ADVERTISEMENT

കൊച്ചി∙ കായലിലേക്കു നോക്കി കൈകൾ മേലോട്ടുയർത്തി ടോനിനോ ലംബോർഗിനി പറഞ്ഞു; ‘‘ഇന്ത്യയിൽ പല നാടുകളിലും ഞാൻ പോയിട്ടുണ്ട്. പക്ഷേ കേരളം ഹൈ ലവൽ. മനോഹരം മാത്രമല്ല എക്സ്ക്ലൂസീവ്...ഇറ്റലി പോലെ.’’ ലോകത്ത് വളരെ കുറച്ചു പേർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്ന തരം ‘ഹൈ ലവൽ’ കാറുകളുടെയും ആ‍ഡംബര ഉൽപന്നങ്ങളുടെയും സ്ഥാപക കമ്പനി ഉടമയാണ് ടോനിനോ ലംബോർഗിനി. കാറുകളുടെ ഉൽപാദനം ഇപ്പോൾ ലംബോർഗിനി കുടുംബത്തിന് അല്ലെങ്കിലും ആ പേരിലുള്ള ബ്രാൻഡ് തുടരുന്നു. വാച്ച്, മൊബൈൽഫോൺ, സൺഗ്ലാസ്, ബാഗുകൾ, വസ്ത്രങ്ങൾ ബുട്ടീക് ഹോട്ടലുകൾ തുടങ്ങി അത്യാ‍‍ഡംബര മേഖലയിലാണ് ലംബോർഗിനി കുടുംബത്തിന്റെ ബിസിനസ്. 

ദുബായിൽ ലംബോർഗിനിയുടെ ബ്രാൻഡ് അംബാസഡറും ടൈം വേൾഡ് ഗ്രൂപ്പ് എംഡിയുമായ ഉസ്മാൻ റഹ്മാനോടൊപ്പം തൃശൂരും കലാമണ്ഡലവും സന്ദർശിച്ച് കൊച്ചി കായലിൽ ബോട്ട് സവാരിയും നടത്തി പങ്കാളി ആഞ്ചലയ്ക്കൊപ്പം മൂന്നാറിലേക്കു പോകാൻ ഒരുങ്ങവെ ടോനിനോ മനോരമയോടു സംസാരിക്കുന്നു:

ഇറ്റലിയിലും ഒരുപാട് കായലും കനാലുമില്ലേ? പിന്നെ ഇവിടെ എന്ത് കാണാൻ?

ഇറ്റലിയിൽ നിന്ന് വ്യത്യസ്തമാണ് കേരളം. പ്രത്യേക അന്തരീക്ഷവും അനുഭവവുമാണിവിടെ. നമ്മുടെ മനസ്സിന്റെ ലഘുവായ തലങ്ങളെ മോഹിപ്പിക്കുന്ന സ്ഥലം.

എന്നാൽ പിന്നെ ഇവിടെ ലംബോർഗിനി നിക്ഷേപം നടത്തിക്കൂടെ?

ഇവിടത്തെ രീതികൾ അറിയാവുന്ന, പറ്റിയ ബിസിനസ് പങ്കാളിയെ കിട്ടണം. പണം മുടക്കൽ മാത്രമല്ലല്ലോ ബിസിനസ്. ആഡംബര ഉൽപന്നങ്ങളുടെ നിർമാണത്തിന് വൻ തോതിൽ നിക്ഷേപം വേണം. മാത്രമല്ല അത്തരം ഉൽപന്നങ്ങൾ നിർമിച്ചു പരിചയമുള്ള ഇറ്റാലിയൻ ജീവനക്കാർ വേണം. പക്ഷേ കേരളം ബുട്ടീക് ഹോട്ടലുകളോ റിസോർട്ടോ, ആഡംബര പാർപ്പിടമോ നിർമിക്കാൻ പറ്റിയ സ്ഥലമാണ്. 

ലംബോർഗിനി  ഉൽപന്നങ്ങൾ കേരളത്തിൽ കണ്ടോ.

ഒരു ലംബോർഗിനി കാർ കണ്ടു. സൂര്യൻ കത്തി നിൽക്കുന്ന നാടായതിനാൽ അൾട്രാവയലറ്റ് രശ്മികൾ തടയുന്ന സൺഗ്ലാസിന് കേരളത്തിൽ നല്ല വിപണിയുണ്ട്. കോഫി, എനർജി ഡ്രിങ്ക്, ജിൻ,വോഡ്ക മുതലായ ലംബോർഗിനി ഉൽപന്നങ്ങൾക്ക് കേരളത്തിൽ വിതരണക്കാരുണ്ട്.  

ഇറ്റലിയിലും ബിസിനസ് ഭൂരിപക്ഷവും ഇന്ത്യയിലെപ്പോലെ കുടുംബങ്ങളിലൂടെ കൈമാറുകയല്ലേ?

അതെ പക്ഷേ അവിടെ ഇടത്തരം കുടുംബങ്ങളാണ് ഭൂരിപക്ഷവും. തലമുറകളിലേക്കു ബിസിനസ് കൈമാറുന്നു. ഇന്ത്യയിൽ ബിസിനസ് കുടുംബങ്ങളുടെ എണ്ണവും സമ്പത്തും അവിടത്തെക്കാൾ കൂടുതലാണ്.

ലംബോർഗിനി ബിസിനസ് മകൻ ഫെറൂച്ചിയിലേക്കും, അടുത്ത തലമുറയിലേക്കും കടക്കുകയല്ലേ?

അവൻ ന്യൂജൻ ബിസിനസുകാരനാണ്. മലിനീകരണം കുറച്ച് പ്രകൃതി സംരക്ഷണത്തിലാണു താൽപര്യം. ഇലക്ട്രിക് വാഹനങ്ങളുണ്ടാക്കുന്നു. പുണെയിൽ കൈനെറ്റിക്കുമായി ചേർന്ന് ബാറ്ററിയിലോടുന്ന സ്കൂട്ടറും ഗോൾഫ് കാർട്ടും നിർമിക്കുന്നു.

പീറ്റ്സ ഇറ്റാലിയൻ വിഭവമായിട്ടും ലോകം മുഴുവൻ അത് വിറ്റു മുതലാക്കുന്നത് അമേരിക്കൻ കമ്പനികളായത് എന്തുകൊണ്ട്.

അമേരിക്കൻ സാധനം പീറ്റ്സയാണോ? അതു വെറും ബർഗർ പീറ്റ്സ. ഇറ്റലിയിൽ വരണം യഥാർഥ പീറ്റ്സ കഴിക്കാൻ. 

കേരള ഭക്ഷണം കഴിച്ചു നോക്കിയോ?

ഉഗ്രൻ! എനിക്ക് മസാല (സ്പൈസി) ഭക്ഷണം ഇഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com