ADVERTISEMENT

ന്യൂഡൽഹി∙ അവധിക്കാലത്ത് നാട്ടിലെത്തുകയെന്നത് മറുനാട്ടിലുള്ള ഏതു മലയാളിയുടെയും ആഗ്രഹമാണ്. എന്നാൽ റോക്കറ്റ് പോലെ കുതിച്ചുയരുന്ന വിമാന നിരക്കും ട്രെയിനുകളുടെ കുറവും ആ ആഗ്രഹത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്നു. കോവിഡിനു ശേഷം നിയന്ത്രണങ്ങൾ പൂർണമായും ഒഴിവായ ശേഷമുള്ള ആദ്യ അവധിക്കാലമാണിത്. കുടുംബമായുള്ള വിമാനയാത്രയ്ക്ക് വൻ തുകയാകും എന്നതിനാൽ യാത്രാമോഹം ഉപേക്ഷിച്ച് മറുനാട്ടിൽ തന്നെ തുടരുന്ന ഒട്ടേറെ മലയാളികളുമുണ്ട്. മിക്ക പ്രധാന നഗരങ്ങളിൽ നിന്നും ട്രെയിൻ ടിക്കറ്റുകൾ കിട്ടാനുമില്ല. കേരളത്തിൽനിന്ന് ഡൽഹി പോലെയുള്ള സ്ഥലങ്ങളിൽ വന്നു പഠിക്കുന്ന കുട്ടികളും  പ്രതിസന്ധിയിലാണ്. 

വിമാനം

ഡിസംബർ 23ന് കേരളത്തിലേക്കു പോകാനായി 4 നഗരങ്ങളിൽ നിന്ന് ഇന്നലെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ കണ്ട നിരക്കുകൾ ഇങ്ങനെ. നേരിട്ടുള്ള നോൺ–സ്റ്റോപ് ഫ്ലൈറ്റുകളാണ് ഇവ. വിമാനനിരക്ക് ലഭ്യമാക്കുന്ന ഗൂഗിൾ ഫ്ലൈറ്റ്സ് പ്ലാറ്റ്ഫോമിലെ നിരക്കുകൾ.

(ഡിസംബർ 23ലേക്കുള്ള നിരക്ക് രൂപയിൽ, ബ്രാക്കറ്റിൽ കുറഞ്ഞ ശരാശരി നിരക്ക്)

ഡൽഹി

∙ തിരുവനന്തപുരം:21,085–29,581 (9,100–13,000)
∙ കൊച്ചി: 22,285–28,558 (8,700–14,000)
∙ കോഴിക്കോട്: 19,730 (6,600–15,000)
∙ കണ്ണൂർ: ടിക്കറ്റ് ലഭ്യമല്ല (8,600–11,500)

മുംബൈ

∙ തിരുവനന്തപുരം:19,068–25,001 (5,800–10,500 രൂപ)
∙ കൊച്ചി: 11,718–39,999 (5,900–12,000 രൂപ)
∙ കോഴിക്കോട്: 17,283–18,002 (5,000–6,200)
∙ കണ്ണൂർ: 15,900 രൂപ (3,400–7,200)

ബെംഗളൂരു

∙ തിരുവനന്തപുരം:16,700–17,100 (4,500–6,000)
∙ കൊച്ചി: 11,700– 14,500 (2,400–3,800)
∙ കോഴിക്കോട്: 9,100–10,000 (5,000–7,500)
∙ കണ്ണൂർ: 17,000–17,239 (4,200–6,700)

ചെന്നൈ

∙ തിരുവനന്തപുരം:12,650–14,129 (5,000–7,900)‌
∙ കൊച്ചി: 11,818–18,036 (3,950–8,500)
∙ കോഴിക്കോട്: 6,989–14,729 (4,300–5,900)
∙ കണ്ണൂർ: 14,023 (5,500–9,900)

