നിഫ്റ്റിയും റെക്കോർഡിൽ; ഓഹരി വിപണിക്ക് ഊർജം

HIGHLIGHTS
  • എണ്ണ വില താഴുന്നതും വിദേശ നിക്ഷേപ പ്രവാഹവും ഓഹരി വിപണിക്ക് ഊർജം
business
SHARE

കൊച്ചി ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓഹരി വില സൂചിക നിഫ്റ്റിയും സർവകാല ഔന്നത്യത്തിൽ. കഴിഞ്ഞ ഒക്ടോബർ 19നു 18,604 പോയിന്റിൽ കൈവരിച്ച റെക്കോർഡ് മറികടന്നുകൊണ്ടാണു നിഫ്റ്റി പുതിയ ഉയരം കുറിച്ചിരിക്കുന്നത്. സർവകാല ഔന്നത്യം നിലനിർത്താനായില്ലെങ്കിലും വ്യാപാരാവസാനത്തിലെ നിരക്ക് റെക്കോർഡാണ്. 18,562.75  പോയിന്റിലായിരുന്നു ‘ക്ളോസിങ്’.

മുൻ റെക്കോർഡ് മറികടക്കാൻ വേണ്ടിവന്നത് 275 വ്യാപാര ദിനങ്ങൾ മാത്രം. നിഫ്റ്റിയുടെ ജൈത്രയാത്രയ്ക്കിടയിൽ പല ഓഹരികളുടെയും വില റെക്കോർഡിലേക്ക് ഉയർന്നു.എന്നാൽ ചില്ലറ നിക്ഷേപകരിൽ ബഹുഭൂരിപക്ഷത്തിന്റെയും കൈവശമുള്ള ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിൽ ആനുപാതിക വർധനയുണ്ടായിട്ടില്ല. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എന്നു മുമ്പ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ബിഎസ്ഇയുടെ ഓഹരി വില സൂചികയായ സെൻസെക്സ് കഴിഞ്ഞ ആഴ്ചതന്നെ സർവകാല ഔന്നത്യം കൈവരിച്ചിരുന്നു.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 62,504.80 പോയിന്റിൽ സെൻസെക്സ് നേടിയത് ‘ക്ളോസിങ്’ റെക്കോർഡ്. സെൻസെക്സിന്റെ മുന്നേറ്റത്തിനെന്നപോലെ നിഫ്റ്റിയുടെ കുതിപ്പിനും തുണയായതു വിദേശത്തുനിന്ന് ഓഹരി വിപണിയിലേക്കുള്ള പണപ്രവാഹമാണ്.രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില 80 യുഎസ് ഡോളറിനടുത്തേക്കു താഴ്ന്നതും നിഫ്റ്റിയെ ഉയർത്താൻ പ്രേരണയായി.

അതിനിടെ, 2023 ഡിസംബറോടെ സെൻസെക്സ് 80,000 പോയിന്റ്ിലേക്കു വരെ എത്തിയേക്കാമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിച്ചിരിക്കുന്നു. ഇതു വിപണിക്കു വലിയ പ്രതീക്ഷയാണു സമ്മാനിക്കുന്നത്. ആഗോള കടപ്പത്ര സൂചികയിൽ ഇന്ത്യയ്ക്ക് ഇടം നേടാനായാൽ 2000 കോടി യുഎസ് ഡോളറിന്റെ (ഏകദേശം 1,65,000 കോടി രൂപ) നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണു പ്രവചനം.

English Summary: national stock exchange nifty at all time high

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS