ADVERTISEMENT

കൊച്ചി∙ അമ എന്ന പേരിൽ താജ് ഗ്രൂപ്പ് ആരംഭിച്ച ഹോംസ്റ്റേ ബംഗ്ലാവുകളുടെ എണ്ണം 55 കവിയുന്നു. കേരളത്തിൽ മാത്രം 12 ബംഗ്ലാവുകൾ ഹോംസ്റ്റേകളായി. ഇവയിൽ ഭൂരിപക്ഷവും താജ് ഗ്രൂപ്പിന്റെ തന്നെ തേയില, കാപ്പി കമ്പനികളുടെ പരമ്പരാഗത ബംഗ്ലാവുകളാണ്. കൂർഗിലും ചിക്കമഗളൂരുവിലുമായി ഇത്തരം 9 ബംഗ്ലാവുകളും മൂന്നാറിലെ 7 തേയില ബംഗ്ലാവുകളും കൂട്ടത്തിലുണ്ട്. 

കാപ്പിത്തോട്ടവും തേയിലത്തോട്ടവും ചുറ്റിക്കാണുക, പ്രാദേശിക സംസ്കാരവും ഭക്ഷണ രീതികളുമായി ഇഴുകി ചേരുക തുടങ്ങിയവയാണ് ബംഗ്ലാവ് ടൂറിസം കൊണ്ട് താജ് ഉദ്ദേശിക്കുന്നത്. മൂന്നാറിനു പുറമേ കൊച്ചിയിൽ 2 സ്വകാര്യ ബംഗ്ലാവുകളും ആലപ്പുഴ, തിരുവനന്തപുരം,വയനാട് എന്നിവിടങ്ങളിൽ ഓരോന്നും അമ ബ്രാൻഡിലുണ്ട്. മനോഹരമായ വീടുകൾ മികച്ച ലൊക്കേഷനുകളിൽ ഉള്ളവരുമായി താജ് മാനേജ്മെന്റ് കരാറിൽ ഏർപ്പെടുകയാണു ചെയ്യുന്നത്. 

അവിടെ വേണ്ട പരിഷ്കാരങ്ങളും നവീകരണ ജോലികളും സൗകര്യങ്ങളും ഉടമ തന്നെ ഏർപ്പെടുത്തണം. പാചകത്തിനും ഹൗസ് കീപ്പിങ്ങിനും പരിശീലനം ലഭിച്ചവർ വേണം. അതിഥികളെ താജിന്റെ വിപുലമായ രാജ്യാന്തര ശൃംഖലയിലൂടെ എത്തിക്കും. വരുമാനത്തിന്റെ നിശ്ചിത ശതമാനം താജുമായി പങ്കിടുന്നതാണു രീതി. ഒരു സമയം ബംഗ്ലാവ് ഒരു പാർട്ടിക്കു മാത്രമേ കൊടുക്കൂ. വാടക പാക്കേജിന്റെ ഭാഗമാണ് ഭക്ഷണവും. എല്ലായിടത്തും ഇവി ചാർജിങ് സൗകര്യമുണ്ട്.

2 കിടപ്പുമുറി മുതൽ 7 കിടപ്പുമുറികൾ വരെയുള്ളവയുണ്ട്. ഹോട്ടലിൽ നിന്നു വിഭിന്നമായി നായ, പൂച്ച തുടങ്ങിയ ഓമന മൃഗങ്ങളേയും അനുവദിക്കും. 2025നകം ഇന്ത്യയിലാകെ 500 ബംഗ്ലാവുകൾ അമ ബ്രാൻഡിൽ അവതരിപ്പിക്കുകയാണു ലക്ഷ്യമെന്ന് ഡയറക്ടർ ഷെഫാലി സിൻഹ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com