ടിഡിഎസ് ഡിഡക്ടർമാരുടെ പങ്ക് സുപ്രധാനം: ആർ.രവിചന്ദ്രൻ
Mail This Article
കൊച്ചി ∙ ടിഡിഎസ് കൃത്യമായി പിരിച്ചെടുത്ത് അടയ്ക്കുന്ന ഡിഡക്ടർമാരുടെ പങ്ക് രാജ്യത്തെ നികുതി പിരിവിൽ സുപ്രധാനമാണെന്നു പ്രിൻസിപ്പൽ ചീഫ് ഇൻകംടാക്സ് കമ്മിഷണർ ആർ.രവിചന്ദ്രൻ. ടിഡിഎസ് ഫയലിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിഡക്ടർമാരെ സഹായിക്കുന്ന ഇ – ട്യൂട്ടോറിയൽ വിഡിയോകൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടിഡിഎസ് കൈകാര്യം ചെയ്യുന്നതിലെ മികവിനു സർക്കാർ, സ്വകാര്യ മേഖലകളിലെ 3 വീതം സ്ഥാപനങ്ങളെ ആദരിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറേറ്റ്, കൊല്ലം ജില്ലാ പഞ്ചായത്ത് എൽഎസ്ജിഡി ഡിവിഷൻ, ചാലക്കുടി പോസ്റ്റ് മാസ്റ്റർ ഓഫിസ് എന്നിവയാണു സർക്കാർ മേഖലയിൽ ആദരിക്കപ്പെട്ടത്. സ്വകാര്യ മേഖലയിൽ മലയാള മനോരമ, ലുലു ഫോറെക്സ്, ജ്യോതി ലബോറട്ടറീസ് എന്നീ സ്ഥാപനങ്ങളെ ആദരിച്ചു.
മലയാള മനോരമയ്ക്കു വേണ്ടി ഫിനാൻസ് ഡപ്യൂട്ടി ജനറൽ മാനേജർ സാമുവൽ മാത്യൂസ് പുരസ്കാരം സ്വീകരിച്ചു. ഇൻകംടാക്സ് ടിഡിഎസ് വിങ്ങിലെ ഉദ്യോഗസ്ഥർക്കും മികച്ച സേവനത്തിനുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇൻകംടാക്സ് കമ്മിഷണർമാരായ മഞ്ജിത് സിങ്, റോയ് ജോസ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജു, നടൻ ടൊവിനോ തോമസ്, ഇൻകംടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ പ്രസംഗിച്ചു.