ADVERTISEMENT

നഷ്ടസാധ്യത എല്ലായ്പ്പോഴും നിലനിൽക്കുന്ന നിക്ഷേപ മേഖലയാണല്ലോ ഓഹരി വിപണി. മികച്ച ഓഹരികൾ തിരഞ്ഞെടുത്ത് ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നവർക്ക് നഷ്ടസാധ്യത വലിയ അളവിൽ മറികടക്കാൻ സാധിക്കുമെങ്കിലും ഇൻട്രാഡേ ട്രേഡർമാരെ സംബന്ധിച്ചിടത്തോളം അനിയന്ത്രിതമായി നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയാണ് സ്റ്റോപ്പ് ലോസ് ഓർഡർ എന്ന സംരക്ഷണ ഭിത്തിയുടെ പ്രാധാന്യം.

എന്താണ് സ്റ്റോപ്പ് ലോസ് ഓർഡർ

പേര് സൂചിപ്പിക്കുന്നതു പോലെ, ഒരു നിശ്ചിത പരിധിക്കുമപ്പുറം നഷ്ടം സംഭവിക്കാതിരിക്കാൻ ട്രേഡർമാരെ സഹായിക്കുന്നതിന് ട്രേഡിങ് ടെർമിനലുകളിൽ നൽകാവുന്ന ഓർഡറുകളാണ് സ്റ്റോപ്പ് ലോസ് ഓർഡറുകൾ. ഓപ്പൺ ആയിരിക്കുന്ന പൊസിഷനുകൾക്ക് ആനുപാതികമായി എതിർദിശയിൽ സ്റ്റോപ്പ് ലോസ് ഓർഡറുകൾ നൽകാം. ഉദാഹരണമായി, ഒരു ട്രേഡർ 200 രൂപ വിലയുള്ള 100 ഓഹരികൾ ഇൻട്രാഡേ അടിസ്ഥാനത്തിൽ വാങ്ങിയെന്നിരിക്കട്ടെ. വിപണി താഴോട്ടു വരുന്ന സാഹചര്യമുണ്ടായാൽ വലിയ നഷ്ടം സഹിക്കാൻ തയാറല്ലാത്ത ആ ട്രേഡർ ഓഹരിയൊന്നിന് 190 രൂപ നിരക്കിൽ, അതായത് വാങ്ങിയ വിലയേക്കാൾ 10 രൂപ താഴെ സ്റ്റോപ്പ് ലോസ് ഓർഡർ നൽകുകയും ചെയ്തു. വില താഴുന്നുവെങ്കിൽ 100 ഓഹരി വാങ്ങിയ വകയിൽ ട്രേഡർക്ക് സംഭവിക്കാവുന്ന പരമാവധി നഷ്ടം 1000 രൂപ.

ഇനി ട്രേഡർ ഊഹിച്ച പോലെ വിപണി മുകളിലേക്ക് ഉയർന്നുവെന്നിരിക്കട്ടെ. 200 രൂപയ്ക്ക് വാങ്ങിയ ഓഹരി 215 രൂപ നിലവാരത്തിലെത്തിയെങ്കിൽ ട്രേഡർക്ക് തന്റെ സ്റ്റോപ്പ് ലോസ് ഓർഡർ 210 രൂപ നിലവാരത്തിലേക്ക് ഉയർത്തിവെക്കാവുന്നതുമാണ്. ചാഞ്ചാട്ടത്തിന്റെ ഭാഗമായി വില തിരിച്ചിറങ്ങുന്ന സന്ദർഭമുണ്ടായാൽ 210 രൂപയിൽ സ്റ്റോപ്പ് ലോസ് ഓർഡർ സാധുവാക്കപ്പെടുകയും പ്രസ്തുത ഓഹരിയിൽ ട്രേഡറുടെ ഇടപാട് 1000 രൂപ ലാഭത്തോടെ അവസാനിക്കുകയും ചെയ്യും. ഓഹരി വാങ്ങിയ ശേഷം വിപണി ഉയർന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം, ആനുപാതികമായി സ്റ്റോപ്പ് ലോസ് ഓർഡർ ഉയർത്തിക്കൊണ്ടേയിരുന്ന് ലാഭത്തിന്റെ തോത് വർധിപ്പിക്കാനും ഇത്തരം ഓർഡറുകൾ സഹായിക്കുന്നു എന്നർഥം.

ഇൻട്രാഡേ ട്രേഡിങ്ങിൽ ആദ്യം വിൽപന നടത്തി (ഷോർട്ട് സെല്ലിങ്) തുടർന്ന് താഴ്ന്ന വിലയ്ക്ക് തിരിച്ചുവാങ്ങി ലാഭമെടുക്കുന്ന സമ്പ്രദായവുമുണ്ടല്ലോ. ഷോർട്ട് സെല്ലിങ് നടത്തിയ ഒരു ട്രേഡറെ സംബന്ധിച്ചിടത്തോളം ഓഹരി വില ഉയർന്നു പോകുന്ന മുറയ്ക്ക് നഷ്ടവും കൂടി വരുന്നതിനാൽ സ്റ്റോപ്പ് ലോസ് ഓർഡർ നൽകേണ്ടത് വിപണി വിലയ്ക്കും മുകളിലാണ്. അതേസമയം, ഷോർട്ട് സെല്ലിങ് നടത്തിയ ശേഷം ട്രേഡർ ഉദ്ദേശിച്ചതു പോലെ ഓഹരി വില താഴോട്ടു വരികയാണെങ്കിൽ ലഭിച്ചേക്കാവുന്ന ലാഭം സുരക്ഷിതമാക്കി നിർത്തുവാനും സ്റ്റോപ്പ് ലോസ് പർച്ചേസ് ഓർഡർ ഉപയോഗിക്കാം.

കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

English Summary: The Stop-Loss Order advantages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com