ADVERTISEMENT

കോഴിക്കോട്∙ ഇക്കോ ടൂറിസത്തിന്റെ േപരിൽ വനഭൂമിയിൽ അശാസ്ത്രീയമായി നടക്കുന്ന വിനോദ സഞ്ചാര, നിർമാണ പ്രവർത്തനങ്ങൾക്ക് തടയിടാൻ വനം വകുപ്പ്. പത്താം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ കൂടി ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇതിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കാൻ വനം വകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ പുനർവിന്യാസത്തിന് ഉൾപ്പെടെ രൂപ രേഖ തയാറാക്കാൻ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ കെ.കെ.സുനിൽ കുമാറിനെ സ്പെഷൽ ഓഫിസറായി നിയമിച്ചു.

വനം വകുപ്പിന്റെ സ്ഥലത്ത് ടൂറിസം ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികൾ രണ്ടു വകുപ്പുകൾക്കു കീഴിലാണ് ഇപ്പോൾ. വകുപ്പുകളുടെ ഏകോപനമാണ് പ്രധാന ലക്ഷ്യം. നിലവിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വന സമിതികൾ, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികൾ എന്നിവ ഡയറക്ടറേറ്റിനു കീഴിലാക്കും. സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് ഇപ്പോൾ കാര്യമായ ജോലി ഇല്ലാത്തതിനാൽ ഇവിടെയുള്ള ജീവനക്കാരെ പുനർവിന്യസിക്കും.

വാഴച്ചാൽ ഭാഗത്തെ ഇക്കോ ടൂറിസം പദ്ധതികൾക്കായി 14.75 കോടി രൂപയുടെ ശുപാർശ സംബന്ധിച്ച് വനം മേധാവി ബെന്നിച്ചൻ തോമസും ഡിഎഫ്ഒയും തമ്മിൽ ഓൺലൈൻ യോഗത്തിനിടെ പരസ്യമായ തർക്കം ഉണ്ടായതിനു പിന്നാലെയാണ് ഡയറക്ടറേറ്റ് രൂപീകരണ നീക്കം ചൂടുപിടിച്ചത്. ഇക്കോ ടൂറിസത്തിന്റെ അന്തസ്സത്ത തന്നെ ചോദ്യം ചെയ്യുന്ന പദ്ധതിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് വനം മേധാവി ശുപാർശ തള്ളിയത്. 

നൈറ്റ് ലൈഫ് ടൂറിസം പദ്ധതി കനകക്കുന്ന് വളപ്പിൽ; ഭരണാനുമതി

തിരുവനന്തപുരം ∙ വിദേശ, ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ ഉള്ള നൈറ്റ് ലൈഫ് ടൂറിസം പദ്ധതി തിരുവനന്തപുരം കനകക്കുന്ന് വളപ്പിൽ നടപ്പാക്കാൻ 2.63 കോടി രൂപയുടെ ഭരണാനുമതിയായി എന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ബീച്ച് ടൂറിസത്തെ മികച്ചതാക്കാൻ കോഴിക്കോട് ബേപ്പൂരിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിജ് എട്ടു ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിൽ സ്ഥാപിക്കും. ബീച്ചുകളിൽ അഡ്വഞ്ചർ ടൂറിസവും ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചു വരുന്നു. ബ്രിട്ടനിൽ നിന്നു കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഇ – വീസ അനുവദിക്കാനുള്ള പ്രതിസന്ധി മാറി. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ മറ്റു രാജ്യങ്ങളിൽക്കൂടി ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ചു വരികയാണ്. ലണ്ടനിൽ രൂപീകരിച്ചിട്ടുണ്ട്. വനിതാ സംരംഭകർ, വനിതാ ‍ടൂർ ഓപ്പറേറ്റർമാർ മാത്രമുള്ള ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവ അടുത്ത വർഷം സാധ്യമാക്കും. വനിതകൾക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ പ്രത്യേക മുറി അനുവദിക്കുന്നതു പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com