ADVERTISEMENT

തിരുവനന്തപുരം∙ ദക്ഷിണ കൊറിയയിൽ ഉള്ളിക്കൃഷി ചെയ്തു പണം സമ്പാദിക്കാമെന്നു സ്വപ്നം കണ്ട കേരളത്തിലെ ഉദ്യോഗാർഥികളുടെ സ്വപ്നം പാഴായി. കൃഷിപ്പണി‍ക്കായി കേരളത്തിൽ നിന്നു ദക്ഷിണ കൊറിയയിലേക്കുള്ള റിക്രൂട്മെന്റ് പൂർണമായും നിർത്താൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

ദക്ഷിണ കൊറിയയിലെ ജോലി സാഹചര്യം സുരക്ഷിതമല്ലെന്ന് അവിടത്തെ ഇന്ത്യൻ എംബസി നൽകിയ റിപ്പോർട്ടിനെ തുടർന്നാണു നടപടി. കൃഷി‍പ്പണിക്കായി അന്തിമപട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ 800 പേരുടെ യാത്രയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ശേഷമാണു വിലക്കു വന്നത്.

ദക്ഷിണ കൊറിയയിലെ ഉള്ളി തോട്ടങ്ങളിൽ കൃഷിപ്പ‍ണിക്കായി സംസ്ഥാന സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് ക‍ഴിഞ്ഞ വർഷമാണ് അപേക്ഷ ക്ഷണിച്ചത്. 100 ഒഴിവുകളിലേക്കാ‍ണ് കേരളത്തിൽ നിന്നു അപേക്ഷ ക്ഷണിച്ചത്.

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കു പ്രതിമാസം 1.12 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു വിജ്ഞാപനം. 60 % സ്ത്രീകൾക്കായി സംവരണം ചെയ്തിരുന്നു. 1500ൽപരം പേരാണ് അപേക്ഷിച്ചത്. ഭൂരിഭാഗവും വനിതകളാ‍യിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവർക്കായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സെമിനാറും നടത്തി അന്തിമപട്ടിക തയാറാക്കി.

തൊഴിൽ‍ദാതാവായ കൊറിയൻ ചേംബർ ഓഫ് കൊ‍മേഴ്സിനാണ് ഒഡേപെക് അധികൃതർ പട്ടിക കൈമാറിയത്. ഈ വർഷം മാർച്ചിൽ കോവിഡിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പട്ടികയിൽ ഇടം പിടിച്ചവ‍ർക്കു തിരിച്ചടിയായി. ഇതിനു തൊട്ടു പിന്നാലെയാണ്, ജോലിസ്ഥലം സുരക്ഷിത‍മല്ലെന്നുള്ള റിപ്പോർട്ട് ഇന്ത്യൻ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു നൽകിയത്.  റിക്രൂട്മെന്റ് നിർത്തി വച്ചതു സംബന്ധിച്ച നിർദേശം തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഒഡേപെക് ഉടൻ കൈമാറും. ഉള്ളി കൃഷിക്കായി ദക്ഷിണ കൊറിയയിൽ ഇനി അവസരമുണ്ടാകു‍മോയെന്നും കേരളത്തിൽ നിന്നുള്ളവരെ പരിഗണിക്കുമോ എന്നതും വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com