ADVERTISEMENT

ന്യൂഡൽഹി∙ പണമിടപാട് നടത്താനായി വിവിധ വെബ്സൈറ്റുകളിലും ആപ്പുകളിലും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്ന നിലവിലെ രീതി നാളെക്കൂടി മാത്രം. കാർഡ് സുരക്ഷയ്ക്കായി ശനിയാഴ്ച മുതൽ റിസർവ് ബാങ്കിന്റെ കാർഡ് ടോക്കണൈസേഷൻ ചട്ടം നിലവിൽ വരും. നാളെയ്ക്കുള്ളിൽ പുതിയ ചട്ടമനുസരിച്ച് കാർഡ് സേവ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ നിലവിൽ വിവിധ സൈറ്റുകളിൽ സൂക്ഷിച്ചിരിക്കുന്ന കാർഡ് വിവരങ്ങൾ അതത് സൈറ്റുകൾ നീക്കം ചെയ്യും.

എന്താണ് നിലവിലെ രീതി? എന്താണ് മാറ്റം

ഓരോ ഇടപാടിനും കാർഡ് വിവരം ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ സൈറ്റുകളിൽ കാർഡ് വിവരങ്ങൾ സൂക്ഷിക്കാം. പേയ്മെന്റ് സമയത്ത് സിവിവി നമ്പറും തുടർന്നുള്ള ഒടിപിയും നൽകിയാൽ മതി. എന്നാൽ ശനിയാഴ്ച മുതൽ ഒരു വെബ്സൈറ്റിനും കാർഡ് വിവരങ്ങൾ നിലവിലെ രീതിയിൽ സൂക്ഷിച്ചുവയ്ക്കാനാകില്ല. 

എന്താണ് ടോക്കൺ?

കാർഡ് വിവരങ്ങൾക്കു പകരം ഒരു കോഡ് നമ്പർ (ടോക്കൺ) ആയിരിക്കും സൂക്ഷിക്കുക. കാർഡിന്റെ അവസാന നാലക്കം മാത്രമേ ആമസോൺ പോലെയുള്ളവയ്ക്ക് സൂക്ഷിക്കാനാവൂ. വിവരച്ചോർച്ച ഭീഷണിയാകാതിരിക്കാനാണ് നീക്കം.

പുതിയ ചട്ടമനുസരിച്ചുള്ള അനുമതി എങ്ങനെ നൽകും?

സൈറ്റുകളിലും ആപ്പുകളിലും കാർഡ് പേയ്മെന്റ് സമയത്ത് ഇക്കാര്യം ചോദിക്കുന്നുണ്ട്. ഉദാഹരണത്തിന് ആമസോണിൽ കാർഡ് പേയ്മെന്റ് സമയത്ത് 'Save card as per new RBI Guidelines' എന്ന ബോക്സ് ടിക്ക് ചെയ്താൽ മതി.

 ഒന്നാം തീയതിക്കു ശേഷം അനുമതി നൽകാനാവില്ലേ?

നൽകാം. ശനിയാഴ്ചയ്ക്കു ശേഷവും അനുമതി നൽകാൻ സൗകര്യമുണ്ടാകുമെങ്കിലും, അത് നൽകും വരെ പേയ്മെന്റ് നടത്താൻ ഓരോ തവണയും കാർഡ് വിവരങ്ങൾ മുഴുവനായും ടൈപ്പ് ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com