ട്രെയിൻ

ബെംഗളൂരു

കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ 4 മാസം മുൻപേ തീർന്നു. തെക്കൻ കേരളത്തിലേക്ക് കെഎസ്ആർ–ബെംഗളൂരു കന്യാകുമാരി എക്സ്പ്രസും മൈസൂരു–കൊച്ചുവേളി എക്സ്പ്രസും കെഎസ്ആർ ബെംഗളൂരു– എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസുമാണ് പ്രതിദിന ട്രെയിനുകൾ. 4 പ്രതിവാര, ദ്വൈവാര ട്രെയിനുകൾ ഉണ്ടെങ്കിലും തിരക്കുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസില്ല.  മലബാറിലേക്ക് യശ്വന്ത്പുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസും കെഎസ്ആർ ബെംഗളൂരു–കണ്ണൂർ (മംഗളൂരു വഴി) എക്സ്പ്രസുമാണ് പതിവ് സർവീസുകൾ. അവസാന നിമിഷം അനുവദിക്കുന്ന സ്പെഷൽ ട്രെയിനുകൾ യാത്രക്കാർക്ക് കാര്യമായി ഉപകരിക്കുന്നില്ല.

ചെന്നൈ

തിരുവനന്തപുരം ഭാഗത്തേക്ക് പാലക്കാട് വഴി ദിവസേന 2 ട്രെയിനുകൾ മാത്രം. മറ്റു രണ്ടു ട്രെയിനുകൾ മധുര, തിരുച്ചിറപ്പള്ളി വഴി. വടക്കൻ കേരളത്തിലേക്ക് പാലക്കാട് വഴി ദിവസേന മൂന്നു ട്രെയിനുകൾ. എന്നാൽ സമയസൗകര്യം കണക്കിലെടുക്കുമ്പോൾ യാത്രക്കാർക്ക് കാര്യമായ പ്രയോജനമുള്ളത് ഒരു ട്രെയിൻ മാത്രം. എല്ലാ ട്രെയിനുകളിലും  റിസർവേഷൻ മാസങ്ങൾക്കു മുൻപേ കഴിഞ്ഞു.

മുംബൈ

ഒരു ട്രെയിനിലും കൺഫേംഡ് ടിക്കറ്റ് ഇല്ല. നേരത്തെ ശീതകാല സ്പെഷൽ ട്രെയിനുകൾ ഏതാനും വർഷങ്ങളായി ഇല്ല. ശബരിമല യാത്രികരും, ടൂറിസം സീസൺ തുടങ്ങിയതിനാൽ വിനോദസഞ്ചാരികളും കേരളത്തിലേക്കു ടിക്കറ്റില്ലാതെ വലയുകയാണ്. 

ഡൽഹി

അവധിക്കാലത്തേക്ക് ടിക്കറ്റ് ലഭ്യമല്ല. കേരളത്തിലേക്ക് പ്രതിദിനമുള്ളത് രണ്ടേ രണ്ടു ട്രെയിനുകൾ. ഇതിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എറണാകുളം വരെയാണ്. തിരുവനന്തപുരം വരെയുള്ളത് കേരള എക്സ്പ്രസും. ബാക്കിയുള്ളതെല്ലാം പ്രതിവാര ട്രെയിനുകളാണ്. 

ബസ്

ചെന്നൈ

കോഴിക്കോട് ഭാഗത്തേക്ക് കെഎസ്ആർടിസി സർവീസ് ഇല്ല. കൂടിയ ബസ് നിരക്കും കെഎസ്ആർടിസിയുടെ അഭാവവും യാത്രക്കാർക്കു സമ്മാനിക്കുന്നത് ഗുരുതരമായ യാത്രാദുരിതം.
സ്വകാര്യ ബസ് നിരക്ക് (ഡിസംബർ 23):
∙ തിരുവനന്തപുരം: 2,500-4,700 രൂപ
∙ എറണാകുളം: 3,500–5,000 രൂപ
∙ കോഴിക്കോട്: 2,500–4,000 രൂപ

ബെംഗളൂരു

കേരള ആർടിസി 20 മുതൽ 24 വരെ പ്രതിദിനം 10 സ്പെഷൽ ബസുകൾ. തിരക്കുള്ള 22നും 23നും 18 സർവീസുകൾ. ശബരിമല സീസൺ കാരണം കൂടുതൽ ബസുകൾ ലഭിക്കുന്നില്ല. കർണാടക ആർടിസി 22നും 23നും മാത്രം കേരളത്തിലേക്ക് 42 സ്പെഷൽ ബസുകൾ ഓടിക്കും.
സ്വകാര്യ ബസ് നിരക്ക് (ഡിസംബർ 23):
∙ തിരുവനന്തപുരം: 3900- 5500 രൂപ
∙ കൊച്ചി: 3300– 5000 രൂപ
∙ കോഴിക്കോട്: 2000–3000 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com