കയ്യിലുണ്ടായിരുന്ന 100 ഓഹരികൾ 500 ആയി ഉയർന്നു. അതേസമയം ഓഹരിയുടെ മാർക്കറ്റ് വില അഞ്ചിലൊന്നായി കുറയുകയും ചെയ്തു. കമ്പനി അതിന്റെ സ്റ്റോക്ക് സ്പ്ലിറ്റ് നടത്തിയതിനെത്തുടർന്നാണ് ഇങ്ങനെ സംഭവിച്ചത് എന്ന പ്രാഥമിക ധാരണയുണ്ടെങ്കിലും പല നിക്ഷേപകരും സ്റ്റോക്ക് സ്പ്ലിറ്റ് എന്തിനാണ് നടത്തുന്നതെന്നും സ്പ്ലിറ്റിന് ശേഷം കമ്പനിയുടെ മൂലധന ഘടനയിലും ഓഹരി ഇടപാടുകളിലെ ലിക്വിഡിറ്റിയിലുമൊക്കെ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമെന്നതുമൊക്കെ അന്വേഷിക്കാറുണ്ട്.
എന്താണ് സ്റ്റോക്ക് സ്പ്ലിറ്റ് ?
ഓഹരികളുടെ ഫേസ് വാല്യു കുറച്ചുകൊണ്ട് നിലവിലെ ഓഹരി ഉടമകൾക്ക് ഒരു നിശ്ചിത അനുപാതത്തിൽ കൂടുതൽ ഷെയറുകൾ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് സ്റ്റോക്ക് സ്പ്ലിറ്റ് എന്നറിയപ്പെടുന്നത്. ഫേസ് വാല്യു കുറയുന്നതിന് തുല്യ അനുപാതത്തിലാണ് ഓഹരികളുടെ എണ്ണം വർധിക്കുന്നത് എന്നതിനാൽ കമ്പനിയുടെ മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ സ്റ്റോക്ക് സ്പ്ലിറ്റ് ഒരു മാറ്റവും വരുത്തുന്നില്ല.
പ്രായോഗിക തലത്തിൽ സ്റ്റോക്ക് സ്പ്ലിറ്റ് നടക്കുന്നതെങ്ങനെയാണെന്ന് നോക്കാം. ഓഹരിയൊന്നിന് നിലവിൽ 400 രൂപ മാർക്കറ്റ് വിലയുള്ള ഒരു കമ്പനി അതിന്റെ ഫേസ് വാല്യു 10 രൂപയിൽനിന്ന് 5 രൂപയോ 2 രൂപയോ ഒരു രൂപയോ ആക്കി സ്പ്ലിറ്റ് നടത്തുകയാണെന്നിരിക്കട്ടെ. പ്രസ്തുത കമ്പനിയുടെ 100 ഓഹരികൾ കൈവശം വെച്ചിരിക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം മൂന്നു സന്ദർഭങ്ങളിലും ഓഹരിയുടെ വിലയിലും എണ്ണത്തിലും മറ്റും സംഭവിക്കുന്ന മാറ്റങ്ങൾ എന്താണെന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കുന്നു.