ADVERTISEMENT

ന്യൂഡൽഹി∙ ഓൺലൈൻ വിപണിയിൽ വൻകിട കമ്പനികൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പരിധി വിട്ട ഡിസ്കൗണ്ട് നൽകുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാർലമെന്റിന്റെ സ്ഥിരം സമിതി. ചില ഉൽപന്നങ്ങളുടെ വില ഉൽപാദനച്ചെലവിനെക്കാൾ താഴേക്ക് ഇടിക്കാൻ ഇത്തരം പ്രവണതകൾ വഴിവയ്ക്കുന്നു. മറ്റ് ചെറുകിട സ്ഥാപനങ്ങൾക്കും ഓൺലൈൻ കമ്പനികൾക്കും വിപണിയിൽ മത്സരിക്കാനുള്ള സാധ്യത പോലും ഇവയില്ലാതാക്കുന്നുവെന്ന് സമിതി വിലയിരുത്തി.

ഫെയ്സ്ബുക്, ഗൂഗിൾ പോലെയുള്ള വൻകിട ടെക് കമ്പനികളുടെ പരസ്യ ബിസിനസ് കുത്തക ഭീഷണി സൃഷ്ടിക്കുന്നതാണ്. വിപണിയിൽ വമ്പൻ ടെക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കാനായി ഡിജിറ്റൽ കോംപറ്റീഷൻ നിയമം വേണമെന്നതടക്കമുള്ള ശുപാർശകളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. ജയന്ത് സിൻഹ എംപി അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശകൾ. ഡിജിറ്റൽ മേഖലയിൽ കുറഞ്ഞ സമയം കൊണ്ട് ഒന്നോ രണ്ടോ വമ്പൻ കമ്പനികൾ വിപണി കീഴടക്കുന്ന അവസ്ഥ തടയാനായി മുൻകൂർ നടപടികൾ വേണം. നിലവിൽ കമ്പനികൾ പടർന്ന് പന്തലിച്ച ശേഷമാണ് നിയന്ത്രണങ്ങൾക്ക് ശ്രമിക്കുന്നത്.

പരസ്യവരുമാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വാർത്താ മാധ്യമങ്ങൾക്ക് ബിഗ് ടെക് കമ്പനികളുമായി നീതിയുക്തവും സുതാര്യവുമായ തരത്തിൽ കരാറിൽ ഏർപ്പെടാൻ ചട്ടങ്ങൾ വേണം.വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ പുതിയ ‍ഡിജിറ്റൽ ഇന്ത്യ നിയമത്തിൽ ഉൾപ്പെടുത്താനിരിക്കെയാണ് പാർലമെന്റ് സമിതിയുടെ നിർദേശം. 

സമിതിയുടെ കണ്ടെത്തലുകൾ

 ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വിൽക്കുന്ന സെല്ലർമാർക്ക് അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും മറ്റ് സൈറ്റുകൾ വഴിയോ സ്വന്തം ഇ–കൊമേഴ്സ് സംവിധാനത്തിലൂടെയോ വ്യത്യസ്തമായ വിലയ്ക്ക് വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനാവില്ല. 

 ബിഗ് ടെക് പ്ലാറ്റ്ഫോമുകൾ അവരുടെ സ്വന്തം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകാൻ പാടില്ല.

 ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കിൽ അവരുടെ അനുബന്ധ സേവനങ്ങൾ കൂടി നിർബന്ധമായും ഉപയോഗിക്കണമെന്ന വ്യവസ്ഥ പാടില്ല.

 ഗൂഗിൾ പോലെയുള്ള സേർച് എൻജിൻ സേവനങ്ങളിൽ നിശ്ചിത വ്യക്തിക്കോ ബ്രാൻഡിനോ ആനുപാതികമല്ലാത്ത മുൻഗണന നൽകാൻ പാടില്ല.

 ഒരു ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിനെ 'ഡീഫോൾട്ട്' (ഒരു സേവനം ഉപയോഗിക്കാൻ ഒരു ആപ്പിനെ നിശ്ചയിക്കുന്ന രീതി) ആക്കണോയെന്ന് ഉപയോക്താവിനോട് ചോദിക്കാറുണ്ട്. ഈ നടപടി ആൻഡ്രോയ്ഡ് പോലെയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിന് വിലക്കാനാവില്ല.

 ഒരു നിശ്ചിത ബിഗ് ടെക് കമ്പനിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റൊരു ചെറിയ കമ്പനിയുണ്ടെന്നു കരുതുക. ബിഗ് ടെക് കമ്പനികൾ ചെറിയ കമ്പനിയുടെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഓൺലൈൻ പരസ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല.

 വൻകിട ടെക് കമ്പനികൾ പരസ്യദാതാക്കൾക്ക് ദിവസേന സുതാര്യമായ വിവരം നൽകണം. ഇതിൽ പ്രസാധകന് എത്ര പണം നൽകിയെന്നും വ്യക്തമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com