ADVERTISEMENT

കൊച്ചി ∙ തോട്ടങ്ങൾ അങ്ങനെ തന്നെ നിലനിർത്തിയുള്ള വൈവിധ്യവൽകരണത്തിനു സർക്കാർ എതിരല്ലെന്നു മന്ത്രി പി.രാജീവ്. ഭൂപരിഷ്കരണ നിയമ ഭേദഗതി ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായോഗിക പ്രയാസങ്ങൾ ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരളയുടെ (എപികെ) വാർഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തോട്ടവിളകളുടെ ഉൽപ്പാദനച്ചെലവിൽ 2 വർഷത്തിനിടെ, 26% വർധനയുണ്ടായെന്ന് അധ്യക്ഷത വഹിച്ച എപികെ ചെയർമാൻ എസ്.ബി.പ്രഭാകർ പറഞ്ഞ. രാസവളമായ എംഒപിയുടെ വിലയിൽ മാത്രം 120% വർധനയുണ്ടായി. അനിയന്ത്രിതമായ ഇറക്കുമതിക്കൊപ്പം തോട്ടം വിളകൾക്ക് ആഭ്യന്തര, രാജ്യാന്തര വിപണികളിലെ ആവശ്യം കുറഞ്ഞതും  ഉൽപന്നങ്ങളുടെ വില ഇടിയാൻ കാരണമായി. ഉൽപാദനച്ചെലവിനെക്കാൾ താഴെയാണു കർഷകർ ഉൽപന്നങ്ങൾ വിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

വേതന പരിഷ്കരണ ചർച്ചകളിൽ തോട്ടം വ്യവസായത്തിന്റെ സാമ്പത്തിക ശേഷി കൂടി പരിഗണിക്കണമെന്നും ഉൽപാദനക്ഷമതയുമായി താരതമ്യപ്പെടുത്തി മാത്രമേ വേതന വ്യവസ്ഥ നിശ്ചയിക്കാവൂ എന്നും യോഗം സർക്കാരിനോട് അഭ്യർഥിച്ചു. കെഎൽആർ നിയമത്തിലും ഭൂവിനിയോഗ ഉത്തരവിലും ഉചിതമായ ഭേദഗതി വരുത്തണം. ദീർഘകാല കാലാവസ്ഥാ റിസ്ക് മാനേജ്മെന്റ് നയം രൂപീകരിക്കുന്നതിനു സർക്കാർ ഉപദേശക സമിതി രൂപീകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. 

ഉപാസി പ്രസിഡന്റ് ജെഫ്രി റിബല്ലോ, എപികെ വൈസ് ചെയർമാൻ എ.കെ.ജലീൽ, സെക്രട്ടറി ബി.കെ അജിത് എന്നിവർ പ്രസംഗിച്ചു. മുംബൈ ടാറ്റ ട്രസ്റ്റ്സ് ട്രസ്റ്റി ആർ.കെ. കൃഷ്ണകുമാറിനു സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും സൃഷ്ടി വെൽഫെയർ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി രത്‌ന കൃഷ്ണകുമാറിനു പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

തോട്ടം തൊഴിലാളികളുടെ മക്കൾക്കുള്ള പ്ലാറ്റിനം ജൂബിലി സ്കോളർഷിപ്പുകളും സമ്മാനിച്ചു. സാങ്കേതിക സെഷൻ ജെഫ്രി റിബല്ലോ ഉദ്ഘാടനം ചെയ്തു. ദേശീയ ടൂറിസം ഉപദേശക സമിതിയംഗം ജോസ് ഡൊമിനിക്, തോമസ് ജോസഫ്, വാഞ്ചീശ്വരൻ, അജിത് മത്തായി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com