ADVERTISEMENT

വലിയ പ്രതിസന്ധി നേരിടുകയാണ് ബ്രിട്ടീഷ് സമ്പദ്ഘടന. നവംബർ 17ന് പുതിയ പ്രധാനമന്ത്രി ഋഷി സുനക് നടത്താനിരിക്കുന്ന സാമ്പത്തികനയപ്രഖ്യാപനത്തിനു കാതോർക്കുകയാണ് ബ്രിട്ടനും ലോകമാകെയും.

ബ്രെക്സിറ്റും അതിന്റെ ആഘാതവും

യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുമാറാനുള്ള ബ്രിട്ടീഷ് തീരുമാനം 2016ലെ ഒരു ചരിത്ര വഴിത്തിരിവായിരുന്നു. അന്നത്തെ പൊതു അഭിപ്രായ വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ, ബ്രിട്ടീഷ് ജനത യൂറോപ്പുമായി അതുവരെയുണ്ടായിരുന്ന കച്ചവട/നിക്ഷേപ ഉടമ്പടി നിരാകരിക്കാൻ തീരുമാനിച്ചു. രണ്ടു വർഷത്തെ ചർച്ചകൾക്കു ശേഷം 2019ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തായി. പുതിയ ഒരു ഉടമ്പടി 2020 മുതൽ യൂറോപ്പുമായി ഉണ്ടാക്കിയെങ്കിലും പണ്ടത്തെ പോലെ സുഗമമല്ല കച്ചവട/വാണിജ്യ/ ബാങ്കിങ് ബന്ധങ്ങൾ. ബ്രിട്ടനിലെ തന്നെ ഔദ്യോഗിക കണക്കുകൾ പറയുന്നത് ദേശീയ വരുമാനത്തിൽ 4–5 ശതമാനം വരെ കുറവ് ബ്രെക്സിറ്റ്‌ മൂലം ഉണ്ടാവും എന്നാണ്. ബ്രിട്ടന്റെ വിദേശ വാണിജ്യത്തിന്റെ പകുതിയും യൂറോപ്യൻ രാജ്യങ്ങളുമായിട്ടാവുമ്പോൾ ബ്രെക്സിറ്റിന്റെ ആഘാതം ഊഹിക്കാവുന്നതേയുള്ളൂ.

രാഷ്ട്രീയ അസ്ഥിരത: ഇറ്റലിക്ക് സമാനം

രാഷ്ട്രീയ നിരീക്ഷകർ ബ്രിട്ടനെ ഈയിടെ ‘ബ്രിട്ടലി’ എന്നു വിശേഷിപ്പിക്കാൻ തുടങ്ങി. കാരണം രാഷ്ട്രീയ അസ്ഥിരത തന്നെ. 2024  അവസാനം തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇപ്പോൾ പ്രതിപക്ഷത്തുള്ള ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ വീണ്ടും മാറ്റം. വിദേശ നിക്ഷേപകർ ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട കാര്യമാണ് നേതൃത്വത്തിലെ സുസ്ഥിരത. ബ്രിട്ടന്റെ ഇന്നത്തെ അവസ്ഥ അസ്ഥിരത മാത്രമല്ല നേതൃത്വത്തിലെ ശൂന്യതയെയും (വാക്വം) ഒരു പരിധി വരെ സൂചിപ്പിക്കുന്നു.

കുതിച്ചുയർന്ന വൈദ്യുതി/വാതക  ബില്ലുകൾ 

യുക്രെയ്നിലെ യുദ്ധത്തോടുകൂടി ബ്രിട്ടനിലെ കുടുംബങ്ങൾക്കും ചെറുകിട കച്ചവടക്കാർക്കും വൈദ്യുതിച്ചെലവുകൾ താങ്ങാവുന്നതിലധികമായി. സാധാരണ 800 മുതൽ 1000 പൗണ്ട് വരെ വാർഷിക ബിൽ കൊടുത്തിരുന്ന വീട്ടുകാർ 3000 പൗണ്ട് വരെയുള്ള ബില്ലുകൾ വന്നു തുടങ്ങിയപ്പോൾ സാമ്പത്തിക ഞെരുക്കത്തിലായി. രാജ്യത്തെ 10–11 ശതമാനം വരുന്ന വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഈ വൈദ്യുതി–പ്രകൃതി വാതക നിരക്കുകൾ ആണ്. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഊർജ ബിൽ സബ്സിഡിക്കുള്ള നടപടികളിലേക്കു നീങ്ങി. പക്ഷേ ഇതിനുള്ള കാശ് എവിടെനിന്ന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാത്തതുകൊണ്ട് വിപണി ഇടിഞ്ഞു. പൗണ്ട് സ്റ്റെർലിങ്ങിന്റെ മൂല്യം കുത്തനെ താഴോട്ടു പോയി. സർക്കാർ കടപ്പത്രങ്ങളുടെ പലിശ നിരക്കുകൾ ക്രമാതീതമായി വർധിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ട്രസ് രാജിവച്ചു. സുനക് വന്നു.

