ADVERTISEMENT

ഐടിയിൽ നമ്മൾ ഇങ്ങനെ സായിപ്പിന്റെ കമ്പനികൾക്ക് പലവിധ സേവനങ്ങളും ചെയ്തുകൊണ്ടിരുന്നാൽ മതിയോ, നമ്മുടേതായ ഗൂഗിളും ആപ്പിളും മറ്റും ഉണ്ടാക്കിയെടുക്കേണ്ടേ...???

ഇങ്ങനെയൊരു ചോദ്യം കാലാകാലങ്ങളായി അന്തരീക്ഷത്തിൽ കറങ്ങി നടക്കുന്നുണ്ട്. ഐടി സർവീസ് മാറി നമ്മുടെ ഐടി പ്രോഡക്ട് കമ്പനികൾ വന്ന് ലോകം കീഴടക്കണമെന്നാണ് ആഗ്രഹം. ഏത് ഐടി സമ്മേളനത്തിലും ‘വെല്യ പുള്ളികൾ’ വന്ന് ഇതൊക്കെ തട്ടിവിടും. എന്നാൽ പിന്നെ ഐടി സർവീസ് നിർത്തിയേക്കാം എന്നു വിചാരിക്കാനൊക്കില്ല.  ഇന്ത്യയിലാകെ 51 ലക്ഷം ടെക്കികൾക്കു പണി കിട്ടുന്നതാണേ...വർഷം തോറും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ. 

ഐടി ഉൽപന്നങ്ങളുടെ വഴിയിലേക്കു തന്നെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലാകെ മുക്കാൽ ലക്ഷം സ്റ്റാർട്ടപ് കമ്പനികളുമുണ്ട്. കേരളത്തിൽനിന്ന് നാലായിരത്തോളം. അവയിൽ ചിലതിൽ മുതലിറക്കി അവയുടെ മൂല്യം 100 കോടി ഡോളർ കവിഞ്ഞതോടെ യൂണികോൺ എന്ന പേര് സമ്പാദിച്ചിട്ടുണ്ട്. അങ്ങനെ 108 യൂണികോണുകൾ ഇന്ത്യയിലുണ്ട്.

പക്ഷേ ഇപ്പോഴും ഇന്ത്യയിലെ കാപിറ്റലിസ്റ്റുകൾ സ്റ്റാർട്ടപ്പുകളിൽ മുതൽ ഇറക്കാൻ മടിക്കുകയാണ്. പുതിയ ‘അസറ്റ് ക്ളാസ്’ ആയിട്ട് അതിനെ കാണുന്നവർ ചുരുക്കം. മീശ മുളയ്ക്കാത്ത പിള്ളേരുടെ പിച്ചിങ് കേട്ടിട്ട് നിക്ഷേപം നടത്താൻ മടി. ചെക്കൻമാരുടെ പിച്ചും നുള്ളും ഉള്ളതാണോ പൊള്ളയാണോ എന്നു തീർച്ചപ്പെടുത്താനും വയ്യ. അതിനാൽ കഴിഞ്ഞ 7 വർഷത്തിനിടെ ഇന്ത്യൻ സ്റ്റാർട്ടപുകളിലേക്ക് ഒഴുകി എത്തിയ 11200 കോടി ഡോളറിന്റെ 10% മാത്രമേ ഇന്ത്യാക്കാരുടേത് വരൂ. ബാക്കി സായിപ്പ് ഇറക്കിയതാണ്.

അമേരിക്ക എന്തുകൊണ്ട് ഐടി കളിയിൽ ലോക ചാംപ്യനായി നിൽക്കുന്നു? ഗൂഗിളും ആപ്പിളും ഫെയ്സ്ബുക്കും ആമസോണും നെറ്റ്ഫ്ളിക്സും ഊബറും ഓറക്കിളും മൈക്രോസോഫ്റ്റും...ശ്ശെടാ ഏതെടുത്താലും അമേരിക്കൻ കമ്പനികൾ. യൂറോപ്പിൽനിന്നു പോലും സാപ് ഒഴികെ കാര്യമായ പ്രോഡക്ട് കമ്പനികളില്ല. ടെൻസെന്റും അലിബാബയും പോലെ ചൈനയിൽ നിന്നു പിന്നെയുമുണ്ട്.

ഇന്ത്യയിൽ നിന്നൊരു കമ്പനിയുടെ ഡിജിറ്റൽ ഉത്പന്നം ലോകമാകെ ഉപയോഗിക്കുന്ന കാലം എന്നു വരും? ഐബിഎസും സൺടെക്കും പോലുള്ള കേരള കമ്പനികളുടെ വ്യോമയാന സോഫ്റ്റ്‌വെയറും ബാങ്കിങ് സോഫ്റ്റ്‌വെയറും അതത് രംഗങ്ങളിൽ കുറേയൊക്കെ ഉപയോഗിക്കുന്നുണ്ട്. അതിനപ്പുറം പോകണമെങ്കിൽ റിസ്ക്ക് കാപിറ്റൽ വൻതോതിൽ വേണം. ഇന്ത്യയ്ക്കകത്തെ വിപണിയും വലുതാകണം. ഇതിലൊക്കെ അമേരിക്ക ഒന്നാംനമ്പറാണ്. അവർ കഴിഞ്ഞ നൂറ്റാണ്ടിൽ സിലിക്കൺ വാലിയിൽനിന്നു തുടങ്ങിയതാണേ. അന്തവും കുന്തവുമില്ലാതെ മൂലധനവുമുണ്ട്.

നമ്മൾ തുടങ്ങിയിട്ട് 10 കൊല്ലം പോലും ആയിട്ടില്ല. നമ്മുടെ മാവും പൂക്കുമായിരിക്കും.

 

ഒടുവിലാൻ∙ഐടി മൂത്ത് ബെംഗളൂരു കൈവിട്ടുപോയി. ട്രാഫിക് കുരുക്കിൽപ്പെടുന്ന ബെംഗളൂരുവിലെ പഴമക്കാർ മനസ്സിൽ പറയുന്നുണ്ട്–ഐടിയെ വേറെവിടെങ്കിലും കൊണ്ടുപോ, ഞങ്ങളുടെ പഴയ മനോഹര നഗരത്തെ തിരികെത്താ...

English Summary: Let's catch the tiger

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com