ADVERTISEMENT

ന്യൂഡൽഹി∙ വിലക്കയറ്റം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി സർക്കാരിനു നൽകുന്ന റിപ്പോർട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും അക്കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസർവ് ബാങ്ക്. ലക്ഷ്യം കൈവരിക്കാ‍ൻ കഴിയാത്തതിന്റെ കാര്യകാരണ സഹിതം റിസർവ് ബാങ്ക് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നത് ആദ്യമാണ്. ഇന്നു നടക്കുന്ന പ്രത്യേക ആർബിഐ പണനയ സമിതി (എംപിസി) യോഗത്തിൽ റിപ്പോർട്ട് അന്തിമമാക്കും. 

തങ്ങൾ പുറത്തുവിടില്ലെന്നു കരുതി ഈ റിപ്പോർട്ട് എന്നും രഹസ്യമായി തുടരില്ലെന്നും. ഏതെങ്കിലുമൊരു ഘട്ടത്തിൽ പുറത്തുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം അനുശാസിക്കുന്നതിനനുസരിച്ച് സർക്കാരിന് അയയ്ക്കുന്ന കത്ത് പുറത്തുവിടാനുള്ള അധികാരം തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും അവിടുത്തെ സർക്കാരിന് സമാനമായ കത്ത് നൽകുന്നുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പലിശനിരക്ക് വർധന ഉൾപ്പെടെയുള്ള അജൻഡകൾ ഇന്ന് സമിതിയുടെ പരിഗണനയ്ക്കു വന്നേക്കില്ലെന്ന് എസ്ബിഐ ഗവേഷണവിഭാഗം പറഞ്ഞു.

രാഷ്ട്രീയ നേതാക്കൾ സർക്കാരിന് കത്തയച്ച ശേഷം, മറ്റു ലക്ഷ്യം മുൻനിർത്തി മാധ്യമങ്ങളുമായി അത് പങ്കുവയ്ക്കുന്നതുപോലെയല്ല ഇത്. റിസർവ് ബാങ്കിന്റെ കത്ത് സർക്കാരിനാണ് ആദ്യം ലഭിക്കേണ്ടത്. ഇത് പാർലമെന്റിന്റെയും ബന്ധപ്പെട്ട സ്ഥിരം സമിതിയുടെയും പരിഗണനയ്ക്കും വരും. കത്തിന്റെ വിവരങ്ങൾ ക്രമേണ പുറത്തുവരികതന്നെ ചെയ്യും.

പരാജയം എങ്ങനെ?

രാജ്യത്തെ നാണ്യപ്പെരുപ്പം (വിലക്കയറ്റം) നിയന്ത്രിക്കുന്നതിൽ മുഖ്യപങ്ക് റിസർവ് ബാങ്കിന്റെ ആറംഗ പണനയ സമിതിക്കാണ്. നാണ്യപ്പെരുപ്പം പിടിച്ചുകെട്ടാനാണ് ഇക്കൊല്ലം 4 തവണയായി ആകെ 1.9% വർധന പലിശനിരക്കിൽ വരുത്തിയത്. എന്നിട്ടും കാര്യമായ കുറവുണ്ടായില്ല. 2016ൽ ആർബിഐ നിയമത്തിൽ വരുത്തിയ ഭേദഗതി അനുസരിച്ച് തുടർച്ചയായ 3 ത്രൈമാസങ്ങളിൽ നാണ്യപ്പെരുപ്പ നിരക്ക് 6 ശതമാനത്തിനു മുകളിൽ തുടർന്നാൽ നാണ്യപ്പെരുപ്പ നിയന്ത്രണ ലക്ഷ്യം കൈവരിക്കുന്നതിൽ സമിതി പരാജയപ്പെട്ടതായി കണക്കാക്കും.

 2016ലാണ് എംപിസി എന്ന സംവിധാനം നിലവിൽ വന്നത്. അതിനു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. പരാജയത്തിന്റെ കാരണങ്ങൾ, പ്രതിവിധി, ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി എന്നിവയാണ് സർക്കാരിനു നൽകുന്ന കത്തിൽ വ്യക്തമാക്കേണ്ടത്.

നാണ്യപ്പെരുപ്പ നിരക്ക്

∙ ജനുവരി–മാർച്ച്: 6.34%   

∙ ഏപ്രിൽ–ജൂൺ: 7.28%   

∙ ജൂലൈ–സെപ്റ്റംബർ: 7.04%

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com