ഋഷി സുനക്കിന്റെ സാധ്യതകൾ

തന്റെ മുൻഗാമി പ്രഖ്യാപിച്ച നികുതി ഇളവുകളും സാധാരണക്കാർക്കുള്ള ഊർജ സബ്‌സിഡിയും അതേപടി തുടരാൻ എന്തായാലും സുനക്കിനാവില്ല. കാരണം ഇതിന്റെ ചെലവ് ഏകദേശം 4 ലക്ഷം കോടി രൂപയാണ് (45 ബില്യൺ പൗണ്ട്). അതിനുള്ള വരുമാനം ഒരുക്കാതെ പ്രഖ്യാപനം മാത്രമായാൽ സ്വതന്ത്ര വിപണിയായ ബ്രിട്ടനിൽ തിരിച്ചടി ഉടൻ തന്നെ ഉണ്ടാവും. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കാനിരുന്ന പുതിയ സാമ്പത്തിക നടപടികൾ നവംബർ 17ലേക്ക് മാറ്റിയത്. കടുത്ത നടപടികളും ചെലവുചുരുക്കലും വേണ്ടിവരും എന്നു തന്നെയാണ് കണക്കുകൂട്ടൽ.

ബ്രിട്ടന്റെ ശക്തി എന്തൊക്ക? ഇന്ത്യയുമായി താരതമ്യം

ബ്രിട്ടന്റെ ആദ്യത്തെ മുതൽക്കൂട്ട് കറൻസി തന്നെ. അമേരിക്കൻ ഡോളറിനോളം അല്ലെങ്കിലും പൗണ്ട് സ്റ്റെർലിങ് ലോകത്തെ പ്രധാന വിനിമയ നാണയങ്ങളിലൊന്നാണ്. പൂർണമായും ‘കൺവേർട്ടിബിൾ’ (നാമമാത്രമായ നിയന്ത്രണങ്ങൾക്കു വിധേയമായി, രാജ്യത്തിനകത്തോട്ടും പുറത്തോട്ടും നിയന്ത്രണങ്ങളില്ലാതെ കൊണ്ടുപോകാൻ കഴിയുന്ന) കറൻസി എന്നുള്ള മെച്ചം. രണ്ടാമത്തെ മേൽക്കോയ്മ ലണ്ടൻ നഗരം ലോകത്തിലെ ഒരു സാമ്പത്തിക തലസ്ഥാനം എന്നുള്ളതാണ്.  ലോകത്തെ മുൻപന്തിയിലുള്ള എല്ലാ ബാങ്കുകളും ധനസ്ഥാപനങ്ങളും അവിടെ പ്രവർത്തിക്കുന്നു. വിദേശ വിനിമയ രംഗത്ത് ലണ്ടൻ വിപണിക്കു പ്രത്യേകമായ സ്ഥാനമുണ്ട് .

ആളോഹരി വാർഷിക വരുമാനം 48000 ഡോളർ (42 ലക്ഷം രൂപ) എന്ന നിലവാരത്തിൽ നിൽക്കുമ്പോൾ ലോകത്തെ  ഉന്നത ജീവിത നിലവാരമുള്ള ജനതയാണ് ബ്രിട്ടനിലേത്. ഇതു കൂടാതെ വ്യോമയാനം, ഡിഫൻസ്, ഓട്ടമൊബീൽ മേഖലകളിൽ ഖ്യാതി നേടിയ വലിയ കമ്പനികൾ ബ്രിട്ടന് സ്വന്തമാണ്. ഇന്ത്യ ഈയിടെ ബ്രിട്ടനെ പുറന്തള്ളി മൊത്തം സമ്പദ്ഘടനയുടെ വലുപ്പത്തിൽ ലോകത്തെ അഞ്ചാമത്തെ വലിയ രാജ്യമായി. പണപ്പെരുപ്പം 7%, കറന്റ് അക്കൗണ്ട് കമ്മി 2%, ഒരു വർഷത്തെ ഇറക്കുമതിയോളം വരുന്ന വിദേശ നാണ്യ ശേഖരം, രാഷ്ട്രീയ സുസ്ഥിരത എന്നിവ ഇന്ത്യൻ സമ്പദ് ഘടനയെ താരതമ്യേന മെച്ചപ്പെട്ടതാക്കുന്നു.

(ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com