മുംബൈ∙ കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ഊഹാപോഹങ്ങൾക്ക് ശേഷം 5ജി നെറ്റ്‌വർക്ക് ഇക്കൊല്ലം ലഭ്യമാകുന്നതോടെ ഉപയോക്തൃ അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനു പുറമേ വ്യവസായ മേഖലയ്ക്കാവശ്യമായ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനാകുമാകുമെന്ന് എയർടെൽ.
5ജിക്ക് ഉയർന്ന ഡേറ്റ വേഗവും കുറഞ്ഞ ബഫറിങ്ങുമായതിനാൽ ഡേറ്റ ഉപയോഗിക്കുന്ന രീതി തന്നെ മാറും. 4ജി നെറ്റ്‌വർക്കിനെ അപേക്ഷിച്ച് 5ജി ഉയർന്ന വേഗം നൽകും; ഇന്ന് ഉപയോക്താക്കൾക്ക് ലഭിക്കുന്നതിന്റെ 20 മുതൽ 30 ഇരട്ടി വരെയാകാമെന്ന് എയർടെൽ വിശദീകരിച്ചു. ഡേറ്റ ഉപയോഗം വർധിക്കും.
ഉയർന്ന ഇന്റർനെറ്റ് വേഗവും രാജ്യത്തിന്റെ ജിഡിപി വളർച്ചയും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവു നേടുന്നതിനും ചെലവു ലാഭിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപകരിക്കും. വിദൂര പ്രദേശങ്ങളിൽ ഇരിക്കുന്ന സംരംഭകരും ചെറുകിട ബിസിനസ് ഉടമകളും പോലുള്ള ഉപയോക്താക്കൾക്ക് അനായാസം ഇടപാടു നടത്താനാകും. ഇത് കൂടുതൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എയർടെൽ പറഞ്ഞു.
എയർടെൽ നടത്തിയ സമീപകാല 5ജി ട്രയലുകളിൽ, മാനുഫാക്ചറിങ്, മൈനിങ്, ഹെൽത്ത്കെയർ, കണക്റ്റഡ് വർക്ക്ഫോഴ്സ്, റീട്ടെയിൽ, പോർട്ട്, ഓട്ടമൊബീൽ വ്യവസായം തുടങ്ങിയ വിവിധ വ്യവസായങ്ങളെ ഉൾപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസം, വിനോദ വ്യവസായം തുടങ്ങിയ രംഗങ്ങളിലും വൻ നേട്ടങ്ങളുണ്ടാകുമെന്ന് എയർടെൽ സിഇഒ ഗോപാൽ വിത്തൽ പറഞ്ഞു.