

ജിഎസ്ടി നിയമത്തിലെ റൂൾ 48 (4) പ്രകാരം മുൻവർഷങ്ങളിൽ ഏതെങ്കിലും സാമ്പത്തിക വർഷം നിശ്ചിത വിറ്റു വരവ് ഉള്ള റജിസ്റ്റേഡ് വ്യാപാരികൾ മറ്റൊരു ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള വ്യാപാരിക്ക് സാധനങ്ങളോ സേവനങ്ങളോ നൽകുമ്പോൾ (ബി2ബി സപ്ലൈ), അല്ലെങ്കിൽ പ്രത്യേക സാമ്പത്തിക മേഖല (SEZ ), എക്സ്പോർട്, ഡീംഡ് എക്സ്പോർട് എന്നീ സപ്ലൈകൾ നടത്തുമ്പോൾ, ആ ഇൻവോയ്‌സ്‌ വിവരങ്ങൾ ജിഎസ്ടിയുടെ ഇൻവോയ്‌സ്‌ റജിസ്ട്രേഷൻ പോർട്ടലിലേക്ക് (IRP) അപ്‌ലോഡ് ചെയ്ത് ഇൻവോയ്‌സ്‌ റഫറൻസ് നമ്പർ (Invoice Reference Numbar - IRN ) ലഭ്യമാക്കേണ്ടതുണ്ട്. ഇ-ഇൻവോയ്‌സിങ് (e-invoicing) എന്നാണ് ഇതിനെ പറയുന്നത്. 2020 ഒക്ടോബറിലാണ് ഇ-ഇൻവോയ്‌സ്‌ നിലവിൽ വന്നത്. നിലവിൽ 20 കോടിയാണ് പരിധി. ഒക്ടോബർ ഒന്നു മുതൽ പരിധി സാമ്പത്തിക വർഷത്തിൽ പത്തു കോടി രൂപയാണ്.

ബാധകമാകുന്നത് ആർക്കൊക്കെ ?

പരിധി കണക്കാക്കുന്നതിൽ ‘മുൻ വർഷങ്ങളിലെ വിറ്റുവരവ്’ എന്ന വ്യവസ്ഥകൂടി ഉള്ളതിനാൽ ഈ സാമ്പത്തിക വർഷം (2022-23 ) 10 കോടി ഉണ്ടെങ്കിലും കൂടി മുൻ വർഷങ്ങളിൽ (അതായത് 2017-18 മുതൽ 2021 -22 വരെ) ഏതെങ്കിലും വർഷം വിറ്റുവരവ് 10 കോടി എത്തിയിട്ടില്ലെങ്കിൽ ഇ– ഇൻവോയ്‌സ്‌ ബാധകമല്ല. വിറ്റു വരവ് കണക്കാക്കുന്നത് നിശ്ചിത പാൻ നമ്പറിലെ ഇന്ത്യയിലെ എല്ലാ റജിസ്ട്രേഷനിലെയും നികുതി രഹിത സപ്ലൈ ഉൾപ്പെടെ, ആകെ വിറ്റുവരവ് കണക്കാക്കിയാണ്. 

എന്നാൽ റിവേഴ്‌സ് ചാർജ് വ്യവസ്ഥയിൽ നികുതി വിധേയമായ ഏതെങ്കിലും ഇൻവേഡ് സപ്ലൈ ഉണ്ടായാൽ പോലും, വിറ്റുവരവിൽ കണക്കിൽ എടുക്കേണ്ടതില്ല. മേൽപറഞ്ഞ വ്യാപാരികൾ ബിടുബി വിൽപന നടത്തുമ്പോൾ വിൽപന (OUTWARD SUPPLY ) നടത്തുന്ന വ്യാപാരിയാണ് ഇ– ഇൻവോയ്‌സ്‌ എടുക്കേണ്ടത്. പ്രസ്തുത വ്യാപാരി സപ്ലൈയുടെ ഭാഗമായി ഇൻവോയ്‌സ്‌, ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട് എന്നിവ നൽകുമ്പോൾ അതോടൊപ്പം ഇ– ഇൻവോയ്‌സ്‌ കൂടി നിർബന്ധം ആണ്.

∙താഴെ പറയുന്ന സാഹചര്യത്തിൽ ഇ– ഇൻവോയ്‌സ്‌ ബാധകമല്ല:

ഒരു റജിസ്റ്റേഡ് വ്യാപാരി ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരിക്കോ, ഉപഭോക്താവിനോ നടത്തുന്ന വിൽപന (B 2 C ), പൂർണമായും നികുതി രഹിത ചരക്കുകളുടെയോ സേവനങ്ങളുടെയോ സപ്ലൈ, ജിഎസ്ടി നിയമപ്രകാരം നികുതി ബാധകമല്ലാത്ത പെട്രോളിയം ഉൽപന്നങ്ങൾ, വിദേശ മദ്യം എന്നിവയുടെ വിൽപന, ഇറക്കുമതി എന്നിവയ്ക്ക് ഇ– ഇൻവോയ്‌സ്‌ ബാധകമല്ല. 

ബിൽ ഓഫ് സപ്ലൈ, ഡെലിവറി ചലാൻ, ഫിനാൻഷ്യൽ ക്രെഡിറ്റ് / ഡെബിറ്റ് നോട്ട്, ഇൻവേഡ് സപ്ലൈ ഇൻവോയ്‌സ്‌ (റിവേഴ്‌സ് ചാർജ് സെക്‌ഷൻ  9 (4) ) എന്നിവ നൽകുമ്പോഴും ഇ– ഇൻവോയ്‌സ്‌ ആവശ്യമില്ല. കൂടാതെ ഇൻഷുറൻസ്, ബാങ്കിങ്, നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾ (NBFC), ഗുഡ്സ് ട്രാൻസ്‌പോർട് ഏജൻസി(GTA ), മൾട്ടിപ്ലക്സ് സിനിമശാലകൾ, സെസ് യൂണിറ്റ്, യാത്രികർക്ക് ഗതാഗത സേവനം നൽകുന്നവർ, സർക്കാർ വകുപ്പുകൾ തുടങ്ങിയവരെയും ഒഴിവാക്കിയിട്ടുണ്ട്.

(ലേഖകൻ സ്റ്റേറ്റ് ടാക്സ് ഓഫിസർ. ജിഎസ്ടി ഓഡിറ്റ്, കോഴിക്കോട്)

ഇ –ഇൻവോയ്‌സ്‌ എടുക്കുന്നത് എങ്ങനെ? അതേപ്പറ്റി നാളെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com