ADVERTISEMENT

തിരുവനന്തപുരം ∙ പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള അജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്ന നടപടികൾ ഒരു പരിധി വരെ കാര്യക്ഷമമായതോടെ സംസ്ഥാന സർക്കാരിനു കീഴിലെ ക്ലീൻ കേരള കമ്പനിയുടെ ലാഭത്തിൽ വർധന. ഇത്തരം മാലിന്യങ്ങൾ വിറ്റഴിച്ച വകയിൽ 20 മാസത്തിനിടെ ഏകദേശം 5 കോടി രൂപ കമ്പനിക്കു ലാഭം ലഭിച്ചു. 2021 ജനുവരി മുതൽ ഈ വർഷം ഓഗസ്റ്റ് അവസാനം വരെ ഉള്ള കണക്കാണിത്. 2012ൽ രൂപീകരിച്ച ക്ലീൻ കേരള കമ്പനി അജൈവ മാലിന്യങ്ങൾ മുൻപും വിറ്റഴിച്ചിരുന്നെങ്കിലും തരംതിരിക്കുന്ന നടപടികൾ ഊർജിതമായതോടെ ലാഭവും കൂടിയതായി അധികൃതർ പറയുന്നു. ഉദാഹരണത്തിന് ഉപയോഗിച്ചു കഴിഞ്ഞ ഒരു ശുദ്ധജല ബോട്ടിൽ മുൻപ് ശേഖരിച്ചാൽ അതു പോലെ കൈമാറുകയായിരുന്നു പതിവ്. എന്നാൽ, ഇതിന്റെ വിപണി മൂല്യവും ആവശ്യവും മനസ്സിലാക്കി കുപ്പിയും കുപ്പിയുടെ പുറത്തെ കമ്പനിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ആവരണവും അടപ്പും വെവ്വേറെ കൈമാറുന്ന തരത്തിലാണ് ഇപ്പോഴത്തെ ശേഖരണവും തരംതിരിക്കലും.

തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേനകൾ വഴി ആകെ 7,382 ടൺ മാലിന്യമാണ് 20 മാസത്തിനിടെ ശേഖരിച്ചത്. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-മാലിന്യം എന്നിവ ഇതിൽ ഉൾപ്പെടും. മാലിന്യം ശേഖരിക്കുന്നതിനായി ഹരിതകർമ സേനകൾക്കായി കമ്പനി 4.5 കോടി രൂപ നൽകി. മൂന്നു മാസം കൂടുമ്പോഴാണു തുകയുടെ വിതരണം. പുനരുപയോഗിക്കാനാവാത്ത 49,672 ടൺ മാലിന്യങ്ങളും കമ്പനി ശേഖരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് 26 ശതമാനവും തദ്ദേശ സ്ഥാപനങ്ങൾക്ക് 74 ശതമാനവും ഓഹരി ഉള്ള സംയുക്ത സംരംഭമാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com